ആ ശബ്ദം കേട്ട് ഞെട്ടിയുണന്നപ്പോൾ കണ്ടത് അടുത്തിരുന്നയാളുടെ കൈകൾ അറ്റുകിടക്കുന്നതാണ് ; ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു – മനോമിത്രൻ

നാടിനെ നടുക്കിയ വൻ ദുരന്തമാണ് പാലക്കാട്‌ വടക്കേഞ്ചേരിയിലെ ബസപകടം. അപ്രതീക്ഷിതമായി സംഭവിച്ച ഈ അപകടത്തിൽ നിന്നും മലയാളികൾ ഇന്നും മോചിതരായിട്ടില്ല. ആ അപകടം കവർന്നെടുത്തത് ഒൻപത് ജീവനുകളാണ്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു തലകീഴായി മറഞ്ഞു. അഞ്ച് സ്കൂൾ വിദ്യാർത്ഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ 3 യാത്രക്കാരുടെയും ജീവനുകൾ നഷ്ടമായി ഈ വാർത്തയറിഞ്ഞാണ് ഓരോ മലയാളികളും ആ ദിവസം ഉണർന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സംഭവിക്കാൻ കാരണമായത്. ഇയാളെ പോലീസ് പിടികൂടിയെങ്കിലും ആ നഷ്ടപ്പെട്ട ജീവനുകൾ തിരിച്ചു കിട്ടില്ല.

ഓരോ ലക്ഷ്യങ്ങൾക്കും വേണ്ടിയിട്ട് യാത്ര തിരിച്ചവരാണ് മരിച്ചവർ ഓരോരുത്തരും. പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവരുടെ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല അവർ. ജീവൻ നഷ്ടമായവർ ഓരോരുത്തരും അവരുടെ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഒരു ഡ്രൈവറുടെ അശ്രദ്ധ കാരണം ഒരു കുടുംബത്തെ തന്നെയാണ് ഇല്ലാതാക്കിയത്. ജീവിതത്തിൽ പല പ്രതീക്ഷകളും മുന്നിൽ കണ്ട് യാത്ര ചെയ്തവരായിരിക്കും അവർ. ചേതനയറ്റ അവരുടെ മൃതശരീരം വീട്ടിൽ കൊണ്ടുവന്നപ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ നിലവിളികൾ ഒരിക്കലും കണ്ടു സഹിക്കാൻ പറ്റില്ല. ഓരോ യാത്രയും നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. എന്നാൽ ഈ യാത്ര ഒരു വൻ ദുരന്തത്തിന്റെ ആഘാതമാണ് സൃഷ്ടിച്ചത്. കൂടെ യാത്ര ചെയ്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. ആ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും അവർ ഇന്നും കര കയറിയില്ല. അവർക്കും പറയാനുണ്ട് ദുരന്തം മുന്നിൽ കണ്ട ആ കാഴ്ചയെ കുറിച്ച്.

ഈ ദുരന്തത്തിന്റെ ദൃക്സാക്ഷിയാണ് അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരനായിരുന്ന അടൂർ സ്വദേശിയായ മനോമിത്രൻ. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. ട്രെയിനിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ബസിൽ യാത്ര ചെയ്തു. അപകടം സംഭവിക്കുന്നതിനു തൊട്ടുമുൻപ് ഫോൺ വിളിച്ചു ഞാൻ ഒന്നു ഉറങ്ങിപ്പോയി. പെട്ടെന്ന് ഒരു കുലുക്കവും വലിയ ശബ്ദവും കേട്ട് ഉണർന്നപ്പോൾ കണ്ടത് ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലാത്ത ആ കാഴ്ചയാണ്. എന്റെ തൊട്ടടുത്ത് ഇരുന്നയാൾ അപ്പോൾ തന്നെ മരിച്ചു. അദ്ദേഹം സീറ്റിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. രാത്രി 11.30 ആയി കാണും. ഫോണെല്ലാം തെറിച്ചുപോയി. പിന്നിലിരുന്ന യാത്രക്കാർ എല്ലാം കരഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.

എങ്ങനെയോ ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങി. കൈകളെല്ലാം അറ്റുപോയ നിലയിൽ റോഡിൽ രണ്ടുപേർ കിടപ്പുണ്ടായിരുന്നു. ബസിൽ നിന്നും ഇറങ്ങിയപ്പോൾ ടൂറിസ്റ്റ് ബസ് കണ്ടില്ല. ടൂറിസ്റ്റ് ബസ് കുറച്ചപ്പുറത്തായി മറിഞ്ഞ് കിടക്കുകയായിരുന്നു എന്ന് പലരും പറഞ്ഞു. ബസിന്റെ വലതുഭാഗത്ത് നടുക്കുള്ള സീറ്റിലാണ് ഞാൻ ഇരുന്നത്. അപകടം സംഭവിച്ചതോടു കൂടി എല്ലാവരും ഓടിയെത്തി. അപകടം പറ്റിയവരെ കിട്ടിയ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടു പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് എന്റെ തലയിൽനിന്ന് ചോരയൊലിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒരു ബൈക്കുകാരൻ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കാലിനും തലയിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു- മനോമിത്രൻ പറഞ്ഞു.

 

 

x