മുത്തശ്ശിക്കൊപ്പം ഉയിരിന്റെയും ഉലഗിന്റെയും ക്രിസ്മസ് ആഘോഷം; ചിത്രങ്ങളുമായി നയൻതാര
ക്രിസ്മസ് മുത്തശ്ശിക്കൊപ്പം കൊച്ചിയിൽ ആഘോഷിച്ച് നയൻതാരയുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലഗും. നയൻതാരയുടെ അമ്മയായ ഓമന കുര്യനൊപ്പം കൊച്ചിയിലെ വീട്ടിലായിരുന്നു വിഘ്നേശ് ശിവന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷം. സാന്റാ വേഷത്തിലാണ് അമ്മയും അച്ഛനും മക്കൾ രണ്ടുപേരും. കഴിഞ്ഞ ക്രിസ്മസിന് മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും.
നാടൻ കേരളീയ വിഭവങ്ങൾ നൽകിയാണ് നയൻതാരയുടെ കുടുംബം വിഗ്നേഷ് ശിവൻ എന്ന തമിഴ് മരുമകനെ ക്രിസ്മസ് നാളിൽ സ്വീകരിച്ചത്. കൊച്ചിയിൽ രുചിച്ച ഭക്ഷണത്തിന്റെ രുചിയും വിഗ്നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റിൽ പങ്കിട്ടിരുന്നു.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.
അതേസമയം ‘അന്നപൂരണി’ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വർഷത്തെ നയൻതാരയുടെ മറ്റൊരു റിലീസ് ഷാറുഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ ആയിരുന്നു. നടിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. മണ്ണാങ്കട്ടി സിന്‍സ് 1960, ടെസ്റ്റ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.