കിടപ്പുരോഗികൾക്കായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് മമ്മൂട്ടി, മാതൃകാപരമായ പ്രവർത്തിക്ക് കൈയ്യടിച്ച് മലയാളികൾ

കിടപ്പുരോഗികൾക്കായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് സഹായ ഹസ്തവുമായി മമ്മൂട്ടി. തൻ്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ മമ്മൂട്ടി വിതരണം ചെയ്തത്.

ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ”ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം”-മമ്മൂട്ടി പറഞ്ഞു.

ആദ്യഘട്ടത്തിൽ നാല് സംഘടനകൾക്കും കൊച്ചി കോർപ്പറേഷനുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമൽ രാജ് (ഗാന്ധിഭവൻ, പത്തനാപുരം), വാഹിദ് മാവുങ്കൽ (എസ്.യു.എസ്. ചാരിറ്റബിൾ ട്രസ്റ്റ്, വണ്ടാനം),അബ്ദുൽ വാഹിദ് (ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോർപ്പറേഷനുവേണ്ടി വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാലുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഏറ്റുവാങ്ങിയത്.

അന്തരീക്ഷത്തിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്ത് രോഗികൾക്ക് നൽകുകയാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്‌സിജൻ തീരില്ല. സിലിൻഡർ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികൾക്കാണ് ഇത് പ്രയോജനപ്പെടുക. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ പറഞ്ഞു.

Articles You May Like

x