നടൻ പുനീതിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ച്ച നൽകി; പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന ആയിരത്തി എണ്ണൂറ് വിദ്യാർത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഒരു നടന്‍ മാത്രമായിരുന്നില്ല, ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പുനീത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒപ്പം മൈസൂരില്‍ ശക്തിദാമ എന്ന സംഘടന നടത്തുകയും ചെയ്തിരുന്നു. 45 ഫ്രീ സ്‌കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 19 വൃദ്ധസദനങ്ങള്‍ എന്നിവയെല്ലാം പുനീത് നോക്കി നടത്തിയിരുന്നു. നിര്‍ധനരായ 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവും പുനീത് വഹിച്ചിരുന്നു.

പുനീതിന്റെ വിയോഗത്തോടെ അനാഥരായത് ഇവരൊക്കെയാണ്. ഇപ്പോള്‍ ആ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. വിശാലും ആര്യയും പ്രധാന വേഷത്തിലെത്തുന്ന ‘എനിമി’ എന്ന ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റിനിടെ ഹൈദരാബാദില്‍ വെച്ചാണ് വിശാല്‍ ഇക്കാര്യം അറിയിച്ചത്. ”പുനീത് രാജ്കുമാര്‍ ഒരു നല്ല നടന്‍ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗണ്‍ ടു എര്‍ത്ത് സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തി. അടുത്ത വര്‍ഷം മുതല്‍ പുനീത് രാജ്കുമാറില്‍ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാര്‍ഥികളെ ഏറ്റെടുക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു” വിശാല്‍ പറഞ്ഞു.

കൂടാതെ പുനീതിന്റെ കണ്ണുകൾ ദാനം ചെയ്‌തിരുന്നു, ഇപ്പോൾ നാല് പേർക്ക് ആണ് പുനീതിന്റെ കണ്ണ് കൊണ്ട് കാഴ്ച്ച ലഭിക്കുന്നത്, പുനീതിന്റെ രണ്ടു കോർണിയയിലെയും വിവിധ പാളികൾ കാഴ്ചതകരാർ സംഭവിച്ച നാല് രോഗികളിൽ വച്ചുപിടിപ്പിച്ചത്, പ്രശസ്‌ത ആശുപത്രിയായ നാരായണ നേത്രാലയലായിരുന്നു പാവപെട്ട രോഗികളെ തിരഞ്ഞെടുത്ത് ശസ്ത്രക്രിയ നടത്തിയത്,ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്, രണ്ട് കോർണിയയിലെയും പാളികൾ രണ്ടായി ആയി വേർതിരിച്ച് എടുക്കുകയായിരുന്നു, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൃദയാഘാതം മൂലം പുനീതിന്റെ മരണം സംഭവിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

‘പവര്‍ സ്റ്റാര്‍’ എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘ബെട്ടദ ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പേരെടുത്തു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.

2002 ല്‍ ‘അപ്പു’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി മാറി. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര, പവര്‍, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാര്‍വഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും താരം അഭിനയിച്ചു.

Articles You May Like

x