ആ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സ്വർണവും ഇട്ട് എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല; ക്ഷേത്രത്തിൽ വെച്ച് മാല മോഷണം പോയ അമ്മയ്ക്ക് സ്വർണ വളകൾ ഊരി നൽകിയത് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത

ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ വീട്ടമ്മയുടെ മാല മോഷണം പോയതും തുടര്‍ന്ന് നടന്ന സംഭവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം അരങ്ങേറിയത്.എന്നാല്‍ മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഒരു സ്ത്രീഊരി നല്‍കി .കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര എന്ന അറുപത്തിയേഴുകാരിയുടെ മാലയാണ് ക്ഷേത്ര സന്നിധിയില്‍ വെച്ച് മോഷണം പോയത്‌.

ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു പോയി.അവരെ പിന്നെ കണ്ടെത്താനായില്ല.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’ വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്.മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്ത ആ സ്ത്രീയെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ് .

ശ്രീലത എന്നാണ് അവരുടെ പേര്. ചേര്‍ത്തല മരുത്താര്‍വട്ടം ബിന്ദു വിനാവാസില്‍ ശ്രീലത…കണ്ണിന് ഭാഗികമായി മാത്രമേ ഇവര്‍ക്ക് കാഴ്ചയുള്ളൂ. ശ്രീലത തന്റെ ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് പാട്ടാഴി ക്ഷേത്രത്തിലേക്ക് പോയത്. ശ്രീലത സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ; ” ഞാന്‍ ക്ഷേത്രത്തില്‍ വെച്ച് മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു.അതിനിടയിലാണ് ഒരു അമ്മ നിലവിളിച്ച് പോകുന്നത് കണ്ടത്. ഞാന്‍ അവിടെയുണ്ടായിരുന്ന ഒരാളോട് കാര്യം അന്വേഷിച്ചു. ഒരു അമ്മയുടെ മാല എവിടെയോ വീണുപോയി എന്നവര്‍ മറുപടി പറഞ്ഞു. എന്നെ ആ അമ്മയുടെ അടുത്ത് കൊണ്ടുപോകാന്‍ ഞാനെന്റെ മരുമകളോട് പറഞ്ഞു. അവള്‍ എന്നെ കൊണ്ടുപോയി. അവരോട് ഞാന്‍ കരയല്ലേ എന്ന് പറഞ്ഞു. ഞാന്‍ കഷ്ടപ്പെട്ട് ചിട്ടി ഒക്കെ എടുത്ത് ഉണ്ടാക്കിയ മാലയാണെന്നും ഇനി അതുപോലൊരെണ്ണം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ആ അമ്മ പറഞ്ഞു.അവര്‍ വീണ്ടും നിലവിളിക്കാന്‍ തുടങ്ങി. എന്റെ രണ്ട് വളകള്‍ ഞാന്‍ പകരം തരാം…ഇനി കരയരുത്…പൊയ്‌ക്കോളൂ എന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്നിട്ട് വളകള്‍ അവരുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു”- ശ്രീലത പറയുന്നു.

താന്‍ ചെയ്തത് വലിയ മഹാ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല.ഒരാളുടെ വേദന കണ്ടപ്പോള്‍ മനസ്സലിഞ്ഞത് കൊണ്ടാണ് ഇത് ചെയ്തതെന്ന് അവര്‍ പറയുന്നു. താന്‍ ഈ വളകളൊക്കെ ഇട്ട് എങ്ങോട്ട് പോകാനാണെന്നും ശ്രീലത പറയുന്നു. ബന്ധുക്കള്‍ക്കൊപ്പമാണ് ശ്രീലത ക്ഷേത്രത്തില്‍ പോയത്. സുഭദ്രാമ്മയ്ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായിരുന്നില്ല.ശ്രീലതയെത്തടി വാര്‍ത്താസംഘം എത്തിയപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ വരാനോ സംസാരിക്കാനോ ആദ്യം താല്പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. താന്‍ ചെയ്ത നന്മ കെട്ടിഘോഷിക്കാന്‍ ശ്രീലത ഒരിക്കലും താല്‍പ്പര്യപ്പെടുന്നില്ല. താന്‍ ചെയ്ത നന്മ കൊണ്ട് ഒരു അമ്മയ്ക്ക് സംതൃപ്തിയായെങ്കില്‍ അതാണ് ശ്രീലതയുടെ സംതൃപ്തി.

Articles You May Like

x