മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടി വെച്ച പണത്തിൽ നിന്നും അഞ്ച് നിർധന യുവതികളെ കൂടി കല്യാണം കഴിപ്പിച്ച ഒരച്ഛൻ; വൈറലായ ഒരു വിവാഹം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ നിരവധി ചർച്ചകൾ ഉയർന്നിരുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടിയതിനുശേഷം 21 വയസ്സ് പ്രായം ആകുമ്പോൾ മാത്രമേ വിവാഹം കഴിപ്പിച്ച് അയക്കാവുന്ന എന്ന നിയമഭേദഗതി നിലനിൽക്കെ സ്ത്രീധനത്തെ തുടർന്നുണ്ടാകുന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ നിന്നും നേരിട്ട പീഡനങ്ങൾക്കു ശേഷം യുവതികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകളും കേരള ഒരുപാട് കണ്ടു. അതിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത് വിസ്മയയുടെ ആത്മഹത്യയായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം നൽകിയിട്ടും മകൾക്ക് ഭർത്താവിൻറെ വീട്ടിൽ നിന്നും നേരിടേണ്ടി വന്ന പീഡനം സഹിക്കാൻ വയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. എന്നാൽ മറ്റൊരിടത്ത് സ്ത്രീധനം വേണ്ട പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി മാത്രമേ വിവാഹം കഴിപ്പിച്ചു അയയ്ക്കാവൂ എന്ന ചർച്ചയും മുന്നോട്ട് വരുന്നുണ്ട്.

ഇപ്പോഴിതാ മകളുടെ വിവാഹനാളിൽ അഞ്ച് യുവതികൾക്കുകൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം ശ്രദ്ധ നേടുകയാണ് . തലായി എടച്ചേരി കാട്ടിൽ സാലിമിന്റെയും റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സന്തോഷ പൂർണ്ണമായ ഒരു സമൂഹ വിവാഹത്തിന് വേദിയായത് . വയനാട്, എടച്ചേരി, ഗൂഡല്ലൂർ, മലപ്പുറം, മേപ്പയ്യൂർ എന്നിവിടങ്ങളിലെ നിർധനരായ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യഭാഗ്യമുണ്ടായത്. ഇതിൽ രണ്ട് യുവതികളുടേത് ഹിന്ദു ആചാരപ്രകാരമുള്ള താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്ലാമിക വിധിപ്രകാരം നിക്കാഹുമായിരുന്നു നടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങുന്ന ചടങ്ങിലാണ് ഈ വിവാഹം സംഘടിപ്പിച്ചത്.

മുനവ്വറലി ശിഹാബ് തങ്ങൾ ആണ് ഈ സമൂഹ വിവാഹങ്ങൾക്ക് നേതൃത്വം നൽകിയത്. മകൾ ഉൾപ്പെടെ ആറു യുവതികൾക്കും സാലിം 10 പവൻ വീതം സ്വർണാഭരണം നൽകി നൽകിയാണ് വിവാഹവേദിയിലേക്ക് അണിയിച്ചൊരുക്കി എത്തിച്ചത് എല്ലാവരും ഒരേതരം വസ്ത്രങ്ങൾ ആണ് ധരിച്ചത്. ചടങ്ങിന് മാറ്റ് കൂട്ടാൻ നാദസ്വരവും ഒപ്പനയും ഉണ്ടായപ്പോൾ വേദി ആഘോഷപൂർവ്വമായി. തൻറെ മകളെ വിവാഹം കഴിച് ഏൽപ്പിക്കുമ്പോൾ സ്ത്രീധനം നൽകില്ല എന്നും സ്ത്രീധനം ചോദിക്കുന്നവർക്ക് മകളെ വിവാഹംചെയ്തുനൽകില്ല എന്നത് സാലിമിന്റെ നേരത്തേയുള്ള തീരുമാനമായിരുന്നു. മകൾക്കുള്ള സ്ത്രീധനത്തുക കൂടി ചേർത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കണമെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.

യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്ഥലം സഞ്ചരിക്കുകയും വ്യത്യസ്ത കുടുംബങ്ങളിൽ നിന്ന് വരുന്ന പെൺകുട്ടികളെ കണ്ടെത്തി അവർക്ക് മംഗല്യഭാഗ്യം ഒരുക്കുകയും ആയിരുന്നു. ഇത്തരമൊരു സന്തോഷ പ്രവർത്തി ചെയ്യാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സാലിം പറയുന്നു. കെ.കെ. രമ എം.എൽ.എ., പാറക്കൽ അബ്ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, മഹല്ല് ഖാദി പി.ടി. അബ്ദുൾ റഹിമാൻ മൗലവി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കൃഷ്ണ,കുഞ്ഞുബ എം. കുഞ്ഞബ്ദുള്ള മൗലവി, എൻ.പി. ഷംസുദ്ദീൻ എന്നിവർ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുത്തു, വരന്മാരെ ആശ്രയിച്ചാണ് മടങ്ങിയത്

Articles You May Like

x