നാടിൻ്റെ നോവായിമാറി നന്ദു; പൊന്നോമന പുത്രനെ മുദ്രാവാക്യം വിളിച്ച് ലാൽസലാം ചൊല്ലി യാത്രയാക്കി അമ്മയും അച്ഛനും

വയനാട് കൽപ്പറ്റ പുള്ളിയാർമലയിലെ ബസ് സ്റ്റോപ്പിലുണ്ടായ അപകടത്തിൽ നാടിൻ്റെ നോവായി മാറി 19 വയസുകാരൻ നന്ദു. അവസാനമായി നന്ദുവിനെ ഒരുനോക്കു കാണാനായി വലിയ ജനാവലിയാണ് വീട്ടിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു നാടും നാട്ടുകാരും സാക്ഷ്യം വഹിച്ചത്. മകൻ നന്ദുവിൻ്റെ മൃതദേഹത്തിനരികിൽ തളർന്നിരിക്കുകയായിരുന്നു അച്ഛൻ ഉണ്ണിയും അമ്മ ശ്രീജയും. സംസ്കരിക്കാനെടുക്കുന്നതിന് മുമ്പായി പാർട്ടി പ്രവർത്തകരും നന്ദുവിന്റെ കൂട്ടുകാരും മുദ്രാവാക്യംവിളി തുടങ്ങി.. ‘ഇല്ലാ ഇല്ല മരിച്ചിട്ടില്ല.. നന്ദു സഖാവ് മരിച്ചിട്ടില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ…’ മുഷ്ടി ചുരുട്ടി കണ്ഠമിടറുന്ന സ്വരത്തിൽ മുദ്രാവാക്യം വിളിച്ച് അച്ഛനും അമ്മയും അവർക്കൊപ്പം ചേർന്നു. ‘ലാൽസലാം.. ലാൽസലാം..’ എല്ലാവരും മുദ്രാവാക്യം വിളി നിർത്തിയിട്ടും നന്ദുവിന്റെ അമ്മ ശ്രീജ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ചുരുട്ടിയ മുഷ്ടിയും കാലുകളും തളരുമ്പോൾ അവരെ പിന്നിൽനിന്ന് ആളുകൾ  താങ്ങിനിർത്തുന്നുണ്ടായിരുന്നു. ഈ രംഗം കണ്ടുനിന്നവരുടെയൊക്കെ കണ്ണുനനയിച്ചു.

എന്നും ചിരിച്ചുമാത്രം കാണാറുണ്ടായിരുന്ന നന്ദു സ്വന്തംവീടിന്റെ മുറ്റത്ത് ചലനമറ്റുകിടക്കുമ്പോൾ കാണാനെത്തിയവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. ദുരന്തം മനസ്സിലാക്കിയതിനാലാവണം നന്ദു പോറ്റിവളർത്തുന്ന തത്ത ചിറകിട്ടടിച്ച് ഒച്ചവെച്ച് കൂട്ടിൽ വട്ടംകറങ്ങുകയായിരുന്നു. മൃതദേഹത്തിന് സമീപം കൂമ്പാരമായിക്കിടക്കുന്ന റീത്തുകൾക്കരികിൽ ചുമലിൽ ഒരുതോർത്തിട്ട് കസേരയിൽ നിർവികാരനായി ഇരിക്കുകയായിരുന്നു നന്ദുവിന്റെ അച്ഛൻ ഉണ്ണി. പൊതുപ്രവർത്തകനും പ്രാദേശിക സി.പി.എം. നേതാവുമായ ഉണ്ണിയെയും ഈ അവസ്ഥയിൽ ഇതുവരെ ആരും കണ്ടിട്ടില്ല. ഉണ്ണിയുടെ ചുമലിൽ ചാരിക്കിടക്കുകയായിരുന്നു ശ്രീജ. വാവിട്ടു നിലവിളിക്കുകയായിരുന്ന കുഞ്ഞുപെങ്ങൾ ദേവപ്രിയയെയും സഹോദരൻ ഋതുദേവിനെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. നാടിന് പ്രിയപ്പെട്ട നന്ദു യാത്രയായത് ഒരുഗ്രാമത്തെ മുഴുവൻ കരയിച്ചാണ്.

മൃതദേഹം ഒരുനോക്കുകാണാനായി ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് പനവല്ലിയെ നന്ദുവിന്റെ വീട്ടിലേക്കൊഴുകിയത്. വയനാട് ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം പനവല്ലി സർവാണിയിലെ നന്ദുവിന്റെ വീട്ടിലെത്തുമ്പോൾ തിങ്കളാഴ്ച സമയം പന്ത്രണ്ടായിരുന്നു. വീടിന് സമീപം ബാരിക്കേഡ് കെട്ടിയാണ് നാട്ടുകാർ തിരക്ക് നിയന്ത്രിച്ചത്. വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീടിനു പിറകിലായി സംസ്കരിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഒ.ആർ. കേളു എം.എൽ.എ, സി.കെ. ശശീന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് എ.എം. നിഷാന്ത്, ബി.ജെ.പി. നേതാവ് കെ. മോഹൻദാസ് തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

കൽപ്പറ്റ പുളിയാർമലയിലെ ഐടിഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തിൽ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു. എന്നാൽ നന്ദുവിൻറെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു അപകടം നടന്നത്.

x