‘വില്ലന്‍ വേഷങ്ങള്‍ ചെയ്തപ്പോഴൊക്കെ ചിലര്‍ കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്’ ; മനസ് തുറന്ന് നടന്‍ രാജീവ് പരമേശ്വര്‍

ലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സമ്പാദിച്ച സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവാക്കള്‍ക്കിടയിലും കത്തിനില്‍ക്കുന്ന സീരിയല്‍കൂടിയാണ്. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സാന്ത്വനം 300 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കികയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. വാനമ്പാടിയുടെ സംവിധായകന്‍ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. 2020 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച പരമ്പര തുടക്കത്തില്‍ തന്നെ റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. സാധാരണ കണ്ടുവരുന്ന കുടുംബ പരമ്പകളില്‍ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം.

ഒരു ഇടവേളയ്ക്ക് ശേഷം ചിപ്പി വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിട്ടെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭര്‍ത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണ് സാന്ത്വനം. ആല്‍ബം ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടന്‍ രാജീവ് പരമേശ്വരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലന്‍ എന്ന കഥാപാത്രം രാജീവിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

ഇപ്പോഴിതാ, എന്തുക്കൊണ്ടാണ് താന്‍ സിനിമകളില്‍ അഭിനയിക്കാത്തത് എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് രാജീവ്. സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും അതിനായി തന്നെ വിളിക്കാറില്ല എന്നാണ് താരം പറയുന്നത്. അതുക്കൊണ്ടാണ് കൂടുതല്‍ സീരിയലില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാമുണ്ടെങ്കിലും ഭാഗ്യം തുണക്കില്ലെന്നും അതാണ് പലര്‍ക്കും സിനിമ പോലെയുള്ള മേഖലകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തതെന്നും രാജീവ് പറയുന്നു. സീരിയലുകളിലെ കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ആളുകള്‍ നമ്മളെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്തപ്പോഴൊക്കെ ആളുകള്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചിലര്‍ കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

സാന്ത്വനം സീരിയലില്‍ ബാലേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രഞ്ജിത്തും ചിപ്പിയും സമീപിച്ചപ്പോള്‍ ആശങ്ക ഉണ്ടായിരുന്നതായും അത് അപ്പോള്‍ തന്നെ അവരോടു പറയുകയും ചെയ്തിരുന്നുവെന്നും രാജീവ് പറയുന്നു. മറ്റ് പല അഭിനേതാക്കളുടെയും പേരുകള്‍ ഞാന്‍ ആ കഥാപാത്രത്തിനായി അവരോടു നിര്‍ദേശിക്കുകയും ചെയ്തു. തന്നാലാകും വിധം ആ കഥാപാത്രത്തിന് പൂര്‍ണത നല്‍കുന്നുണ്ടെന്നും പ്രേക്ഷകരുടെ പ്രതികരണങ്ങളും സ്‌നേഹവും കാണുമ്പോള്‍ അത് വിജയിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും രാജീവ് പറഞ്ഞു.

19 വര്‍ഷത്തോളമായി മലയാള സിനിമ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ താരം മുപ്പതോളം ടെലിവിഷന്‍ പരമ്പരകള്‍, പത്തോളം സിനിമകള്‍, ടെലിഫിലിമുകളും ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ ‘പാപ്പി അപ്പച്ചാ’യിലെ വില്ലാനായി രാജീവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈസ്റ്റ് കോസ്റ്റിന്റെ ‘നിനക്കായ്’ എന്ന ആല്‍ബത്തില്‍ ‘ഒന്നിനുമല്ലാതെ…’ എന്ന പാട്ടില്‍ അഭിനയിച്ചതോടെയാണ് രാജീവ് പരമേശ്വറിനെ ആളുകള്‍ കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങിയത്. ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത് ‘മരുഭൂമിയില്‍ പൂക്കാലം’ എന്ന സീരിയലിലാണ്. പിന്നീട് കെ.കെ രാജീവ് സാറിന്റെ ‘വേനല്‍മഴ’യിലും ഷിബു ചേട്ടന്റെ ‘ഊമക്കുയിലി’ലും പ്രധാന വേഷം ചെയ്തു. ഓമനത്തിങ്കള്‍ പക്ഷി’, ‘കാവ്യാഞ്ജലി’, ‘മാനസപുത്രി’ തുടങ്ങിയവ രാജീവിന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ സീരിയലുകളാണ്.

x