‘ഇതാണ് എൻ്റെ കേരള സ്റ്റോറി’: ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനെയും ഗണപതി കോവിലിനേയും കുറിച്ച് ട്വീറ്റുമായി റസൂൽ പൂക്കുട്ടി

ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നു എന്ന് സ്ഥാപിക്കുന്ന ചിത്രമാണിത്. സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാമെന്ന് വിമര്‍ശനം ഉയര്‍ന്ന ചിത്രം ട്വിറ്ററില്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. ഈ ചിത്രം സൃഷ്ടിക്കുന്ന പ്രതിച്ഛായയല്ല യഥാര്‍ഥത്തില്‍ കേരളത്തിനുള്ളതെന്ന് പറയുന്നവരും ട്വിറ്ററിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ പ്രശസ്തരുമുണ്ട്. ഓസ്കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

എ ആർ റഹ്മാന് പിന്നാലെ ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനേയും ഗണപതി കോവിലിനേയും കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് എൻ്റെ കേരള സ്റ്റോറി എന്ന ഹാഷ്ടാഗിനോടൊപ്പമാണ് ട്വീറ്റ്. പള്ളിക്കുള്ളിൽ നിലവിളക്കും കതിർമണ്ഡപവുമൊരുക്കി നടന്ന ഹിന്ദുകല്യാണത്തിൻ്റെ കഥ പറഞ്ഞ് മലയാളിയുടെ യഥാർത്ഥ മാനവികത സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റസൂൽ പൂക്കുട്ടിയും ട്വീറ്റുമായി രം​ഗത്തെത്തിയത്.

പല കോണുകളിൽ നിന്ന് ‘ദ് കേരള സ്റ്റോറി’സിനിമയ്ക്ക് വിമർശനങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സുദീപ്തൊ സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

x