ജനിച്ചപ്പോൾ രണ്ട് വിരലുകൾ ഇല്ല ജീവിക്കുമോ എന്ന് പോലും സംശയം, ഡോക്ടർ വിധിയെഴുതിയത് 48 മണിക്കൂർ; മകളെ ഓർത്ത് ജീവിതത്തിൽ ആദ്യമായി കരഞ്ഞ ആ പിതാവ് പിന്നീട് ഒരിക്കലും അവളെയോർത്ത് കരഞ്ഞിട്ടില്ല

സ്വന്തം മക്കളുടെ കുറവുകളെയും, പരിമിതകളെയും കുറിച്ച് ആകുലതപ്പെടുകയും, സഹതപിക്കുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. എന്നാൽ അത്തരം രക്ഷിതാക്കൾക്കിടയിൽ മാതൃകയായ വ്യക്തിയാണ് സലിം കോടത്തൂർ. കൂടുതൽ മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാളികൾക്കിടയിൽ ഏറെ പരിചിതനാണ് അദ്ദേഹം. മാപ്പിളപ്പാട്ടിൻ്റെ മേഖലയിൽ തന്റേതായ രീതിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി വരുന്ന സലിം നല്ലൊരു ഗായകനാണ്. ഈ ലോകത്ത് നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടതായി തോന്നുന്നത് എന്തണെന്ന് ചോദിച്ചാൽ ഒരൽപ്പം പോലും ആശങ്കയില്ലാതെ അദ്ദേഹം പറയും, ആത് തൻ്റെ മകൾ ഹന്ന കുട്ടിയാണെന്ന്.

മകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്തത്രയും തിളക്കമാണ് സലിംമിൻ്റെ കണ്ണുകളിൽ. തൻ്റെയും, ഭാര്യ സുമിയുടെയും ജീവിതത്തിലേയ്ക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നയെന്നും, അവൾ ജനിക്കില്ലെന്നായിരുന്നു എല്ലാവരും ആദ്യം വിധിയെഴുതിയതെന്നും, പിന്നീട് ജനിച്ചാൽ തന്നെ ജീവിക്കില്ലെന്നായി മറ്റൊരു സംസാരം. ഇനി എങ്ങാനും ജീവിച്ചാൽ തന്നെ നരകിച്ച് കഴിയേണ്ടി വരുമെന്നും. എല്ലാ തരത്തിലും നിരാശയുടെ വാക്കുകൾ മാത്രം കേട്ടിരുന്ന ആ സന്ദർഭത്തെക്കുറിച്ച് സലിം ഒരു നിമിഷം ഓർത്തെടുക്കുകയായിരുന്നു. പത്തു വയസ് മാത്രം പ്രായമുള്ള തങ്ങളുടെ മകളുടെ കുറവുകളെക്കുറിച്ച് ഒരുപറ്റം ആളുകൾ സംസാരിച്ചപ്പോൾ മകൾക്കുള്ളിലെ മികവുകളെ മാത്രം കണ്ടെത്തുകയായിരുന്നു ആ പിതാവ്. ഹന്നയ്ക്ക് പുറമേ സലിംമിനും, ഭാര്യ സുമിയ്ക്കും രണ്ട് മക്കൾ കൂടെയുണ്ട്. മൂത്ത മകൻ സിനാൻ പ്ലസ്ടു കഴിഞ്ഞു. രണ്ടാമത്തെ മകൾ സന പത്താം ക്ലാസിൽ. രണ്ട് കുഞ്ഞുങ്ങൾക്ക് പിന്നാലെ ഭാര്യ വീണ്ടും ഗർഭിണി ആണെന്ന് അറിഞ്ഞതോടെ എല്ലവർക്കും വലിയ സന്തോഷമായിരുന്നു കുടുംബത്തിലെന്ന് സലിം പറയുന്നു.

വിദേശത്തും, സ്വദേശത്തുമായിട്ടുള്ള തിരക്കുകളെല്ലാം മാറ്റിവെച്ച് ഈ സമയങ്ങളിൽ അദ്ദേഹം ഭാര്യയ്ക്ക് അരികിൽ എത്തുമായിരുന്നു. ഭാര്യ ഗർഭിണി ആണെന്ന് അറിഞ്ഞ അന്ന് മുതൽ സലിമും കുടുംബവും ഒരു കാര്യം മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളു. പൂർണ ആരോഗ്യത്തോട് കൂടെ താങ്കൾക്ക് ഒരു കുഞ്ഞിനെ തരണമെന്ന്. അതിനായി മികച്ച ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയും, മെച്ചപ്പെട്ട മരുന്നുകളും, ഭക്ഷണങ്ങളുമെല്ലാം നൽകി. മകളുടെ വരവിനായി ഏറെ ആഗ്രഹിച്ച മാതാപിതാക്കളോട് ഉള്ളം പിടയുന്ന തരത്തിലായിരുന്നു ഡോക്ടർ ആ വെളിപ്പെടുത്തൽ നടത്തിയത്. കുഞ്ഞിന് നല്ല രീതിയിൽ വളർച്ച കുറവുണ്ട്. അപ്പോഴേക്കും ഏഴു മാസമായിരുന്നു. എന്താണ് പരിഹാര മാർഗമെന്ന് ചോദിച്ചപ്പോൾ ഡോക്ടർ നൽകിയ മറുപടി നന്നയി വെള്ളം കുടിക്കുവാനും, ആഹാരം കഴിക്കുവാനും ആയിരുന്നു.

ഗർഭിണി ആയിരിക്കുന്ന സമയത്ത് നടത്തേണ്ട എല്ലാ ടെസ്റ്റുകളും ഭാര്യയ്ക്ക് വേണ്ടി നടത്തിയിരുന്നതായും എന്നാൽ ആ സമയത്ത് കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് സലിം പറയുന്നു. നിങ്ങളുടെ മകൾക്ക് രണ്ട് വിരലുകൾ ഇല്ലെന്നായി ഡോക്ടർ അടുത്ത തവണ പറഞ്ഞത്. സാരമില്ല വിരലുകൾ ഇല്ലെങ്കിലും മറ്റു കുഴപ്പങ്ങളൊന്നും ഇല്ലല്ലോ എന്ന് സ്വയം ആശ്വസിക്കുന്നതിന് ഇടയിലായിരുന്നു കേവലം 950 ഗ്രാം മാത്രം തൂക്കമുള്ള തങ്ങളുടെ മകൾ വെന്റിലേറ്ററിൽ കിടക്കുന്നത്. സാധാരണ ഒരു കുഞ്ഞിന് വേണ്ട വളർച്ച അവൾക്ക് ഉണ്ടായിരുന്നില്ല. ശ്വാസമെടുക്കാനും, സംസാരിക്കാനും എല്ലാം വല്ലാതെ പ്രയാസപ്പെട്ടു. ആ കാഴ്ചയിലാണ് മകളെക്കുറിച്ച് ഓർത്ത് ജീവിതത്തിൽ ആദ്യമായി താൻ കരയുന്നതെന്ന് സലിം പറഞ്ഞു. പിന്നീട് ഒരിക്കലും അവളെയോർത്ത് കരയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

മകളുടെ ആരോഗ്യ പുരോഗതിയ്ക്കായി ഓടി നടന്ന ആ പിതാവ് അങ്ങനെയാണ് തൃശൂരിലെ ആശുപത്രിയിൽ എത്തുന്നത്. എന്നാൽ അവിടെയും നിരാശയുടെ ദിനങ്ങൾ ആയിരുന്നുവെന്ന് മാത്രമല്ല, കൂടുതൽ വേദനകൾ സലിംമിനും കുടുംബത്തിനും അനുഭവിക്കേണ്ടി വന്നു. ഈ കുഞ്ഞിന് ഇരിക്കുവാനോ, നടക്കുവാനോ കഴിയില്ലെന്നും, വളർച്ചയുണ്ടാവുകയില്ല, മുടി വളരില്ല, നട്ടെല്ലിൽ നീർക്കെട്ട് കാണുന്നുണ്ട്. അത് മാറ്റാൻ സർജറി അത്യാവശ്യമാണ്. സർജറി ചെയ്ത് കഴിഞ്ഞാലും ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പില്ല. ഭീതിപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടെ ഡോക്ടർ പങ്കുവെച്ചു. എല്ലാവർക്കും ഹൃദയം നെഞ്ചിൻ്റെ ഇടത് വശത്ത് ആണെങ്കിൽ നിങ്ങളുടെ മകൾക്ക് അത് വലത് ഭാഗത്താണ്. ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടും. എന്നാൽ പിന്നീട് അങ്ങോട്ട് ഡോക്ടർമാരെയും, തങ്ങളെയും എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള മാറ്റമായിരുന്നു ഹന്ന കുട്ടിയിലെന്ന് സലിം പറയുന്നു. അവൾ പതിയെ നടക്കുവാനും, സംസാരിക്കുവാനും, ബുദ്ധി ശക്തിയും,ഓർമ ശക്തിയും പ്രടിപ്പിക്കുവാൻ തുടങ്ങി. അന്ന് മുതൽ തൻ്റെ മകളും മറ്റ് കുട്ടികളെ പോലെ തന്നെയാണെന്ന് ആ പിതാവും തിരിച്ചറിഞ്ഞു.

ഒരു ഭിന്നശേഷിക്കാരി പെൺകുട്ടിയാണ് മകളെന്ന് ഐക്യൂ ടെസ്റ്റ് നടത്തിവർ പോലും അവളെക്കുറിച്ച് പറയാൻ തങ്ങളെ അനുവദിച്ചില്ലെന്നും, സംസാരിക്കാൻ അവൾ ശ്രമിക്കുമ്പോൾ അവളുടെ ഉപ്പ അവൾക്ക് പാട്ടുകൾ പാടി കൊടുക്കും. കൊഞ്ചിക്കും അങ്ങനെ എല്ലാ തരത്തിലും അവളെ കുടുംബത്തിലുള്ളവർ എല്ലാം സ്നേഹിക്കാൻ തുടങ്ങി. തൻ്റെ കുറവുകളെ ഇടം കണ്ണിട്ട് നോക്കുന്നവരെ അതിനേക്കാൾ സഹതാപത്തോട് നോക്കി ഹന്ന ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ഉപ്പ എനിയ്ക്ക് മൂന്ന് കൈവിരലുകളെ ഉള്ളു അത് ശരിയാക്കണം. അപ്പോൾ മകളുടെ മുഖത്തു നോക്കി സ്നേഹത്തോടെ ആ പിതാവ് പറഞ്ഞത്രേ എല്ലാർക്കും ൻ്റെ ചുന്ദരി കുട്ടിയോട് അസൂയ ആണെന്ന്. മകളുടെ പത്താമത്തെ പിറന്നാൾ ദിനത്തിൽ അവളോടപ്പമുള്ള ചിത്രം  പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ സലിം കോടത്തൂർ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സ്നേഹ നിധിയായ ഈ ഉപ്പയെക്കുറിച്ചും, അതിനേക്കാൾ വാത്സല്യ നിധിയായ ആ മകളെക്കുറിച്ചും കൂടുതൽ ആളുകൾ അറിയുന്നത്. സലിം ഇപ്പോൾ എവിടെ പരിപാടിയ്ക്ക് പോവുകയാണെകിലും അവിടെയെല്ലാം ഹന്നകുട്ടിയും പോകും. ഉപ്പാൻ്റെ രാജകുമാരിയായും, ചുന്ദരികുട്ടിയായും മലപ്പുറത്തെ കോടത്തൂരിലെ നമ്പിശേരി വീട്ടിൽ ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി പറക്കുകയാണ്…

Articles You May Like

x