മമ്മൂട്ടിയെ പോലൊരാളെ കണ്ടപ്പോള്‍ മീര എന്നെ ഇട്ടിട്ട് പോയി, അത്രയും എടുപ്പമുള്ള മനുഷ്യനെ കണ്ടപ്പോള്‍ ഞാന്‍ എന്തിനാണ് എന്ന് തോന്നിക്കാണും: നരേൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. തന്റെ പ്രകടനങ്ങള്‍ കൊണ്ട് മീര ജാസ്മിന്‍ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരങ്ങളും മീര ജാസ്മിനെ തേടിയെത്തിയിട്ടുണ്ട്. മീര ജാസ്മിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടവരില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മീരയും നരേനും ഒരുമിക്കുന്നത്. ആ ജോഡി പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയും ചെയ്തു. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി.

ഇപ്പോഴിതാ നരേനും മീര ജാസ്മിനും വീണ്ടും ഒരുമിക്കുകയാണ്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നരേന്റേയും മീര ജാസ്മിന്റേയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും. ഇരുവരും ഇപ്പോള്‍ തങ്ങളുടെ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ്.

മീരയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് കസ്തൂരിമാന്‍. ആ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം കാണുമ്പോള്‍ ഇപ്പോഴും ചോരയുടെ മണമുണ്ടെന്നാണ് മീര ജാസ്മിന്‍ പറയുന്നത്. അത് ചെയ്തു എന്നതിനപ്പുറം ഒരു കൊല ചെയ്ത ഫീലാണ് ഇപ്പോഴും അത് കാണുമ്പോഴെന്നാണ് മീര ജാസ്മിന്‍ പറയുന്നത്. കസ്തൂരിമാനെ പല രംഗങ്ങളും ഇപ്പോഴും തനിക്ക് മറക്കാന്‍ കഴിയാത്തതാണെന്നും മീര പറയുന്നുണ്ട്.

പിന്നാലെ ഒരേ കടല്‍ എന്ന ചിത്രത്തെക്കുറിച്ചും മീര ജാസ്മിന്‍ സംസാരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് നരേനും മീര ജാസ്മിനും അഭിനയിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്തിനാണ് നരേനെ ഉപേക്ഷിച്ച് പോയതെന്ന ആങ്കറുടെ ചോദ്യത്തിന് ഇരുവരും രസകരമായ മറുപടി നല്‍കുന്നുണ്ട്. അതൊരു ശ്യാമപ്രസാദ് സിനിമയാണ്. അതിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് ഒരേ കടലെന്നും അവര്‍ ഇരുവരും പറയുന്നുണ്ട്. അതേസമയം തമാശയായ മമ്മൂട്ടിയെ പോലൊരാളെ കണ്ടപ്പോള്‍ മീര എന്നെ ഇട്ടിട്ട് പോയി എന്നാണ് നരേന്‍ പറയുന്നത്. അത്രയും എടുപ്പമുള്ള മനുഷ്യനെ കണ്ടപ്പോള്‍ ഞാന്‍ എന്തിനാണ് എന്ന് തോന്നിക്കാണുമെന്നും നരേന്‍ പറയുന്നു.

മീരയുടെ തിരിച്ചുവരവിനെക്കുറിച്ചും അഭിമുഖത്തില്‍ മീരയും നരേനും സംസാരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മീരയെ നരേന്‍ കാണുന്നത് ദുബായില്‍ വച്ചായിരുന്നു. കണ്ടപ്പോള്‍ ആ പഴയ മീര തന്നെയാണോ ഇതെന്ന് തോന്നിപ്പോയെന്നാണ് നരേന്‍ പറയുന്നത്. പഴയതിലും സുന്ദരിയായി മാറിയിരുന്നു മീരയെന്നും ജീവിതത്തിന്റെ ഹാപ്പി ഫേസിലായിരുന്നു മീരയെന്നും നരേന്‍ പറയുന്നു. മീരയുടെ തിരിച്ചുവരവും രണ്ടാം വേരിലുള്ള ഭാവമാറ്റവുമെല്ലാം വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്വീന്‍ എലിസബത്ത്. അര്‍ജുന്‍ ടി സത്യന്‍ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. മീര ജാസ്മിനും നേരനുമൊപ്പം പേളി മാണി, രമേശ് പിഷാരടി, ശ്വേത മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചുരവ് നടത്തിയത്.

Articles You May Like

x