പ്രിയപ്പെട്ട പാച്ചൂ, ഫഹദിൻ്റെ കഥാപാത്രത്തെ ആവോളം പുകഴ്‌ത്തി കീരവാണിയുടെ അപ്രതീക്ഷിത വാട്‌സ്‌ആപ്പ് മെസേജ്

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഫഹദിൻ്റെ കഥാപാത്രത്തെ ആവോളം പുകഴ്‌ത്തി ഓസ്‌കാർ പുരസ്‌കാര ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണി. സിനിമയെയും ഫഹദിനെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി താരത്തിനയച്ച വാട്‌സ്‌ആപ്പ് മെസേജിന്റെ സ്‌ക്രീൻഷോട്ട് അഖിൽ സത്യൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.

‘പ്രിയപ്പെട്ട പാച്ചു, നീ നിൻ്റെ ഫാർമസി സ്റ്റോർ നേടിയെടുത്തു. ഹംസധ്വനിയെ സ്വന്തമാക്കി. എപ്പോഴത്തെയും പോലെ എന്റെ ഹൃദയവും നീ കീഴടക്കി. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മുഴുവൻ സമയവും ലൈലയെ എന്റെ ഭാര്യ സുധ മൂർത്തിയുമായും ഈ രാജ്യത്തെ അനവധി കുലീനകളായ സ്‌ത്രീകളുമായും താരതമ്യപ്പെടുത്തുകയായിരുന്നു ഞാൻ. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’- കീരവാണിയുടെ സന്ദേശം ഇങ്ങനെയായിരുന്നു.

സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. കഴിഞ്ഞ ദിവസം ഈ സിനിമ ഒ ടി ടിയിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ചിത്രം നിർമ്മിച്ചത്. ശരൺ വേലായുധൻ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും കൈകാര്യം ചെയ്തു. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്,​ വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമ കലാസംഗം റിലീസാണ് തിയേറ്ററുകളിലെത്തിച്ചത്.

 

 

Articles You May Like

x