ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ ഉണ്ടാക്കി, മകളെ മുറിയില്‍ അടച്ചിടേണ്ടി വരുന്ന ഒരമ്മ ; കണ്ണ് നിറയാതെ കാണാനാവില്ല ഈ അമ്മയുടെ ജീവിതം

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട ചില പ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വന്നിരുന്നു. 2001 ല്‍ ആ പ്രദേശത്തെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു. 2001 ഫെബ്രുവരി 28നാണ് കാസര്‍ഗോഡുനിന്നും ആദ്യത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അന്വേഷണം നടത്തി. കാസര്‍കോഡുള്ള വിവിധ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായതിനെത്തുടര്‍ന്ന് ഈ കീടനാശിനിയുടെ ഉത്പാദനവും വില്‍പനയും ഉപയോഗവും സംബന്ധിച്ച് വിവിധ കോടതികളില്‍നിന്നായി വിവിധ വിധികള്‍ ഉണ്ടായിട്ടുണ്ട്.

2011 മെയ് 13 ന് സുപ്രീം കോടതി നടത്തിയ വിധി ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ പ്രമുഖ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് 2011 മെയ് 13 മുതല്‍ എട്ടാഴ്ചത്തേക്ക് എന്‍ഡോസള്‍ഫാന്‍ വില്‍പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചുകൊണ്ടുള്ള വിധി വന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 6525പേരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായി ഇന്നും കാസര്‍ഗോഡുള്ളത്. ഇപ്പോഴിതാ എന്‍ഡോ സള്‍ഫാന്‍ ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മ പറയുന്ന കഥയാണിത്.കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ ഉണ്ടാക്കി മകളെ മുറിയില്‍ അടച്ചിടേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ തീര്‍ത്തും വേദനാജനകമാണ്. കാസര്‍കോഡ് വിദ്യാനഗറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 20 വയസുകാരിയായ മകള്‍ അഞ്ജലിയുടെ മാനസിക നില തെറ്റുമ്പോള്‍ നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് അമ്മ രാജേശ്വരിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയായിട്ട് നിരവധി കുട്ടികള്‍ വേറെയുമുണ്ട്. അതില്‍ ഒരു കുട്ടിമാത്രമാണ് അഞ്ജലി. ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറുതായിരുന്നപ്പോള്‍ അമ്മയ്ക്ക് പിടിച്ച് നിര്‍ത്താനാകുമായിരുന്നു. എന്നാല്‍ വലുതായ അഞ്ജലിയെ നോക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. കാരണം അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കുകയും ആരെയും കിട്ടിയില്ലെങ്കില്‍ സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കുകയും ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയുകയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യും. കയ്യിലെ കറുത്ത പാടുകളെല്ലാം അവള്‍ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന് രാജേശ്വരി പറഞ്ഞു.

കുളിപ്പിക്കാനും ബാത്തറൂമില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെ പുറത്തേക്ക് തന്റെ സഹായത്തടെ കൊണ്ട് വരും. കുളിപ്പിക്കിക്കുമ്പോള്‍ പലതവണ എന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും പലതവണ താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്നും അഞ്ജലിയുടെ അമ്മ പറയുന്നു.അഞ്ജലി ഇപ്പോള്‍ കഴിക്കുന്ന മരുന്ന് ബംഗ്ലൂരുവില്‍ നിന്ന് കൊണ്ടുവരുന്നതാണ്. മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷം കുറച്ച് ആശ്വാസമുണ്ടെന്നും അമ്മ പറയുന്നു. 1700 രൂപ പെന്‍ഷനും പിന്നെ വികലാംഗ പെന്‍ഷനും മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ഇവര്‍ താമസിക്കുന്നത് അഞ്ജലിയുടെ അമ്മാവന്റെ വീട്ടിലാണ്. ഇവര്‍ക്ക് സ്വന്തമായി വീടില്ല. സര്‍ക്കാര്‍ മൂന്ന് സെന്റ് അനുവദിച്ചിട്ടുണ്ടെങ്കിലും ചെറിയ വീട് വെക്കാനുള്ള വരുമാനം ഇവര്‍ക്കില്ല. ഒരു വീടും ജീവിക്കാന്‍ ഒരു വരുമാനവും രോഗത്തില്‍ നിന്ന് മകള്‍ക്ക് ഒരു ആശ്വാസവും മാത്രമാണ് രാജേശ്വരി അമ്മയുടെ ഇപ്പോഴുള്ള ആഗ്രഹം.

അക്കൌണ്ട് വിവരങ്ങള്‍

RAJESHWARI

AC NO: 42042010108320

IFSC: CNRB0014204

CANARA BANK

KASARAGOD BRANCH

Articles You May Like

x