എന്‍റെ മോൻ മരിച്ചിട്ടില്ല, അവൻ്റെ കൈയുമായി ആ കുഞ്ഞ് വരും, കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കണം, ആ കൈയ്യിൽ തൊടാൻ പറ്റുമല്ലോ, പത്ത് പേരിലൂടെ ഇപ്പോൾ ജീവിക്കുകയാണ്; കണ്ണീരോടെ സാംരഗിന്‍റെ മാതാപിതാക്കൾ

സാരംഗ്, എസ്എസ്എസി ഫലം പ്രഖ്യാപിച്ചപ്പോൾ മന്ത്രിയെപ്പോലും കണ്ണീരണിയിച്ച പേര്. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ മിടുക്കന് പക്ഷേ തന്‍റെ പരീക്ഷാ ഫലം അറിയാൻ കഴിഞ്ഞിരുന്നില്ല. ഉന്നത വിജയം ആഘോഷിക്കുന്നതിന് മുൻപ് തന്നെ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു ഈ കൊച്ചു മിടുക്കൻ. പട്ടാളക്കാരനാകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ സ്വന്തം ജീവനെപ്പോലെ കണ്ടിരുന്ന സാരംഗ് യാത്ര പറഞ്ഞത് പത്ത് പേർക്ക് പുതുജീവൻ നൽകികൊണ്ടായിരുന്നു. ഓട്ടോറിക്ഷാ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയായിരുന്നു സാരംഗിന്‍റെ മരണം. അന്ത്യയാത്രയിൽ ജേഴ്സിയും ബൂട്ടും നെഞ്ചോട് ചേർത്ത് കിടക്കുന്ന മകന് അമ്മ സല്യൂട്ടും കൈയ്യടിയും നൽകുന്നത് കണ്ട് നിന്നവരെയാകെ കണ്ണീരണിയിച്ചിരുന്നു. ഇപ്പോഴിതാ സാംരഗിനെക്കുറിച്ചും അവയവങ്ങൾ ദാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സാരംഗിന്‍റെ മാതാപിതാക്കൾ. ഭാരത് വിഷൻ എന്ന ഓൺലൈൻ ചാനലിന് അനുവദിച്ച അബിമുഖത്തിലാണ് കുടുംബം സാരംഗിനെക്കുറിച്ച് മനസ് തുറന്നത്.

താനും മകനും യാത്ര ചെയ്ത ഓട്ടോ ഇടിച്ച് ഇടതുവശത്തെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നെന്നാണ് സാരംഗിന്‍റെ അമ്മ രജനി ആ അപകടത്തെക്കുറിച്ച് പറയുന്നത്. . അപകടത്തിനുശേഷം അവനെ വിളിച്ചിട്ട് വിളി കേൾക്കുന്നില്ല. വണ്ടി മറിഞ്ഞുകിടക്കുകയായിരുന്നു. പെട്ടെന്ന് എത്തിനോക്കിയപ്പോൾ രക്തമാണ് കണ്ടത്. കൊച്ചിന്‍റെ തലമാത്രമായിരുന്നു പുറത്ത്, ബാക്കി അകത്തുണ്ട്, ആ നിലയിലായിരുന്നു കിടന്നത്. അപ്പോൾ തന്നെ ആൾക്കാർ വന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു. 108 വിളിച്ചപ്പോൾ ആ ഭാഗത്തൊന്നും ഉണ്ടായിരുന്നില്ല. ഓട്ടോയിലാണ് കൊണ്ടുപോയത്. അവിടെ നിന്ന് സീരിയസാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ ഐസിയി ആംബുലൻസ് വിളിച്ചുകൊണ്ടുപോയി.

സിടി സ്കാനിങ്ങും മറ്റും കഴിഞ്ഞ് 72 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ ആകൂവെന്നാണ് പറഞ്ഞത്. അങ്ങനെ ഐസിയുവിലോട്ട് മാറ്റി. അപ്പോൾ തന്നെ സർജറി ചെയ്തിട്ടുണ്ടായിരുന്നു. അവന്‍റെ കണ്ണിന് പ്രശ്നം ഉണ്ടായിരുന്നു. തലച്ചോറിനകത്തും ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ട് ദിവസം ആയപ്പോൾ കണ്ണ് തുറന്ന് സംസാരിക്കാൻ ശ്രമിച്ചു. നമ്മളോട് എല്ലാവരോടും സംസാരിച്ചു. അച്ഛൻ കയറി വിളിക്കുമ്പോൾ ഞാൻ കണ്ടു എനിക്ക് ഇത്തിരി ഉറങ്ങണം എന്ന് പറയും. ബുദ്ധിമുട്ടുകൾക്കിടയിലും അവൻ സംസാരിച്ചു. മൂന്നാമത്തെ ദിവസം പെട്ടെന്ന് ഒരു പനി വന്നു. സിടി സ്കാൻ ചെയ്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ ബ്രെയിൻ ഇൻഫക്ഷൻ ആയിരുന്നു. അതിന് ചികിത്സിച്ചു. പക്ഷേ ശരിയായില്ല. ആശുപത്രിയിൽ നിന്ന് അത്രം കെയർ കൊടുത്ത് നോക്കിയിരുന്നു. അവർ പരമാവധി നോക്കിയിരുന്നു.

അവസാനം ചിത്രയിൽ നിന്ന് ഡോക്ടർ വന്നാണ് മകന് പകുതിയിലധികം ബ്രെയിൻ ഡെത്ത് സംഭവിച്ചെന്ന് പറയുന്നത്. അപ്പോഴാണ് ഞാൻ പറഞ്ഞത് അവന് അവയവം ദാനം ചെയ്യുന്നതിനെക്കുറിച്ച് ഒരു ആഗ്രഹം ഉണ്ടായിരുന്നെന്ന്. നേരത്തെ നമ്മുടെ സംസാരത്തിൽ അതുണ്ടായിട്ടുണ്ട്. അവയവം നല്ലതുണ്ടെങ്കിൽ ആർക്കേലും കൊടുക്കാമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. ഡോക്ടറോട് പറഞ്ഞപ്പോൾ ഏത് അവയവം കൊടുക്കാനാണ് താൽപ്പര്യം എന്നു ചോദിച്ചു. അവന്‍റെ ശരീരത്തിൽ പ്രവർത്തിക്കുന്ന അവയവങ്ങളിൽ ഏതാണ് ഒരാൾക്ക് ഉപകാരപ്പെടുന്നത് അതെല്ലാം കൊടുക്കാമെന്ന് ഞാൻ പറഞ്ഞു.

എന്‍റെ മോന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നത്, അവന്‍റെ കാല് ഇതുപോലെ ഫുട്ബോൾ കളിക്കുന്ന ഒരു കൊച്ചിന് കൊടുക്കണമെന്നായിരുന്നു. ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ഇന്ത്യയിൽ ആ ഓപ്പറേഷൻ വിജയിച്ചിട്ടില്ല. അങ്ങനെയാണ് നമ്മൾ കൈയെക്കുറിച്ച് ചിന്തിക്കുന്നത്. കൈ കൊടുത്ത് കഴിഞ്ഞാൽ നമ്മുടെ മോനെ ഇതേ പോലെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും, മോൻ കഴിക്കുന്ന ആഹാരങ്ങൾ നമ്മൾക്ക് അവനിലൂടെ കൊടുക്കാൻ കഴിയും ഇതെല്ലാം ആഗ്രഹിച്ചപ്പോൾ നമ്മൾക്ക് മൂന്നുപേർക്കും സന്തോഷമാണ് തോന്നിയത്. ഡോക്ടറും പറഞ്ഞു, നമ്മൾക്ക് കൈ കൈടുക്കാൻ പറ്റുമെന്ന്, അങ്ങനെയാണ് അതിലേക്ക് പോയത്. എന്‍റെ മോൻ മരിച്ചിട്ടില്ല, പത്ത് പേരിലൂടെ ഇപ്പോൾ ജീവിക്കുകയാണ്. ഈ കൈ വെക്കുന്ന കുഞ്ഞ് എന്നെങ്കിലും നമ്മളെ കാണാൻ വരികയോ, നമ്മൾ അങ്ങോട്ട് കാണുകയോ ചെയ്യും. ഞാൻ പറഞ്ഞതുപോലെ ആഹാരം കൊടുക്കണം, ഉമ്മ വെക്കണം, നമ്മളെ മൂന്നുപേരെയും കെട്ടിപ്പിടിക്കണം. ഇതാണ്, നമ്മുടെ ഇപ്പോഴത്തെ ആഗ്രഹമെന്ന് സാരംഗിന്‍റെ അച്ഛൻ കണ്ണീരോടെ പറഞ്ഞു.

x