ആകെയുള്ള പത്ത് രൂപയാണ് എനിക്ക് തന്നതെന്ന് ഹനീഫ പറഞ്ഞു; മനസ്സ് തുറന്ന് മണിയന്‍പിള്ള രാജു

കിരീടത്തിലെ ഹൈദ്രോസ് ആയും മന്നാര്‍ മത്തായിയിലെ എല്‍ദോ ആയും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയായും ഹിറ്റ്‌ലറിലെ ജബ്ബാര്‍ ആയും അങ്ങനെ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ കൊച്ചിന്‍ ഹനീഫയുടെ കൈകളില്‍ ഭദ്രമായിരുന്നു. നടനായി മാത്രമല്ല അദ്ദേഹം വെള്ളിത്തിരയില്‍ തിളങ്ങിയത്. മറിച്ച്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ റോളുകളും അദ്ദേഹം ഭംഗിയായി ചെയ്തു. കൊച്ചിന്‍ കലാഭവന്‍ എന്ന കോമഡി ട്രൂപ്പിലൂടെയെത്തി വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ അദ്ദേഹം പകരംവെയ്ക്കാനാവാത്ത നടനായി മാറുകയായിരുന്നു.സിനിമയെ തന്റെ ജീവനോളം സ്‌നേഹിച്ചയാളായിരുന്നു അദ്ദേഹം.2010 ഫെബ്രുവരി രണ്ടിനായിരുന്നു ആ അതുല്യ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞത്.45-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ മുന്നൂറിലേറെ സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാനഷ്ടമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങളും അനവധി സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മൃതദേഹത്തിനിരികില്‍ വിങ്ങിപ്പൊട്ടുന്ന ചിത്രങ്ങള്‍ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ അന്ന് ഏറ്റവും കൂടുതല്‍ ജനങ്ങളെ കരയിപ്പിച്ചത് നടന്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന ചിത്രമായിരുന്നു.ആ ചിത്രം പലരുടേയും മനസ്സില്‍ ഇന്നും ഒരു വലിയ നോവായി കിടപ്പുണ്ട്.

എന്തുകൊണ്ടാണ് താന്‍ അത്രയധികം വൈകാരികമായി പ്രതികരിച്ചത് എന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറയുന്നുണ്ട്.”” സിനിമയില്‍ അവസരം അന്വേഷിച്ച് നടക്കുന്ന സമയത്ത് ഉമ ലോഡ്ജിലാണ് ഞാന്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ അന്ന് കൊച്ചിന്‍ ഹനീഫയും ഉണ്ട്. ചന്ദ്രഭവന്‍ എന്ന ഹോട്ടലില്‍ നിന്നാണ് അന്ന് കടം പറഞ്ഞ് ഭക്ഷണം കഴിച്ചിരുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ചന്ദ്രഭവനില്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തത്. കൈയ്യില്‍ പണം കുറവായതിനാല്‍ മൂന്ന് നേരവും ഇഡ്ഡലിയാണ് ഹോട്ടലില്‍ നിന്നും കഴിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫ അഞ്ച് പൊറോട്ടയും ഒരു ബുള്‍സ്‌ഐയുമാണ് കഴിക്കാറ്. അദ്ദേഹം ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ചാണ് കഴിക്കുക.

ഒരിക്കല്‍ ആ ഹോട്ടലില്‍ പെയിന്റിങ് നടക്കുന്നതിനാല്‍ കടം പറഞ്ഞ് അവിടെ നിന്ന് കഴിക്കാന്‍ പറ്റിയില്ല. അന്ന് ഞാന്‍ ഹനീഫയോട് ഭക്ഷണം കഴിക്കാന്‍ പണം തരാമോ എന്ന് ചോദിച്ചു. അപ്പോള്‍ത്തന്നെ ഖുറാനില്‍ നിന്ന് ഒരു പത്ത് രൂപ നോട്ട് എടുത്ത് അദ്ദേഹം എനിക്ക് നല്‍കി. അങ്ങനെ ആ പണം കൊണ്ട് അന്ന് ഞാന്‍ ഭക്ഷണം കഴിച്ചു. പക്ഷേ, ഹനീഫ ഉച്ചയ്ക്കും രാത്രിയും അന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടില്ല. എന്താണ് ഭക്ഷണം കഴിക്കാത്തതെന്ന് രാത്രി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ആകെയുള്ള പത്ത് രൂപയാണ് എനിക്ക് തന്നതെന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിച്ചാല്‍ എങ്ങനെ കരയാതിരിക്കും.”- മണിയന്‍പിള്ള രാജു പറഞ്ഞു.

Articles You May Like

x