ഇനി ലിനിയുടെ മക്കൾ അമ്മയുടെ സ്നേഹമറിഞ്ഞു വളരും ; ലിനിയുടെ അവസാന വാക്ക് പോലെ മക്കൾക്ക് വേണ്ടി സജീഷ് ആ തീരുമാനം എടുത്തു

‘നിപ’ എന്ന മഹാമാരിയ്ക്ക് മുൻപിൽ ലോകം മുഴുവൻ പകച്ച് നിന്നപ്പോൾ തൻ്റെ കർത്തവ്യ ബോധത്തിൽ നിന്ന് ഒരു അടി പോലും പിന്നോട്ട് പോകാതെ ആതുരസേവനത്തിൻറെ മാതൃക ലോകത്തിന് മുൻപിൽ അർപ്പണമനോഭാവത്തോടെയും, ആത്മവിശ്വാസത്തോടെയും കാണിച്ച് തന്ന മാലാഖയായിരുന്നു കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിനി ലിനി സിസ്റ്റർ. രോഗികളെ പരിചരിക്കുക എന്ന മഹത്തായ നിയോഗം, അതിന് അവനവൻ്റെ ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചു തന്ന സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് നാലാണ്ട് പിന്നിടുന്നു.

വലിയൊരു വിഭാഗം ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി സിസ്റ്റർ കടന്നു പോയെങ്കിലും, മരണം തന്നെ കാർന്ന് എടുക്കുന്നതിന് മുൻപുള്ള ലിനിയുടെ നിമിഷങ്ങളിൽ അവർ ബോധ്യപ്പെടുത്തി തന്ന നല്ല പാഠങ്ങൾ എല്ലാകാലവും ഓർമിക്കപ്പെടുന്നതാണ്. നിപ്പയെന്ന മഹാമാരി ഒരു നാടിനെ മുഴുവൻ ആശങ്കയുടെയും, ഭീതിയുടേയും മുൾ മുനയിൽ നിർത്തിയപ്പോൾ പകച്ചു നിൽക്കാതെ, മടി കൂടാതെ രോഗികളെ സ്വന്തം ജീവനേക്കാൾ വില നൽകി പരിചരിച്ച കോടിക്കോട് – പേരാമ്പ്ര താലൂക്ക് ആശുപത്രയിലെ ലിനിയെന്ന സിസ്റ്റർ, കോവിഡ് മഹാമാരിയുടെ കാലത്ത് ലോക ജനതയ്ക്ക് തന്നെ മാതൃകയാണ്.

ലിനി ഈ ലോകത്തോട് വിട പറയുമ്പോൾ പറക്കമറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ തൻ്റെ ഭർത്താവിൻ്റെ തണലിൽ ഏൽപ്പിച്ചിട്ടാണവർ യാത്രയായത്. പിന്നീട് ലിനിയുടെ മക്കൾ കേരളത്തിൻ്റെ കൂടെ പൊന്നോമനകളായി മാറുകയായിരുന്നു. മക്കളെ തനിച്ചാക്കി ലിനി വിടവാങ്ങുമ്പോൾ അവർക്ക് അമ്മയുടെയും, അച്ഛന്റെയും സ്നേഹം നൽകി കൂടെ നിൽക്കാൻ അവരുടെ അച്ഛൻ സജീഷ് ഒപ്പമുണ്ടായിരുന്നു. അമ്മയെക്കുറിച്ച് അവർ ചോദിക്കുമ്പാൾ അമ്മയും, അച്ഛനും താനാണെന്ന് മക്കളെ മാറോട് ചേർത്ത് സജീഷ് പറയും. ഇപ്പോഴിതാ സജീഷിനും മക്കൾ റിതുലിനും, സിദ്ധാർത്ഥിനും കൂട്ടാകാൻ അവരുടെ ജീവിതത്തിലേയ്ക്ക് മറ്റൊരാൾ കൂടെ വരികയാണ്. ആ സന്തോഷമാണ് സജീഷ് തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

സജീഷ് പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം :

പ്രിയ സുഹൃത്തുക്കളേ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേയ്ക്ക് കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ  സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ.

നിരവധി ആളുകളാണ് സജീഷ് പങ്കുവെച്ച കുറിപ്പിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മക്കളെ പൊന്നുപോലെ നോക്കുന്ന ഒരു അമ്മയെ അവർക്ക് കിട്ടട്ടേയെന്നും,സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നുമാണ് പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ലിനി മരിച്ചതിന് പിന്നാലെയുള്ള മക്കളുടെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സജീഷ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

Articles You May Like

x