“ഒരുദിവസം രാവിലെ വിളിച്ചാൽ ഞാൻ ഉണരില്ല , ബെഹളമൊന്നും വെക്കരുത് , കരയരുത് സമാധാനമായി ഇരിക്കണം” , അവൾ പറഞ്ഞതുപോലെ തന്നെ പിന്നീടൊരു പുലരിയിൽ അവൾ ഉണർന്നില്ല

മറ്റൊരു രോഗത്തെയും പോലെയല്ല ക്യാൻസർ. ജീവിച്ചു കൊതി തീർന്നവനും മരണത്തെപ്പറ്റി ഒരു നിമിഷം ചിന്തിച്ചവന് പോലും ക്യാൻസർ എന്ന രോഗം പിടിമുറുക്കി കഴിയുമ്പോൾ ജീവിക്കാനും മറ്റുള്ളവരെ സ്നേഹിക്കുവാനും ഉള്ള തോന്നൽ ഉണ്ടാകും. പ്രിയപ്പെട്ടവരെ വിട്ടു പിരിയുന്നതിന്റെ വേദനയെക്കാൾ ഏറെ ക്യാൻസർ രോഗം പിടിമുറുക്കി കഴിയുമ്പോൾ ഉള്ള ചികിത്സാരീതികൾ സമ്മാനിക്കുന്ന നോവ് ആയിരിക്കും ഏതൊരാളെയും തളർത്തി കളയുന്നത്. കീമോയും ബയോപ്സിയും ഒക്കെ ജീവിതത്തിൻറെ ഭാഗമായി മരുന്നുകൾ ചുണ്ടുകളുടെയും നാവിന്റെയും രുചി അകറ്റി കളയുമ്പോൾ എല്ലാത്തിനോടും വിരസതയാണ് സാധാരണഗതിയിൽ തോന്നുക. അപ്പോഴും മനോധൈര്യം പിൻവിടാതെ ജീവിതത്തിൽ ഉയർത്തെഴുന്നേൽക്കാനാണ് ഓരോ അർബുദ രോഗിയും ശ്രമിക്കുന്നത്.

അർബുദത്തോട് പൊരുതി മരണത്തിന് കീഴടങ്ങിയ പ്രിയപ്പെട്ടവരെ പറ്റി കുടുംബത്തിലുള്ള ഓരോരുത്തർക്കും പറയുവാനുള്ളതും ഏറെ വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമായിരിക്കും. ഒരു നനുത്ത ഓർമ്മ പോലെയാണ് അശ്വതിയുടെ സാമീപ്യം രമേശിന് എന്നും അനുഭവപ്പെടുന്നത്. അശ്വതിയെക്കുറിച്ചുള്ള രമേശിന്റെ ഓരോ എഴുത്തിനും ഫേസ്ബുക്കിൽ ആയിരക്കണക്കിന് ആളുകളാണ് ആരാധകരായ ഉള്ളത്. അവയൊന്നും കണ്ണീർകഥകളല്ല. ജീവിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന പച്ച തുരുത്തുകളാണ്. കഴിഞ്ഞ ഏപ്രിൽ 20ന് അശ്വതിയുടെ മരണത്തിൻറെ ആദ്യ വാർഷികത്തിൽ രമേശ് മുഖപുസ്തകത്തിൽ കുറിച്ചത് ഇങ്ങനെയാണ്: മരണം തട്ടിപ്പറിച്ച് എടുത്താലും നിന്നെ ഞാനും മോനും ചേർന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും. ഇനിയും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത എൻറെയും അവൻറെയും വാശിയാണത്. അത്രത്തോളം ഇറുക്കി പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാൽ അവിടെയെല്ലാം അവസാനിപ്പിച്ച് തലകുനിച്ചു മടങ്ങാൻ മനസ്സില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.

ഇതേ വാശിയിലാണ് ഇന്നും രമേശ് മുന്നോട്ട് ജീവിക്കുന്നത്. എല്ലാവരെയും വേണ്ടെന്നുവച്ച ഒരു പാതിരാത്രിയിൽ രമേശിനെ തേടി വന്നവൾ ആണ് അശ്വതി എന്ന അച്ചു. തൻറെ ദുരിതങ്ങളും പ്രയാസങ്ങളും പറഞ്ഞപ്പോഴും ജീവിതത്തിൽ കൈപ്പേറിയ നിമിഷങ്ങൾ ആയിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്ന് പറഞ്ഞപ്പോഴും എല്ലാത്തിലും ഒപ്പം നിൽക്കുവാൻ അവൾ ഇഷ്ടപ്പെടുകയായിരുന്നു. പാലക്കാട് ചെറുകോട് നായ്ക്കൻ തൊടിയിലെ രമേശിന്റെ എട്ടുവർഷത്തെ സൗഹൃദവും അഞ്ചുവർഷത്തെ ദാമ്പത്യവും ആയിരുന്നു അശ്വതിയുമായുള്ളത്. ഇത്തിരി ജീവിതത്തിൽ ഒത്തിരി ജന്മങ്ങളുടെ പ്രണയം പങ്കുവെച്ചാണ് അശ്വതി അർബുദം എന്ന വില്ലന് മുൻപിൽ തലകുനിച്ചത്. പക്ഷേ ആദ്യം അർബുദം വന്നപ്പോൾ പോയി പണി നോക്ക് എന്ന ഭാവത്തിൽ അവൾ അതിനോട് പൊരുതുകയായിരുന്നു

ഒടുവിൽ 2017 20ന് അശ്വതിയെ അർബുദം പൂർണമായി വിഴുങ്ങിയപ്പോൾ പോലും കരയുവാനോ തളർന്നിരിക്കുവാനോ രമേശും മകൻ കൃഷ്ണ ഹരിയും തയ്യാറായിരുന്നില്ല. ഒരേ പ്രായക്കാരായ അശ്വതിയും രമേശും നല്ല സുഹൃത്തുക്കൾ ആയിരുന്നു ഹോസ്പിറ്റലിൽ മാനേജ്മെൻറ് ട്രെയിനിയായി ജോലി കിട്ടിയപ്പോഴാണ് രമേശ് അശ്വതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് ആയിരുന്നു അന്ന് ജോലിയും താമസവും ഒക്കെ. യാത്രകൾ ആയിരുന്നു ഇരുവരുടെയും സന്തോഷം. കടൽത്തീരവും കാറ്റും കാടും മലയും ഒക്കെ നിറയുന്ന സന്തോഷത്തിനു മുകളിലേക്കാണ് കിച്ചു എന്ന കൃഷ്ണ ഹരി വന്നു പിറന്നത്. പട്ടാമ്പിയിൽ നിന്നും എറണാകുളത്തേക്കും തിരിച്ചുമൊക്കെ ദീർഘ യാത്രകൾ പലപ്പോഴും ഈ ദമ്പതികൾ നടത്താറുണ്ടായിരുന്നു.

അങ്ങനെ ഒരു യാത്രയ്ക്കിടയിൽ നടുവേദന തോന്നുന്നു എന്ന് അച്ചു പറഞ്ഞു. എറണാകുളത്തെ അച്ചുവിന്റെ വീട്ടിലെത്തി വിശ്രമിച്ചെങ്കിലും വേദന കുറയാതെ വന്നതോടെയാണ് പരിശോധനകൾ നടത്തിയത്. അച്ചു വളരെയധികം സുന്ദരിയാണ്. ഇടയ്ക്ക് ഞാൻ വയറ്റിലൊക്കെ പിടിച്ച് അമർത്തുകയും ഒക്കെ ചെയ്യുമായിരുന്നു. അന്ന് ഞാൻ അങ്ങനെ ചെയ്തപ്പോൾ വയറിന് പഴയ സോഫ്റ്റ്നസ്സില്ല. എന്തോ ഒരു കുഴപ്പം പോലെ. അങ്ങനെ 10 ദിവസത്തിനുള്ളിൽ നടുവേദനയ്ക്ക് നാലാമത്തെ ഡോക്ടറെ കാണുകയാണ്. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ ഡോക്ടറോട് എല്ലാ പരിശോധനയും സ്കാനും നോക്കാൻ പറഞ്ഞു.സ്കാൻ ഒക്കെ നടത്തി പുറത്തിറങ്ങി ഡോക്ടറുടെ ഓഫീസിലേക്ക് നടക്കുന്നതിനിടെ അച്ചു പറഞ്ഞു; അല്പം കഴിയുമ്പോൾ ഡോക്ടർ വിളിക്കും.

പറയുന്നത് കേട്ട് തലകറങ്ങി വീഴാൻ ഒന്നും നിൽക്കേണ്ട. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് ചികിത്സിക്കാം എന്ന്. പിന്നീട് ഡോക്ടർ സാവധാനം കാര്യങ്ങൾ പറയുകയായിരുന്നു. ഓവറിൽ ക്യാൻസർ സാധ്യതയുള്ള മുഴയുണ്ട്. ഉറപ്പിക്കാൻ ബയോപ്സി വേണമെന്ന്. ബയോപ്സി ഫലം വന്നപ്പോൾ കാരുണ്യയുടെ ഒരു ഫോം എടുത്തു തന്നിട്ട് ഡോക്ടർ പറഞ്ഞു സാരമില്ലടോ നമുക്ക് ശരിയാക്കാം ഫോം പൂരിപ്പിച്ചുകൊണ്ടുവ എന്ന്. അശ്വതിക്ക് ക്യാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞത് അങ്ങനെയായിരുന്നു എന്ന് രമേശ് ഓർക്കുന്നു. പിന്നീട് അങ്ങോട്ട് ചികിത്സയുടെ നാളുകൾ ആയിരുന്നു. ആർ സി സിയും മരുന്നുകളും ആയി ജീവിതം മുന്നോട്ടു പോകുമ്പോൾ എല്ലാത്തിനോടും പൊരുതി പഴയ ജീവിതത്തിലേക്ക് അച്ചു തിരിച്ചെത്തുവാൻ ശ്രമിച്ചു. പക്ഷേ അപ്പോഴും വില്ലനായി ക്യാൻസർ വീണ്ടും അവതരിച്ചു.

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് മനസ്സിലാക്കി അവസാന കീമോയ്ക്ക് വീട്ടിൽ നിന്ന് യാത്രയായപ്പോൾ അച്ചു ആദ്യമായി പറഞ്ഞു, മകനെ ഒപ്പം കൂട്ടേണ്ട എന്ന്. പോകുന്നതിനു മുൻപ് അവൾ എല്ലാ ബന്ധുക്കളെയും മടിയിലിരുത്തി അവനെ പരിചയപ്പെടുത്തി. ഞാൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ മറന്നു പോകാതിരിക്കാൻ അവൾ ഡയറിയിൽ കുറിച്ചിട്ടു. ഒടുവിൽ പറഞ്ഞു, ഒരിക്കലും ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരമ്മയുടെ മുഖം ആയിരിക്കരുത് അവന്റെ മനസ്സിൽ എന്ന്. അതുകൊണ്ടാണ് കൊണ്ടുവരാഞ്ഞതെന്ന്. മരണത്തിന് കീഴടങ്ങുമ്പോഴും അച്ചു എനിക്കും മകനും പകർന്നു തന്ന ഒരു ധൈര്യമുണ്ട്. ഒന്നിനോടും തോൽക്കാൻ പാടില്ലെന്ന് പഠിപ്പിച്ചത് അവളായിരുന്നു. ഇന്നും ആ ഓർമ്മകളുമായി മുന്നോട്ടു പോവുകയാണ്. അവൾ മരിച്ചെന്ന് ആരൊക്കെ പറഞ്ഞാലും ഇന്നും അവളെ ജീവനോടെ ഭൂമിയിൽ പിടിച്ചുനിർത്തുവാൻ ഞാനും മകനും സ്നേഹവും കൊണ്ട് ശ്രമിക്കാറുണ്ട് എന്ന് രമേശ് കുറിക്കുന്നു.

x