മൂന്ന് മാസം പ്രായമുള്ള സഖിമൈത്രി എന്നും അമ്മയ്‌ക്കൊപ്പം ഓഫീസിലേക്ക്; മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാതൃകയാക്കാം ഈ പെണ്‍കുട്ടിയെ

മൂന്ന് മാസം പ്രായമുള്ള സഖിമൈത്രി എന്നും രാവിലെ ഓഫീസില്‍ പോകും. സംഗതി എന്താണെന്നല്ലേ…ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സഖിയുടെ യാത്ര. അവിടുത്തെ പ്രസിഡന്റ് ആര്യ രാജന്‍ ആണ്. സഖിമൈത്രി ആര്യ രാജന്റെ മകളാണ്. തന്റെ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് സഖി മൈത്രിയുടെ ഓഫീസ് യാത്ര.

 

 

പ്രസവിച്ച് കഴിഞ്ഞ് വീട്ടില്‍ ചടഞ്ഞ് കൂടിയിരുന്നാല്‍ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ക്ക് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കും എന്ന ചിന്തയാണ് ആര്യ രാജനെ മകളെയും കൂട്ടി എന്നും ബ്ലോക്ക് ഓഫീസിലേക്ക് പോകാനുള്ള തീരുമാനത്തിലെത്തിച്ചത്. ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ദൗത്യം മികച്ച രീതിയില്‍ തന്നെ നിറവേറ്റണം എന്ന നിശ്ചയ ദാര്‍ഢ്യം ആ മുഖത്ത് തെളിഞ്ഞ് കാണാം. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസസിഡന്റാണ് ആര്യ. 29 വയസ്സാണ് പ്രായം.2021 ഡിസംബര്‍ 30 ന് ആണ് ആര്യ രാജന്‍ പ്രസവാവധി എടുത്തത്.ഡിസംബര്‍ 31 ന് കുഞ്ഞ് പിറക്കുകയും ചെയ്തു. പിന്നീട് പ്രസവ ശേഷമുള്ള 14 ദിവസത്തിന് ശേഷം ഔദ്യോഗിക ജോലികളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കുടുംബം , കുഞ്ഞ് എന്നത് പോലെത്തന്നെ തനിക്ക് പൊതു പ്രവര്‍ത്തനവും പ്രധാനമാണ് എന്നാണ് ആര്യ രാജന്‍ പറയുന്നത്. പക്ഷേ, എല്ലാം ഒരുമിച്ച് കൊണ്ട് പോകാന്‍ വളരെയധികം ബുദ്ധിമുട്ടായത് കൊണ്ടാണ്‌ മകളേയും ഓഫീസിലേക്ക് കൊണ്ടുവരുന്നതെന്നും ആര്യ പറയുന്നു.

 

 

കുഞ്ഞ് കരഞ്ഞാല്‍ പാലു കൊടുക്കാം…ആശ്വസിപ്പിക്കാം…ആളുകള്‍ വന്നാല്‍ അവരുടെ പരാതിയും കാര്യങ്ങളും കേള്‍ക്കുകയും ചെയ്യാം. ഇതാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡന്റ്‌
ചെയ്തുവരുന്നത്. ”എന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിനെ നോക്കുന്നതും എന്റെ കര്‍ത്തവ്യമാണ്. ഒന്ന് ഒരു പ്രസിഡന്റിന്റെ കര്‍ത്തവ്യം ആണെങ്കില്‍ മറ്റേത് ഒരു അമ്മയുടെ കര്‍ത്തവ്യമാണ്”- ആര്യ പറയുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തയ ശേഷം കുഞ്ഞിനെ പരിപാലിക്കുന്നതിനായി വീടിന് അടുത്തുള്ള ഒരു സ്ത്രീയയും ആര്യ തന്റെ കൂടെ കൂട്ടി. പുറത്ത് പോകേണ്ടി വരുമ്പോള്‍ കുഞ്ഞിനേയും കൂടെ കൊണ്ടുപോകും.

 

 

ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി സ്വദേശിനി ആണ് ആര്യ രാജന്‍.എസ് എഫ് ഐ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.എം ജി സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. നിലവില്‍ സി പി എം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ്. എസ് എഫ് ഐ മുന്‍ കോട്ടയം ജില്ലാസെക്രട്ടറിയും നിലവില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുമായ റിജേഷ് കെ ബാബുവാണ് ആര്യയുടെ ഭര്‍ത്താവ്. ഇവരുടെ ഏക മകളാണ് സഖിമൈത്രി.ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഈ അമ്മയും കുഞ്ഞുമാണ്. നിരവധി പേരാണ് ആര്യയുടെ പ്രവൃത്തിയെ അഭിന്ദിക്കുന്നത്. ഒപ്പം പരാതികളില്ലാതെ അമ്മയ്‌ക്കൊപ്പം പോകുന്ന ആ കുരുന്നിനേയും ആളുകള്‍ അഭിന്ദിക്കാന്‍ മറക്കുന്നില്ല.അമ്മയും മെമ്പറും ഒരേ സമയമായാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ മാതൃകയാവുകയാണ് ഈ 29കാരി.

 

x