ശരിയായ ചികിത്സ നേരത്തെ ചെയ്തിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു, മരിക്കുന്നതിന് നാലുമാസം മുമ്പാണ് രോഗം ഗുരുതരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്: കൊച്ചിൻ ഹനീഫയുടെ ഭാര്യ

ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് കഴിഞ്ഞ ദിവസം 14 വർഷം പൂർത്തിയായി. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവച്ചു പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല. നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്.

ഇപ്പോഴിതാ 2015ൽ കൊച്ചിൻ ഹനീഫയെക്കുറിച്ച് ഭാര്യ ഫാസില പറഞ്ഞ വാക്കുകൾ വീണ്ടും ഓർമ്മിപ്പിക്കപെടുകയാണ്. അദ്ദേഹം ഞങ്ങളെ വേർപിരിയുമ്പോൾ മക്കൾക്ക് വെറും മൂന്നു വയസ് മാത്രമാണ് പ്രായം. ഒരുപാട് കാത്തുകാത്തുണ്ടായ കുട്ടികൾ. അവരുടെ ഭാവി ഓർത്താകണം അദ്ദേഹം തന്നെ ബാധിച്ച കരൾരോഗത്തെക്കുറിച്ച് എന്നോട് മറച്ചുവച്ച് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഓടി നടന്ന് അഭിനയിച്ചത്. ഒരു ചെറിയ പനി വന്നാൽ പോലും വല്ലാതെ ബഹളമുണ്ടാക്കുന്ന ആളായിരുന്നു. പിന്നെ ഞാൻ മുഴുവൻ സമയവും കൂടെ ഇരിക്കണം. പക്ഷെ ഇത്ര ഗുരുതരമായ രോഗം പത്ത് വർഷമായി കൂടെയുണ്ടായിരുന്നുവെന്ന് ഒരു സൂചന പോലും തന്നില്ല എന്തുപറ്റി എന്നൊന്നു ചോദിക്കണമെങ്കിൽ ഒരൽപ്പമെങ്കിലും ക്ഷീണം പുറത്ത് കാണിക്കണ്ടേ? അദ്ദേഹത്തിന്റെ സഹായി പിന്നീട് പറഞ്ഞു, ഡോക്ടറുടെ മുറിയിൽ കയറുമ്പോൾ അയാളെ പുറത്ത് നിർത്തുമായിരുന്നുവെന്ന്. അയാൾ വഴിയെങ്ങാനും ഞാൻ രോഗവിവരമറിഞ്ഞാൽ തകർന്നു പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഒരു പക്ഷെ, കുറച്ചുകൂടി സൂക്ഷിച്ചിരുന്നുവെങ്കിൽ ശരിയായ ചികിത്സ നേരത്തെ ചെയ്തിരുന്നുവെങ്കിൽ കരൾ രോഗം മൂർഛിച്ച് പിന്നീട് ക്യാൻസർ ആയി മാറുകയില്ലായിരുന്നു.

മരിക്കുന്നതിന് നാലുമാസം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ രോഗം ഇത്ര ഗുരുതരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്നോട് പറയരുതെന്ന് അനുജന്മാരെയെല്ലാം ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. അതല്ല, ദീദി എല്ലാം അറിയണമെന്ന് അനുജന്മാർ ശഠിച്ചപ്പോൾ ശരി നിങ്ങൾ പറഞ്ഞോളൂ, പക്ഷെ ഫാസി ഡോക്ടർമാരോട് സംസാരിക്കരുത്. അവർ അവളെ വല്ലാതെ ഭയപ്പെടുത്തും എന്ന് പറഞ്ഞു. നമുക്ക് ആയുർവേദം നോക്കാം പല വഴികളും മുന്നിലുണ്ട് എന്ന് അദ്ദേഹത്തിന്റെ അനുജന്മാർ ധൈര്യപ്പെടുത്തി. ആരോഗ്യസ്ഥിതി അൽപ്പം കൂടി മെച്ചപ്പെട്ടാൽ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടു പോകാമെന്നും അതോടെ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്നും വിശ്വസിച്ചു. പക്ഷെ അദ്ദേഹം ഒന്നിനും കാത്തു നിന്നില്ല.

Articles You May Like

x