ചുമ്മാ പറയല്ലേ…മികച്ച ബാലതാരം പുരസ്കാര നേട്ടം അറിയാതെ സ്‌കൂള്‍ വിട്ട് വരുന്ന തന്മയ, വഴിയില്‍ കാത്ത് നിന്ന് വാര്‍ത്ത അറിയിച്ചപ്പോഴുള്ള സന്തോഷം; വൈറല്‍ വീഡിയോ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്കാരം നേടിയത് തന്മയ സോൾ ആണ്. സനൽ കുമാർ ശശിധരൻ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അർഹയാക്കിയത്. എന്നാൽ ഇന്നത്തെ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ തന്മയ വീട്ടിൽ ഉണ്ടായിരുന്നില്ല. മറിച്ച് സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു. വഴിയിൽ കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരാണ് അവാർഡ് നേട്ടത്തിൻറെ വിവരം ആദ്യമായി തന്മയയെ അറിയിക്കുന്നത്. ഇതിൻറെ രസകരമായ വീഡിയോ അവർ പുറത്ത് വിട്ടിട്ടുണ്ട്.

തന്മയയെ കാത്ത് കാറിൽ ഇരിക്കുന്നവർ അവളെ കാണുമ്പോൾ കാര്യം അറിഞ്ഞോ എന്നാണ് ആദ്യം ചോദിക്കുന്നത്. തുടർന്ന് സംസ്ഥാന അവാർഡ് ലഭിച്ചു എന്നും പറയുന്നു. പറ്റിക്കാൻ പറയുകയാണെന്നാണ് തന്മയ ആദ്യം കരുതുന്നതെങ്കിലും ഫോണിലെ വാർത്ത കണ്ട് വിശ്വസിക്കുന്നുണ്ട്.

പിന്നാലെയുള്ള സന്തോഷച്ചിരിയും വീഡിയോയിൽ കാണാം. സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോൾബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിൻറെ മാനേജരുമായ ജിഷ്ണു വിജയൻ ആണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സോൾബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറുമായ അരുൺ സോളിൻറെ മകളാണ് തന്മയ സോൾ. തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനൽകുമാർ ശശിധരൻ ചിത്രം വഴക്കിൻറെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുൺ.

ടൊവിനോ തോമസ് നായകനാവുന്ന വഴക്കിൽ കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ടൊവീനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിർമ്മാണം.

 

https://www.facebook.com/100000566067166/videos/275003641844617/

Articles You May Like

x