നശിപ്പിച്ചു കളയാൻ കഴിച്ച മരുന്നുകൾ അവളെ ഇങ്ങനെയാക്കി ; ഒടുവിൽ പ്രസവിച്ച് ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ദൈവദൂതയായി സാലി ഓടിയെത്തുന്നത്

രു കിലോ തൂക്കം പോലുമില്ലാതെയാണ് അനുഷ്‌ക പിറന്ന് വീണത്. വിവാഹം കഴിഞ്ഞ് നീണ്ട 11 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് സാലിയുടെ ജീവിത്തിലേക്ക് അനുഷ്‌ക വരുന്നത്. പ്രസവിക്കാന്‍ വിധിയില്ലെന്ന് പലരും മുദ്രകുത്തിയതായിരുന്നു പത്തനം തിട്ട ഇരവിപേരൂര്‍ സ്വര്‍ണാമല വീട്ടിലെ സാലിയെ. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്നു സാലി- സാമുവല്‍ ദമ്പതിമാര്‍.അകന്ന ബന്ധുവായ സ്ത്രീ അഞ്ചാമതും ഗര്‍ഭിണിയായ വിവരം ആയിടെയാണ് അവര്‍ അറിയുന്നത്. ദാരിദ്ര്യത്താല്‍ വലയുന്ന അവര്‍ക്ക് ആ കുഞ്ഞിനെ വേണ്ട. ഗര്‍ഭച്ഛിദ്രം നടത്താന്‍ ആരോ പറഞ്ഞുകേട്ട മരുന്നുകളൊക്കെ വാങ്ങിക്കഴിച്ചു. പക്ഷേ, ഗര്‍ഭം അലസുന്നില്ല. മരുന്നുകള്‍ പിന്നെയും പ്രയോഗിച്ചുകൊണ്ടിരുന്നു. അങ്ങനെ എട്ടാം മാസത്തിന്റെ തുടക്കത്തില്‍ അവര്‍ പ്രസവിച്ചു. ഒന്നര കിലോ പോലും തൂക്കമില്ലാത്ത ഒരു പെണ്‍കുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ഉപേക്ഷിക്കാന്‍ അവര്‍ ആലോചിക്കുന്നതറിഞ്ഞ് സാലി അവരെ പോയിക്കണ്ടു. ‘കുഞ്ഞിനെ കളയരുത്, ഞാന്‍ വളര്‍ത്തിക്കോളാം, ഞങ്ങളുടെ മകളായി’ – സാലി അപേക്ഷിച്ചു. പെറ്റമ്മയും കുടുംബവും അതു സമ്മതിച്ചു. രണ്ടാഴ്ച മുലയൂട്ടണമെന്ന സാലിയുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിച്ചു.

അങ്ങനെ ജനിച്ച് പതിനേഴാം ദിവസം ആ കുഞ്ഞ് സാലിയുടെ കൈകളിലെത്തി. പക്ഷിക്കുഞ്ഞിനോളം പോന്ന അവളെ സാലി തന്‍റെ നെഞ്ചിന്റെ ചൂടിലേക്ക് ഏറ്റുവാങ്ങി. കുഞ്ഞിനെയുമായി വീട്ടിലെത്തിയപ്പോള്‍ കാണാന്‍ വന്ന പലരും കുറ്റപ്പെടുത്തലായി. ‘നീയിതിനെ എങ്ങനെ വളര്‍ത്തും, കൊണ്ടുപോയി തിരികെക്കൊടുക്കൂ’ എന്ന് ശാസിക്കലായി. പക്ഷേ സാലി കൂട്ടാക്കിയില്ല. ആ സമയത്ത് അടുത്ത വീടുകളില്‍ പ്രസവം കഴിഞ്ഞ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അവര്‍ ഊഴമിട്ട് പാലൂട്ടി. അങ്ങനെ മൂന്ന് അമ്മമാരുടെ സ്നേഹത്തില്‍ അവള്‍ മെല്ലെ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങി. ഒരു മാസം കൊണ്ട് തന്നെ കുഞ്ഞ് തൂക്കം വച്ചു. കാഴ്ചയില്‍ ആരോഗ്യവതിയായ സുന്ദരിക്കുട്ടി.പക്ഷേ മൂന്നു മാസം കഴിഞ്ഞിട്ടും കുഞ്ഞ് കമിഴ്ന്നു വീഴാതെ വന്നപ്പോള്‍ സാലി ശ്രദ്ധിച്ചുതുടങ്ങി. ആറു മാസമെത്തിയിട്ടും കഴുത്ത് ഉറയ്ക്കുന്നില്ല. മറ്റു വളര്‍ച്ചാ ഘട്ടങ്ങളൊന്നും കാണിക്കുന്നില്ല. സാലി ഭര്‍ത്താവിനെ കൂട്ടി കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗത്തിലെത്തിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ കുഞ്ഞിന്റെ പെറ്റമ്മ കഴിച്ച മരുന്നുകള്‍ അവളുടെ ശരീരം തളര്‍ത്തിക്കഴിഞ്ഞിരുന്നു. കാര്യമായ ചികിത്സകളൊന്നും ചെയ്യാനില്ല. അതോടെ കാണുന്നവരെല്ലാം സാലിയെ കുറ്റപ്പെടുത്തലായി. കുഞ്ഞിനെ ഉപേക്ഷിച്ചു കളയാന്‍ ഉപദേശമായി. അവരോടെല്ലാം സാലി ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ, ‘നിങ്ങളുടെ മക്കള്‍ക്ക് വയ്യായ്ക വന്നാല്‍ ഉപേക്ഷിച്ചു കളയുമോ?’
പിന്നീടങ്ങോട്ട് സാലി കുഞ്ഞിനെയുമായി ആശുപത്രികള്‍ കയറിയിറങ്ങിത്തുടങ്ങി. ഓരോ യാത്രകളിലും ബസിലും മറ്റും കാഴ്ചക്കാരുടെ കുത്തുവാക്കുകള്‍ സാലിയെ കീറിമുറിക്കും. കുഞ്ഞിന്‍റെ കഴുത്ത് ഉറയ്ക്കാതെ ആടുന്നത് കാണുമ്പോള്‍ സാലിക്ക് കുഞ്ഞിനെ ശരിയായി എടുക്കാന്‍ അറിയാഞ്ഞിട്ടാണെന്ന് കാഴ്ചക്കാര്‍ വിധിയെഴുതും. മുതിര്‍ന്ന സ്ത്രീകളും മറ്റും ഉച്ചത്തില്‍ ശാസിക്കും. ഇതു പതിവായപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി യാത്രകള്‍ ഓട്ടോറിക്ഷയിലാക്കി. ഒടുവില്‍ പ്രശസ്ത ന്യൂറോസര്‍ജനും സുവിശേഷകനുമായ തിരുവല്ല കാവുംഭാഗത്തെ ഡോ. ജോര്‍ജ് കോവൂരിന്റെ മുന്നിലെത്തി. അദ്ദേഹമാണ് അനുഷ്കയുടെ ശാരീരികാവസ്ഥയെ കുറിച്ചും അവള്‍ക്ക് നല്‍കേണ്ട പരിചരണത്തെ കുറിച്ചും കൃത്യമായ വിവരം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം തന്നെ കുഞ്ഞിനെ സ്പെഷല്‍ സ്കൂളിലും ചേര്‍ത്തു. ഡോ. കോവൂര്‍ അര്‍ബുദ ബാധിതനായി മരിക്കും വരെ അദ്ദേഹമായിരുന്നു അനുഷ്കയുടെ ചികിത്സ നടത്തിയത്.

ശരീരത്തിന്റെ ബലക്ഷയം അനുഷ്കയുടെ ബുദ്ധിക്ക് തെല്ലും മങ്ങലേല്‍പ്പിച്ചിട്ടില്ല. വാക്കുകള്‍ പറയാന്‍ കഴിയില്ലെങ്കിലും അവള്‍ ശബ്ദങ്ങളിലൂടെ സ്വന്തമായ ഭാഷ ഉണ്ടാക്കിയെടുത്തു. മൂന്നു വയസ്സായപ്പോള്‍ മുതല്‍ അച്ഛന്‍ അവളെ കസേരയില്‍ എടുത്ത് ഇരുത്തിത്തുടങ്ങി. ദേഹം തളര്‍ന്ന കുഞ്ഞ് വീണുപോകാതിരിക്കാന്‍ അച്ഛന്‍ തന്നെ അവള്‍ക്കു വേണ്ടി പ്രത്യേക ഡിസൈനിൽ കസേര പണിതു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴുത്തില്‍ കോളര്‍ ധരിപ്പിച്ചു. അമ്മ ജോലി ചെയ്യുമ്പോള്‍ അടുക്കളയില്‍ കൊണ്ടിരുത്തും. പാചകം ചെയ്യാനെടുക്കുന്ന പച്ചക്കറികളും മറ്റു സാധനങ്ങളുമെല്ലാം കുഞ്ഞിനെ കാണിച്ച് ഓരോന്നിന്റെയും പേര് പറഞ്ഞുകൊടുക്കും. പലവട്ടം ഇത് ആവര്‍ത്തിച്ച ശേഷം ഒരു തവണ സാലി തെറ്റിച്ച് പറയും. അപ്പോള്‍ അവള്‍ തന്റേതായ ഭാഷയില്‍ തിരുത്തും. അവള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സാലി അവളോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങി.

ഏഴു വയസ്സില്‍ സ്പെഷല്‍ സ്കൂളില്‍ ചേര്‍ത്തെങ്കിലും അത് അനുഷ്കയ്ക്ക് കാര്യമായി ഗുണം ചെയ്തില്ല. മൂന്നു വര്‍ഷത്തെ അവിടത്തെ പഠനം കൊണ്ട് ആകെയുണ്ടായ നേട്ടം ഫിസിയോതെറപ്പിയുടെ ചില ബാലപാഠങ്ങള്‍ സാലിക്ക് പഠിച്ചെടുക്കാന്‍ കഴിഞ്ഞതാണ്. അത് നിരന്തരം ചെയ്ത് കുട്ടിയുടെ കഴുത്ത് ഒട്ടൊക്കെ നേരെ നില്‍ക്കുമെന്നായി. ചുരുണ്ടിരുന്ന മുഷ്ടി നിവര്‍ന്നുവന്നു. ആയിടയ്ക്കാണ് സമീപത്തുള്ള ഇരവിപേരൂര്‍ ഗവ. യുപി സ്കൂളിലേക്ക് അവളെ ചേര്‍ത്താലോ എന്ന് ആലോചന വന്നത്. ഈ അവസ്ഥയിലുള്ള കുഞ്ഞിന് സ്കൂളില്‍ പ്രവേശനം കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ഹെഡ്മിസ്ട്രസ് ജോളിമോള്‍ ജോര്‍ജിനെ കണ്ട് കാര്യം അവതരിപ്പിച്ചു. സാലി കരുതിയിരുന്നതില്‍ നിന്നു വ്യത്യസ്തമായി ആ അധ്യാപിക അനുഷ്കയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ പത്തു വയസ്സില്‍ അവള്‍ ഒന്നാം ക്ലാസിലെത്തി.ക്ലാസ് ടീച്ചര്‍ റോഷിന്റെയും കൂട്ടുകാരായ ജിയ, നിരഞ്ജന, സൗമ്യ തുടങ്ങിയവരുടെയും പിന്തുണ അവളെ സ്കൂളിനോട് അടുപ്പിച്ചു. രാവിലെ സാലിയും അനിയനും ചേര്‍ന്ന് സ്കൂളിലെത്തിച്ചാല്‍ പിന്നെ ബാക്കി കാര്യങ്ങളെല്ലാം കൂട്ടുകാരായ ആറു വയസ്സുകാരാണ് നോക്കുന്നത്. കൊറോണ മൂലം രണ്ടാം ക്ലാസിലെ അധ്യയനം ടിവിയിലൂടെ ആയെങ്കിലും അവള്‍ പഠനം മുടക്കിയില്ല. ക്ലാസ് ടീച്ചര്‍ ദിവ്യ മിക്കവാറും വിളിച്ച് അവളുടെ പഠനപുരോഗതിയും വിശേഷങ്ങളും തിരക്കും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ അനുഷ്ക ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. പിന്നെ അമ്മ സാലിയുടെ സഹായത്തോടെ ഗൃഹപാഠങ്ങളും ചെയ്യും. വിരലുകളില്‍ നേര്‍ത്ത തുണി കൊണ്ട് കെട്ടി അമ്മ പെന്‍സില്‍ പിടിപ്പിച്ചുകൊടുത്ത് അവളെ കൊണ്ട് എഴുതിപ്പിക്കും. അമ്മ പിടിക്കാത്ത നേരങ്ങളില്‍ ബുക്ക് വച്ചു കൊടുത്താല്‍ മെല്ലെ വരച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തവണ അവള്‍ മൂന്നാം ക്ലാസിലേക്ക് ജയിച്ചു. അച്ഛ, അമ്മ, അമ്മച്ചി, അച്ചാച്ചന്‍, താങ്ക്യൂ, ഹായ് തുടങ്ങിയ വാക്കുകള്‍ പറയാന്‍ പഠിച്ചു കഴിഞ്ഞു.സീരിയല്‍ – സിനിമ പ്രേമിയാണ് അനുഷ്ക. ടിവിയില്‍ വരുന്ന സിനിമകളൊക്കെ കാണും. കോമഡി സിനിമകളാണ് പ്രിയം. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെയും ജഗതി ശ്രീകുമാറിന്റെയും തമാശ സീനുകളാണ് അവള്‍ക്കേറെ ഇഷ്ടം. ധര്‍മജന്റെ പേര് കേട്ടാൽഅവള്‍ ചിരിച്ചുമറിയും. ധര്‍മജന്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞാല്‍ ഏറെ സന്തോഷവതിയാകും.
സംഗീതം ഒരുപാടിഷ്ടമുള്ള അനുഷ്‌ക ടിവി ചാനലുകളിലെ സംഗീത പരിപാടികളുടെ സ്ഥിരം പ്രേക്ഷകയാണ്. അവളുടെ ഭാഷയില്‍ പാടാനും മറക്കാറില്ല. അവളെ സന്തോഷിപ്പിക്കാനായി സാലി ഡാന്‍സ് കളിച്ച് കൊടുക്കും. അത് കാണുമ്പോള്‍ കൈകളുയര്‍ത്താനും നൃത്തം ചെയ്യാനും അവള്‍ ശ്രമിക്കും.

വൃത്തിയുടെ കാര്യത്തില്‍ അവള്‍ കോംപ്രമൈസ് ചെയ്യില്ല. തന്റെ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോടു മാത്രമായി ഇഷ്ടം. പുറത്തുനിന്നു വാങ്ങുന്ന പാല്‍ കഴിക്കാന്‍ മടിയായി. അതിനാല്‍ സാമുവല്‍ പണം കടം വാങ്ങി ഒരു പശുവിനെ വാങ്ങി. പശുവിനെ അച്ഛ തന്നെ കറക്കണമെന്നും അനുഷ്കയ്ക്ക് നിര്‍ബന്ധമുണ്ട്. തൊഴുത്തിനോട് ചേര്‍ന്ന ജനാലയ്ക്കടുത്ത് കസേര ഇട്ടിരുന്ന അനുഷ്ക അതു കണ്ട് ഉറപ്പുവരുത്തും. എന്നിട്ടേ പാല്‍ കുടിക്കൂ. എന്തായാലും അനുഷ്കയ്ക്കു വേണ്ടി വാങ്ങിയ പശു വരുമാന മാര്‍ഗമായതോടെ രണ്ടു പശുക്കളെ കൂടി വാങ്ങി. ഇന്ന് പാല്‍ക്കച്ചവടമാണ് കുടുംബത്തിന്‍റെ മുഖ്യ വരുമാന സ്രോതസ്സ്.മണിമലയാറിനോടു ചേര്‍ന്നുള്ള ഇവരുടെ വീട് 2019ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയിരുന്നു. അനുഷ്കയുടെ ചികിത്സാരേഖകളടക്കം വീട്ടിലുള്ളതെല്ലാം നഷ്ടപ്പെട്ടു. അതോടെ കുട്ടിക്ക് ആകെ വിഷമമായി. അല്‍പം പണം കയ്യില്‍ വന്നപ്പോള്‍ അതുകൊണ്ട് എന്തു വേണമെന്ന് സാമുവല്‍ മകളോട് ചോദിച്ചു. വീടായിരുന്നു മകളുടെ സ്വപ്നം. സര്‍ക്കാര്‍ നല്‍കിയ സഹായത്തിനൊപ്പം കിട്ടുന്നിടത്തു നിന്നെല്ലാം പണം കടം വാങ്ങി വീട് വച്ചു. മോഹിച്ചു കിട്ടിയ വീട് വൃത്തിയായി സൂക്ഷിക്കാന്‍ അമ്മയ്ക്ക് അനുഷ്ക ആവുന്ന സഹായങ്ങള്‍ ചെയ്യും. സാലിക്ക് നിലം തുടയ്ക്കാന്‍ സമയം കിട്ടാത്ത ദിവസങ്ങളില്‍ അവള്‍ അമ്മയോട് തന്നെ തറയില്‍ കിടത്താന്‍ ആവശ്യപ്പെടും. പിന്നെ ഒരു തുണി കയ്യില്‍ പിടിച്ച് തറയില്‍ നിരങ്ങിക്കറങ്ങി തുടച്ചു വൃത്തിയാക്കും. മടക്കാനുള്ള തുണികള്‍ അവളുടെ കസേരക്കയ്യില്‍ ഇട്ടു കൊടുത്താല്‍ തനിക്കാവുന്നതു പോലെ മടക്കിവയ്ക്കും.അനുഷ്കയ്ക്ക് ആ പേര് നല്‍കിയത് പിതൃസഹോദരപുത്രി അന്‍സുവാണ്. പ്രകാശകിരണം എന്നാണ് സംസ്കൃതത്തിലുള്ള ആ വാക്കിന്റെ അര്‍ഥം.ഇന്ന് സാലി അവരുടെ വീടിന്റെ ഐശ്വര്യമാണ്…പ്രതീക്ഷയാണ്…അവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ്…

Articles You May Like

x