അഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചു, ജീവിച്ചിരിക്കുന്ന യുവതിയുടെ സംസ്കാര ചടങ്ങുകൾ നടത്തി കുടുംബം

ജീവിച്ചിരുന്ന മകളുടെ ശവസംസ്കാര ചടങ്ങുകൾ നടത്തി കുടുംബം. അഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിലെ ജബൽ പൂരിൽ ജീവിച്ചിരുന്ന യുവതിയുടെ ശവസംസ്കാര ചടങ്ങുകൾ കുടുംബം നടത്തിയത്. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെ മകളെ മരിച്ചതായി കണക്കാക്കിയാണ് കുടുംബം ചടങ്ങുകൾ നടത്തിയത്. അനാമിക ദുബൈ എന്ന യുവതിയുടെ അന്ത്യകർമ്മങ്ങൾ ആണ് മാതാപിതാക്കളുടെ നേതൃത്വത്തിൽ നടന്നത്. മകൾ അഹിന്ദുവിനെ വിവാഹം കഴിച്ചത് മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുകയുണ്ടായി. ഞായറാഴ്ച നർമ്മദാ നദിയുടെ തീരത്തുള്ള ഗൗരീഖത്തിൽ വച്ചാണ് ശവസംസ്കാര ചടങ്ങുകൾ നടന്നത്. ആചാരങ്ങൾ പൂർണമായി പിന്തുടർന്നാണ് കുടുംബങ്ങൾ ഗൗരീഘട്ട് ചടങ്ങുകൾ നടത്താൻ എത്തിയത്

മകൾ അനാമികയെ ഏറെ സ്നേഹത്തോടെയാണ് തങ്ങൾ വളർത്തിയത് എന്നും എന്നാൽ അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച് കുടുംബത്തെ ആകെ നാണം കെടുത്തിരിക്കുകയാണ് മകളെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ ഇനി അങ്ങനെയൊരു മകൾ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതിൽ അർത്ഥമില്ലെന്നാണ് അവർ പറയുന്നത്. തൻറെ സഹോദരിയുടെ വിവാഹത്തെക്കുറിച്ച് തനിക്ക് ഏറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അവളുടെ ശാഠ്യം ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം തകർത്തിരിക്കുകയാണ് എന്നും പെൺകുട്ടിയുടെ സഹോദരൻ അഭിഷേക് പ്രതികരിക്കുകയുണ്ടായി. അനാമിക ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം ഒരു ചടങ്ങ് നടത്തേണ്ടി വരും എന്ന് തങ്ങൾ ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല എന്ന് അഭിഷേക് പറഞ്ഞു

അഹിന്ദുവായ യുവാവുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധത്തെ കുടുംബം എതിർത്തിരുന്നു. എങ്കിലും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അനാമിക വിവാഹവുമായി മുന്നോട്ടു പോവുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിലെത്തി വിവാഹം കഴിച്ച യുവതി ജൂൺ ഏഴിന് മുസ്ലിം ആചാരങ്ങൾ പിന്തുടർന്ന് അനാമിക ദുബെ എന്ന തൻറെ പേര് ഫാത്തിമ ഉസ്മ എന്ന് ആക്കി മാറ്റുകയായിരുന്നു. പിന്നാലെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും ഗൗരിഘട്ടിൽ എത്തി ശവസംസ്കാര ചടങ്ങുകൾ നടത്തി. അനാമിക ദുബെയുടെ തീരുമാനത്തിൽ രോക്ഷാകുലരായ കുടുംബാംഗങ്ങൾ പെൺകുട്ടി മരിച്ചതായി കണക്കാക്കിയാണ് ഇത്തരത്തിൽ ഒരു ചടങ്ങ് നടത്തിയത്. മകളുടെ വിയോഗത്തിൽ അനുശോചരണ കാർഡ് അടക്കം അച്ചടിച്ചാണ് ഇവർ പരിചയക്കാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തത്. അനാമികയുടെ കുടുംബത്തിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ.

x