ഇന്നസെൻ്റിൻ്റെ അവസാന ഡയലോഗ് ‘കഗ്രാജുലേഷൻസ്’ എന്നായിരുന്നു, അതുകേട്ട് ജനം ചിരുച്ചുകൊണ്ട് കൈയ്യടിച്ചു; അഖിൽ സത്യൻ

അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഫീൽഗുഡ് സിനിമകളൊരുക്കുന്ന സത്യൻ അന്തിക്കാടിൻ്റെ അതേ മാതൃകയിൽ സിനിമയൊരുക്കിയിരിക്കുകയാണ് മകൻ അഖിൽ സത്യനും. വിട പറഞ്ഞ മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് അവസാനം അഭിനയിച്ച സിനിമയും ഇതാണ്. അദ്ദേഹത്തിനൊപ്പമുള്ള അവസാന ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ.

‘ഞാൻ സിനിമ എഴുതാൻ തുടങ്ങുന്നു എന്നറിഞ്ഞത് മുതൽ ഇന്നസെന്റ് അങ്കിൾ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. അങ്കിൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ആദ്യം എഴുതി വന്നപ്പോൾ അദ്ദേഹത്തിന് പറ്റിയ കഥാപാത്രമില്ലായിരുന്നു. പിന്നീട് ആ കഥാപാത്രത്തെയും എഴുതിച്ചേർത്തു.

സിനിമാ ജീവിതത്തിലെ ഇന്നസെൻ്റിൻ്റെ അവസാന ഡയലോഗ് ‘കഗ്രാജുലേഷൻസ്’ എന്നായിരുന്നു. അതുകേട്ട് ജനം ചിരുച്ചുകൊണ്ട് കൈയ്യടിച്ചു. ഈ സിനിമ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ അങ്കിൾ എന്നോട് ഇതു തന്നെ പറയുമായിരുന്നു,’ അഖിൽ സത്യൻ പറഞ്ഞു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് പാച്ചുവിലൂടെ മികച്ചൊരു സംവിധായകനെയും എഴുത്തുകാരനെയും കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഓരോ രംഗവും അതിന്റെ തീവ്രത ചോരാതെ കൃത്യമായി അവതരിപ്പിക്കാൻ അഖിൽ സത്യനു കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ചിത്രസംയോജകനും അഖിൽ തന്നെയാണ്. കഥാഗതിയുടെ വളർച്ച, കഥാപാത്രങ്ങൾക്കിടയിലെ ബന്ധങ്ങളുടെ ആർദ്രത, അവരിലെ ആത്മസംഘർഷവും ഇഴുകിച്ചേരലുമൊക്കെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നസെന്റും മുകേഷും വന്നുപോയ രംഗങ്ങളിലൊക്കെ ചിരി പടർത്തി. ഏറെ നാളുകൾക്കു ശേഷം മികച്ചൊരു വേഷത്തിൽ വിനീതിനേയും ഈ ചിത്രത്തിലൂടെ മടക്കി വിളിച്ചു. പിന്നെ നായിക മുതൽ നീണ്ടു നിൽക്കുന്ന പുത്തൻ താരനിരയും മലയാള സിനിമയ്ക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. അഞ്ജന ജയപ്രകാശ്, വിജി വെങ്കിടേശ്, ധ്വനി രാജേഷ് എന്നിവരുടെ പ്രകടനവും ആസ്വാദകരെ പിടിച്ചിരുത്തുന്നുണ്ട്.

Articles You May Like

x