ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവ​ഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവനന്ദ.

‘പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം.

Articles You May Like

x