ഞങ്ങളുടെ വീട് കത്തിച്ചു, മകനെ കൊന്നു, മകളോട് കൊടുംക്രൂരത, ഇനി അവിടേക്കില്ല, ഇന്ത്യയിലെ അച്ഛനമ്മമാരോടാണ്, ഞങ്ങള്‍ മുറിവേറ്റവരാണ്, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്; മണിപ്പുരിൽ ആക്രമിക്കപ്പെട്ട യുവതിയുടെ അമ്മ പറയുന്നു

ഇംഫാല്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മണിപ്പുരില്‍ നഗ്നരായി നടത്തിച്ച യുവതികളില്‍ ഒരാളുടെ അമ്മ. സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി. ഇനി ഒരിക്കലും താന്‍ ആ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു പഠിപ്പിച്ചത്. അവരുടെ അച്ഛനെയും കൊന്നു. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ടെന്തിനാണ്. ഇനി എനിക്ക് യാതൊരു പ്രതീക്ഷകളുമില്ല.’

‘ഇനി ഒരിക്കലും ഞങ്ങളാ ഗ്രാമത്തിലേക്ക് മടങ്ങില്ല. ഞങ്ങളുടെ വീടുകള്‍ അവര്‍ കത്തിച്ചു. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. എന്തിനാണ് അവിടേയ്ക്ക് മടങ്ങുന്നത്. എന്റെ ഗ്രാമമാകെ അവര്‍ ചുട്ടെരിച്ചു. എന്നെയും കുടുംബത്തേയും കാത്തിരിക്കുന്ന വിധി എന്താണെന്ന് എനിക്കറിയില്ല. എങ്കിലും ആ ഗ്രാമത്തിലേക്ക് എനിക്ക് മടങ്ങിപ്പോവാനാകില്ല’.- നേരിടേണ്ടി വന്ന മാനസികാഘാതത്തില്‍ നിന്ന് മുക്തയാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പോലുമാവുന്നില്ലെന്നും എന്‍.ഡി.ടി.വി. പറയുന്നു.

ദേഷ്യം കൊണ്ട് ഞാന്‍ വിറയ്ക്കുകയാണ്. കണ്‍മുന്നില്‍ അവളുടെ അച്ഛനേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി. എന്നിട്ട് മൃഗീയമായി അവളെ ആക്രമിച്ചു. ചുറ്റും ഇത്രയൊക്കെ നടക്കുമ്പോഴും മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ അച്ഛനമ്മമാരോടാണ്, ഞങ്ങള്‍ മുറിവേറ്റവരാണ്, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. – അവര്‍ പറഞ്ഞു നിര്‍ത്തി.

പോലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടു കൊടുത്തതെന്ന് ലൈംഗികാതിക്രമം നേരിട്ട യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിക്രമത്തിനിരയാകുംമുമ്പ് തങ്ങള്‍ പോലീസിനൊപ്പമായിരുന്നെന്നും പോലീസുകാരാണ് അക്രമി സംഘത്തോടൊപ്പം തങ്ങളെ റോഡിലുപേക്ഷിച്ചതെന്നും യുവതി പറഞ്ഞു.

ഇതരസമുദായക്കാരായ അക്രമികള്‍ ഗ്രാമം ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. വീട്ടില്‍ നിന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഗ്രാമത്തില്‍ നിന്ന് അകലെയുള്ള സ്ഥലത്ത് തങ്ങളെ അക്രമികള്‍ക്ക് വിട്ടുനല്‍കുകയായിരുന്നെന്നും യുവതി പറയുന്നു.

x