വിയോഗ വാർത്ത അറിഞ്ഞ ഉടനെ ഉപജീവനമാർഗമായ ചായക്കടയും അടച്ച് നിലമേലേക്കെത്തി, കൈയിൽ ഫ്രെയിം ചെയ്ത ഫോട്ടോയുമായി മണിക്കൂറുകളോളം ആഹാരം പോലും കഴിക്കാതെ ജനനായകനെ കാത്തിരുന്ന് ജയഗൗരി

കേരളത്തിലെ ജനങ്ങൾ ജനനായകൻ എന്ന പേര് അക്ഷരം തെറ്റാതെ വിളിക്കുന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ മൂന്ന് പകലുകൾ തെളിയിച്ചു കഴിഞ്ഞു. രാവും പകലും ഇല്ലാതെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് പൊതു ഇടങ്ങളിലും മറ്റും തടിച്ചു കൂടിയത്. ആർക്കും ഒന്നും നേടിയെടുക്കുവാനോ തങ്ങളുടെ പരാതി പറയുവാനോ ആയിരുന്നില്ല തിരക്കും ബഹളവും. പകരം നെഞ്ചിൽ ചേർത്ത് പിടിച്ച ആ ജനപ്രിയനെ ഒന്ന് കാണാൻ മാത്രമായിരുന്നു. 56 തവണ എംഎൽഎയായ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ഉമ്മൻചാണ്ടി പുതുപ്പള്ളി എന്ന തൻറെ ഗ്രാമത്തിൽ നിന്ന് വന്ന കേരള ജനതയുടെ ഒട്ടാകെ നേതാവായി മാറിയത് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെയാണ്. കേരളത്തിൽ അങ്ങോളം എങ്ങോളമുള്ള ആളുകൾക്ക് ഉമ്മൻചാണ്ടി എന്നാൽ വെറുമൊരു നേതാവ് മാത്രമായിരുന്നില്ല കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു.

ആവശ്യവും അഭ്യർത്ഥനയുമായി മുന്നിലെത്തുന്നത് ആരായാലും വലിപ്പം ചെറുപ്പം ഇല്ലാതെ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പരിഹാരം കാണുവാൻ എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നിരവധി തവണ വിവാദങ്ങളിലും പരാമർശങ്ങളിലും അകപ്പെട്ടപ്പോഴും എന്നും ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിനേയും പേടിച്ച് പിന്മാറുവാൻ തയ്യാറാകാത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. പ്രായഭേദമന്യേ നിരവധി പേരാണ് പലയിടങ്ങളിൽ നിന്ന് ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കുവാനും അവസാനമായി ഒരു നോക്ക് കാണുവാനും വിലാപയാത്രയിൽ തടിച്ചു കൂടിയത്. അക്കൂട്ടത്തിൽ ഇപ്പോൾ ഇടം നേടുകയാണ് ജയഗൗരി എന്ന മുത്തശ്ശിയും.മനസ്സിൽ ആരാധിക്കുന്ന ജനനായകനെ അവസാനമായി കാണാൻ ജയ ഗൗരി നിലമേലേക്ക് എത്തിയത് തൻറെ ആകെയുള്ള ഉപജീവനമാർഗമായ ചായക്കട അടച്ചിട്ട ശേഷമാണ്

ഏഴുമണിക്കൂർ ഭക്ഷണം പോലും കഴിക്കാതെ അവർ ഉമ്മൻചാണ്ടിയുടെ വിയോഗം അറിഞ്ഞപ്പോൾ തന്നെ നിലമേലേക്ക് എത്തി. ഒപ്പം ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിന് നിലമേലിൽ വിലാപയാത്ര എത്തിയപ്പോൾ ജയഗൗരി നിന്നത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തുമ്പോഴെല്ലാം ജയ ഗൗരി അവിടെയെത്തി കാണുമായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇവിടെയെത്തി കഴിഞ്ഞ 22 വർഷമായി ചായക്കട നടത്തി ജീവിക്കുന്ന ഇരുട്ടു കാട്ടിൽ ജയ ഗൗരി നിവാസിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഭർത്താവ് നേരത്തെ മരിക്കുകയും വിവാഹം കഴിഞ്ഞതോടെ മകൻ വേറെ മാറി താമസിക്കുകയും ചെയ്തു. ഒരു കോൺഗ്രസ് പ്രവർത്തകയാണെന്നതിലുപരി ഉമ്മൻചാണ്ടി ജയ ഗൗരിക്ക് തൻറെ സഹോദരൻ തന്നെയായിരുന്നു. ഉമ്മൻചാണ്ടിയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം സ്വന്തമായി തയ്യാറാക്കിയ അച്ചാറുമായായിരുന്നു ജയ ഗൗരി പോകാറ്.

x