എത്ര കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ സമ്പാദിക്കുന്നതെന്ന് മനസ്സിലാക്കി സ്വന്തമായി കോൺക്രീറ്റ് പണിക്കു പോയും പെൻസിൽ ആർട്ട് ചെയ്തും പഠിച്ചു: കഷ്ടപ്പാടുകൾക്കൊടുവിൽ വെറ്ററിനറി ഡോക്ടറായി എം മനോജ്

വിദ്യാഭ്യാസകാലത്ത് പലവിധ തൊഴിലുകൾ ചെയ്ത് സ്വന്തം പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഒട്ടേറെ വിദ്യാർഥികൾ നമുക്ക് ചുറ്റുമുണ്ട്. പത്രവിതരണക്കാരായും കേറ്ററിങ് ജോലിക്കും വയറിങ് പ്ലമ്പിങ് ജോലിക്കും എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ അധ്വാനിച്ചു പഠിക്കുന്നവരാണ് പലരും. കൃഷിയിലൂടെ പണമുണ്ടാക്കി പഠിക്കുന്ന യുവ കർഷകരും നമുക്കുചുറ്റുമുണ്ട്. അത്തരത്തിൽ അച്ഛനൊപ്പം ജോലിക്കുപോവുകയും പിന്നീട് പെൻസിലിൽ മൈക്രോ ആർട്ട് ചെയ്തും പണമുണ്ടാക്കി പഠിച്ച അനുഭവം പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം വ്ളാത്തങ്കര വെറ്ററിനറി ഡിസ്‍പെൻസറിയിൽ പുതുതായി വെറ്ററിനറി സർജനായി ചാർജ് എടുത്ത ഡോ. എം.മനോജ്. ജീവിതത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും അച്ഛന്റെ കൈയിൽനിന്ന് ക്യാഷ് വാങ്ങുമ്പോൾ, അത് എത്ര കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ സമ്പാദിക്കുന്നതെന്ന തിരിച്ചറിവാണ് സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി പഠിക്കാൻ കാരണമെന്ന് അദ്ദേഹം പങ്കുവച്ച കുറിപ്പിലുണ്ട്. ഈ മാസം അഞ്ചിന് വെറ്ററിനറി സർജനായി ജോലിയിൽ പ്രവേശിച്ചശേഷം അദ്ദേഹം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,

ഒരു കഥ സൊല്ലട്ടുമാ…
പലപ്പോഴും എഴുതണം എന്ന് കരുതിയ കാര്യം. ഇതിലും മികച്ച സമയം ഇനി ഉണ്ടാവില്ല എന്ന് തോന്നുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തോന്നിയ ഒരു ആഗ്രഹം. ആഗ്രഹം എന്നു പറയുന്നതിനെക്കാളും, ഒരു ഇൻസിഡന്റ്‌; അതു ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്നു പറയുന്നതാകും നല്ലത്.

8-ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അച്ഛന്റെ കൂടെ ഇടയ്ക്ക് ജോലിക്ക് പോയാലോ എന്നൊരു തോന്നൽ.  നാട്ടിൻപുറത്ത്, പഠിക്കുന്നതിനോടൊപ്പം കൂലിപ്പണിക്ക് പോകുന്നതൊക്കെ സർവസാധാരണമാണല്ലോ. അങ്ങനെയിരിക്കെ, ഒരു അവധി ദിവസം, ജോലിക്ക് വരുന്നോ എന്ന് ഒരു ചോദ്യം. ഒരു സൈറ്റിൽനിന്ന് പലകയും മറ്റു സാധനങ്ങളും എടുത്തുകൊണ്ട് അടുത്തുള്ള മറ്റൊരു സൈറ്റിൽ എത്തിക്കണം. റോഡിൽനിന്ന് കുറച്ചു മാറിയാണ് സഥലം. അവിടെനിന്ന് സാധനങ്ങൾ ഒരു ചെറിയ തോട് കഴിഞ്ഞ്, ഒരു അര കിലോമീറ്റർ അപ്പുറം, റെയിൽവേ ട്രാക്കിന് അടുത്ത് ഒരു വീട്ടിൽ എത്തിക്കണം. ആദ്യമൊക്കെ ലോഡ് എടുത്തപ്പോൾ ഇതൊക്കെ എന്ത് എന്ന മനോഭാവം ആയിരുന്നു. ഉച്ചയ്ക്ക് മുൻപേ തീർത്തു വീട്ടിൽ പോകാം എന്ന് കരുതി 10 മണിക്കുള്ള ഫുഡും കഴിച്ചില്ല. ഓരോ ലോഡ് കഴിയും തോറും ഭാരം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. അതിന്റെ കൂടെ ഒടുക്കത്തെ ചൂടും.  പഠിക്കുന്നതിന്റെ അത്ര സുഖമുള്ള പരിപാടി വേറെ ഇല്ല എന്ന് അന്നു മനസിലായി. അങ്ങനെ അവസാനത്തെ ലോഡും എടുത്തു വച്ചപ്പോ സമയം വൈകുന്നേരം 5:30 ആയി. അവിടന്നു ശമ്പളമായി കിട്ടിയ 350 രൂപയും വാങ്ങി മടങ്ങുമ്പോഴാണ്, മൂക്കിന്റെ അടുത്ത് വല്ലാത്തൊരു തണുപ്പ് ഫീൽ; നോക്കിയപ്പോൾ നല്ല ഫ്രഷ് ചോര! ജീവിതത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും അച്ഛന്റെ കൈയിൽനിന്ന് ക്യാഷ് വാങ്ങുമ്പോൾ, അത് ഇതിലും കഷപെട്ടിട്ടാണ് അച്ഛൻ സമ്പാദിക്കുന്നതെന്ന തിരിച്ചറിവ് തരുന്ന അടയാളം. അന്ന് തീരുമാനിച്ചു… ഇനി എന്റെ പഠനം തൊട്ടുള്ള എല്ലാ ചെലവിനും ഞാൻ തന്നെ പൈസ കണ്ടെത്തുമെന്ന്. അങ്ങനെ എന്റെ എല്ലാ ആഴ്ചാവസാനവും മധ്യവേനലവധിയുമൊക്കെ ഓരോരോ പണി സഥലത്ത് ആയി.

എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ഒരു ഫ്രണ്ടിന്റ  ചോദ്യം. ‘നാൻ ഈ എന്ന സിനിമയിലെ പോലെ പെൻസിലിൽ ചെയ്യുമോ?’. ആദ്യം കളിയാക്കിയപോലെ തോന്നിയെങ്കിലും, പിന്നെ അത് ഒരു വാശി ആയി.  അങ്ങനെ എട്ടോളം പെൻസിൽ പൊട്ടിക്കേണ്ടി വന്നു; അവസാനം ഒരു ശിൽപം റെഡി ആക്കാൻ.  എന്നാൽ പിന്നീടതൊരു വരുമാന മാർഗം ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മൈക്രോ ആർട്ട് വഴി കിട്ടിയ ക്യാഷ് വച്ച് ഡിഗ്രി ഒരു പരിധിവരെ പൂർത്തിയാക്കാൻ കഴിഞ്ഞു. കൂട്ടത്തിൽ, വീട്ടിൽ നിന്നുള്ള കുഞ്ഞു സപ്പോർട്ടും പിന്നെ E-GRANTZ ഉം കൂടെ ആയപ്പോ perfect Ok. തേർഡ് ഇയർ ഒരു സെമസ്റ്റർ ഫീസ് അടയ്ക്കാൻ പൂപ്പൊലി ഫ്ലവർഷോയിൽ ഒരു സ്റ്റാൾ എടുത്തതും ഒരിക്കലും മറക്കാൻ ആകാത്ത ഓർമകളാണ്.  അങ്ങനെ UG ലൈഫ് പൊളിറ്റിക്‌സും സ്പോർട്സും മൈക്രോആർട്ടും  എല്ലാം കൂടെ ആയപ്പോ മാർക്ക് ഇച്ചിരി കുറഞ്ഞോ എന്ന് ഒരു സംശയം. അതുകൊണ്ട്, ഒരു വാശിക്ക്, വിദ്യാഭ്യാസ വായ്പ എടുത്ത് പിജിക്ക് ജോയിൻ ചെയ്തു. വിചാരിച്ചതിലും നല്ല മാർക്ക് വാങ്ങി പാസ് ആവുകയും ചെയ്തു. പഠനത്തിന്റെ പൂർണ ചെലവ് സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. എങ്കിലും, ഒരു 70 ശതമാനത്തിനു മുകളിൽ സ്വയം അധ്വാനിച്ച കാശുകൊണ്ട് പഠിച്ചു എന്ന് പറയുമ്പോൾ… മനസിന് ഒരു ചെറിയ, വലിയ സന്തോഷം.  ഇന്ന് PSC വഴി ജോലിയിൽ പ്രവേശിക്കുമ്പോൾ, അന്ന് 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട ആ കുഞ്ഞ് സ്വപ്‌നം സാക്ഷാൽകരിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ട്….

x