എന്നും ശാരീരിക മാനസിക ഉപദ്രവവും മറ്റൊരു സ്ത്രീയുമായി ബന്ധവും, മകനെ ഒരിക്കലും ഭർത്താവിന് വിട്ടുകൊടുക്കരുത്; പൊട്ടിക്കരഞ്ഞ് ഫെയ്‌സ്ബുക്ക് ലൈവിനിടെ ജീവനൊടുക്കി ടെക്കി യുവതി

ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും എതിരേ പോലീസ് കേസെടുത്തു. തെലങ്കാന നച്ചാരം സ്വദേശി സന പട്ടേലി(29)ന്റെ മരണത്തിലാണ് ഭർത്താവ് ഹേമന്ദ് പട്ടേലിനും ഇയാളുടെ മാതാപിതാക്കൾക്കും എതിരേ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തത്. സനയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി.

സോഫ്റ്റ് വെയർ എൻജിനീയറായ സന പട്ടേൽ ബുധനാഴ്ച രാത്രിയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ ഉപദ്രവം വിശദീകരിച്ചുള്ള ഫെയ്‌സ്ബുക്ക് ലൈവിനിടെയായിരുന്നു യുവതിയുടെ കടുംകൈ. വിവരമറിഞ്ഞ് അല്പസമയത്തിന് ശേഷം മാതാപിതാക്കൾ മുറിയിലേക്ക് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂന്നുവയസ്സുള്ള മകനെ ഒരിക്കലും തന്റെ ഭർത്താവിന് വിട്ടുകൊടുക്കരുതെന്നാണ് കരഞ്ഞുകൊണ്ട് യുവതി ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞത്. മകനെ തന്റെ മാതാപിതാക്കൾ സംരക്ഷിക്കണമെന്നും യുവതി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഭ്യർഥിച്ചിരുന്നു. രാജസ്ഥാൻ സ്വദേശിയും സംഗീതാധ്യാപകനും ഡി.ജെ.യുമായ ഹേമന്ദ് പട്ടേലാണ് സനയുടെ ഭർത്താവ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും ഉപദ്രവങ്ങളുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അഞ്ചുവർഷം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. അടുത്തിടെ ഹേമന്ദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സനയ്ക്ക് മനസിലായി. മാത്രമല്ല, സനയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതും പതിവായിരുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

ഹേമന്ദിന് അവിഹിതബന്ധമുണ്ടെന്ന് മനസിലായതോടെ സന കടുത്ത വിഷാദത്തിനടിപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ആറുമാസം മുൻപ് ഹേമന്ദ് ജോലിക്കായി സൈപ്രസിലേക്ക് പോയി. കഴിഞ്ഞ രണ്ടുമാസമായി ഇയാൾ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നില്ല. യുവതി അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുത്തിരുന്നുമില്ല. ഇത് യുവതിയെ കൂടുതൽ വിഷമത്തിലാക്കി. ചൊവ്വാഴ്ച ഹേമന്ദ് സനയെ ഫോണിൽ വിളിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.

Articles You May Like

x