പഠനത്തിലും ചിത്ര രചനയിലും മിടുക്കി, അപകടവിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല: സാറ തോമസിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ഉറ്റവർ

കുസാറ്റിലെ സംഗീതപരിപാടി തുടങ്ങും മുൻപെ ഉണ്ടായ അപകടത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസൻ, സാനിയ എന്നിവർ സഹോദരങ്ങളാണ്.

തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റിൽ അധ്യാപകരാണ്. ഇവരാണ് ആദ്യം വിവരം അറിഞ്ഞത്. അപകടവിവരമറിഞ്ഞ് സാറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീൻ റൂമിലോ മറ്റോ ആയതിനാൽ ഫോൺ എടുക്കാൻ കഴിയാത്തതാണെന്ന് കരുതി. ആശുപത്രിയിൽ എത്തിയപ്പോൾ ഇവിടെയുള്ളവരാണ് മരിച്ചവരിൽ സാറയും ഉണ്ടെന്ന് അറിയിക്കുന്നത്. തുടർന്ന് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

പഠനത്തിൽ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഒരുവർഷം മുമ്പ് അണലിയുടെ കടിയേറ്റ പിതാവ് തോമസ് ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഡയാലിസിസ് അടക്കം നടത്തി ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെയാണ് മകളുടെ മരണം.

താമരശ്ശേരി കോരങ്ങാട് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനത്തിൽ മിടുക്കിയായിരുന്ന സാറ പ്ലസ്ടുവിന് പഠിച്ചത്. നേരത്തേ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം സമീപകാലത്താണ് കോരങ്ങാട് ഭാഗത്തേക്ക് വീടുമാറിയത്.

x