നാട്ടില്‍ വന്നാല്‍ ‘വരദായിനിയുടെ’ ബസ് ഡ്രൈവര്‍, നാടുവിട്ടാല്‍ വിമാനത്തിന്റെ കോക്പിറ്റില്‍; കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങൾ നേടിയെടുത്ത 25കാരൻ ശ്രീഹരിയുടെ ജീവിതം ഇങ്ങനെ

നാട്ടില്‍ വന്നാല്‍ ‘വരദായിനിയുടെ’ ബസ് ഡ്രൈവര്‍. ഡല്‍ഹിയില്‍ ‘വിസ്താര’യുടെ വിമാനം പറത്തല്‍. കാസര്‍കോട് ജില്ലയിലെ മടിക്കൈ സ്വദേശി ശ്രീഹരി കഠിനാധ്വാനത്തില്‍ ചെറുപ്പക്കാരുടെ 25 വയസ്സുള്ള റോള്‍മോഡലാണ്. പഠിപ്പില്‍ മിടുക്കനായ ശ്രീഹരി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കാര്‍ ഓടിക്കാന്‍ പഠിച്ചിരുന്നു. ഏഴാംതരത്തില്‍ ബസും. 22-ാം വയസ്സില്‍ വിമാനവും പറത്തി. ബൈക്ക്, ഓട്ടോ, കാര്‍, ബസ്, ക്രെയിന്‍, വിമാനം വരെ ഓടിക്കാന്‍ ഇപ്പോള്‍ ലൈസന്‍സുണ്ട്.

കക്കാട്ട് ജി.എച്ച്.എസ്.എസിലെ അധ്യാപിക എ.വി.പ്രസന്നകുമാരിയുടെയും ‘വരദായിനി’ ബസ് ഉടമ പരേതനായ വി.കെ.പ്രദീപ് കുമാറിന്റെയും മകനാണ്. അച്ഛന്റെ ബസില്‍ ശ്രീഹരിയുടെ ഇരിപ്പിടം യാത്രക്കാരുടെ സീറ്റിലായിരുന്നില്ല. ഡ്രൈവറുടെ വളയത്തിനടുത്തായിരുന്നു. അങ്ങനെ ഡ്രൈവിങ്ങില്‍ താത്പര്യമായി. ഡ്രൈവറുടെ സീറ്റിലിരുന്ന് വരദായിനി കുതിക്കുമ്പോള്‍ ചില്ലിലൂടെ വിമാനങ്ങളെ കണ്ടിട്ടുണ്ട്. അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്കൊപ്പം അന്നു തുടങ്ങിയതാണ് ശ്രീഹരിയുടെ പരിശ്രമം.

ഡിഗ്രി പാസായി. റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും നേടി. ഗ്രൗണ്ട് പരിശീലനം കഴിഞ്ഞ് എയര്‍ബസ് 320 പറത്താനുള്ള സമയത്താണ് കോവിഡ് വന്നത്. ഒന്നരവര്‍ഷം പിന്നീട് കാത്തുനിന്നു. ചോക്ക് ഓഫും ചോക്ക് ഓണും ആഭ്യന്തര സര്‍വീസോടെ തുടങ്ങി. ശ്രീഹരി കോക്പിറ്റിലിരുന്നു. വരദായിനിയുടെ ചാളക്കടവ്-കാഞ്ഞങ്ങാട് റൂട്ടിന് പകരം ബെംഗളൂരു-ഡല്‍ഹി ആകാശയാത്ര. ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥനും നീലേശ്വരം സ്വദേശിയുമായ പി.മനോജ് കുമാര്‍ ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനെത്തി.

എയര്‍ ഏഷ്യയില്‍നിന്ന് വിസ്താരയിലേക്ക്. ഇപ്പോള്‍ വിസ്താര എയര്‍ലൈന്‍സിലെ ഫ്‌ലൈറ്റ് ക്യാപ്റ്റനാണ്. ഡല്‍ഹിയില്‍നിന്ന് റാഞ്ചി, ബെംഗളൂരു, കൊച്ചി കടന്ന് സിംഗപ്പൂര്‍ ഉള്‍പ്പെടെ വിമാനം പറത്തുന്നു. ആദ്യ വിദേശപ്പറക്കല്‍ സൗദിയിലേക്കായിരുന്നുവെന്ന് ശ്രീഹരി പറഞ്ഞു. ഹാജിമാരെയുംകൊണ്ടുള്ള യാത്രയായിരുന്നു അത്.

അവധിക്ക് നാട്ടിലെത്തിയാല്‍ വരദായിനിയുടെ ഡ്രൈവിങ് സീറ്റില്‍ ശ്രീഹരിയുണ്ടാകും. അനുജന്‍ മയൂഖ് കക്കാട്ട് ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. പഠിക്കുന്നതിനൊപ്പം അഞ്ച് ബസുകളുടെ ചുമതലയും ഈ 17-കാരനുണ്ട്. 10-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അന്നുമുതല്‍ ബസുകളുടെ നോക്കിനടത്തിപ്പ് മയൂഖാണ്.

Articles You May Like

x