കാവ്യ എന്നോട് എപ്പോഴും പരാതി പറയും, അതൊരു കുറ്റബോധമായി ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു; മനസ് തുറന്ന് ലാൽജോസ്

എല്ലാ കാലത്തും സംവിധായകൻ ലാൽജോസും അദ്ദേഹം ചലച്ചിത്രലോകത്തിന് സമ്മാനിച്ച ഹിറ്റ് ചിത്രങ്ങളും മലയാള സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ്. വ്യത്യസ്ത പ്രമേയങ്ങൾ തൻ്റേതായ ശൈലിയിൽ വളരെ മികച്ചരീതിയിൽ തന്നെ പറഞ്ഞുപോയപ്പോൾ മലയാളികൾക്ക് എന്നും തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒട്ടനവധി നല്ല ചിത്രങ്ങളാണ് ലാൽജോസ് നൽകിയിട്ടുള്ളത്. ഒപ്പം നിരവധി നായികമാരെയും മലയാളികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. അവരെയെല്ലാം കേരളക്കര കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ മുൻനിര നടിമാരിൽ ലാൽ ജോസ് സിനിമയിലേക്ക് കൊണ്ടു വന്ന ഒരുപാട് പേരുണ്ട്.

ഇപ്പോഴിതാ തൻ്റെ ജനപ്രിയ നായിക കഥാപാത്രങ്ങളെക്കുറിച്ചും തൻ്റെ കുറ്റബോധത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു രംഗത് വന്നിരിക്കുകയാണ് ലാൽ ജോസ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് തൻ്റെ നായികമാരെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്നത്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ, അർച്ചന കവി എന്നിവരെക്കുറിച്ചാണ് ലാൽ ജോസ് മനസ് തുറന്നിരിക്കുന്നത്.

താൻ ചെയ്തതും ചെയ്യാനിരുന്നതുമായ തമിഴ് സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. പക്ഷെ ആ സിനിമ പൂർത്തിയാവാതെ നിന്നു പോയി. എന്നാൽ ലാൽ ജോസിൻ്റെ തമിഴ് സിനിമയിലെ നായിക എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെൻ്റിൽ റിമയുടെ ഫോട്ടോ വന്നു. അങ്ങനെയാണ് റിമയുടെ ആദ്യ ചിത്രമായ ശ്യാമപ്രസാദിൻ്റെ ഋതുവിലേക്ക് റിമ കാസ്റ്റ് ചെയ്തതെന്ന് ലാൽ ജോസ് പറഞ്ഞു. ആ സിനിമ കഴിഞ്ഞ ഉടനെ തന്നെയാണ് നീലത്താമര തുടങ്ങുന്നത്. ലെനയുടേത് പോലെ തന്നെ കിളിനാദമല്ല റിമയുടേതും. പക്ഷെ റിമയുടെ ശബ്ദമാണ് നീലത്താമരയിൽ ഉപയോഗിച്ചത്. ഷാരത്തെ അമ്മിണി എന്ന കഥാപാത്രം ചതിക്കപ്പെടുകയും ഒടുക്കം ആത്മഹത്യ ചെയ്യുകയുമാണ്. അങ്ങനൊരു കഥാപാത്രത്തിന് റിമയുടെ ശബ്ദം വേണോ എന്ന് എന്നോട് പലരും ചോദിച്ചിരുന്നെന്നും അത്തരം ശബ്ദങ്ങളോടുള്ള ഇഷ്ടമാണ് റിമയുടെ ശബ്ദം തന്നെ ഉപയോഗിക്കാൻ കാരണമെന്നും ലാൽ ജോസ് പറയുന്നു.

കാവ്യ എന്നോട് എപ്പോഴും പരാതി പറയുമായിരുന്നു. ‘ എന്നെ ആദ്യം ഡബ്ബ് ചെയ്യിപ്പിച്ചില്ല. അങ്ങനെ ചെയ്യിച്ചിരുന്നെങ്കിൽ പിന്നീടുള്ള സിനിമകളിൽ എനിക്ക് ഡബ്ബ് ചെയ്യാമായിരുന്നു’ എന്ന്. അതൊരു കുറ്റബോധമായി ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അന്ന് കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്ത ശബ്ദമായിരുന്നു അവരുടേത്. അതുകൊണ്ടാണ് കാവ്യയുടെ ശബ്ദം ഉപയോഗിക്കാതിരുന്നത്. എങ്കിലും കാവ്യ പറഞ്ഞതിൽ കാര്യമുണ്ട്. അതുകൊണ്ടാണ് ഞാൻ പുതിയ ആളുകൾ വരുമ്പോൾ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചതെന്നും ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു.

കൂടാതെ നീലത്താമരയിലേക്ക് അർച്ചന കവിയെ കണ്ടെത്തിയതിനെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു. മാലാ പാർവതി കഥാപാത്രത്തിന് പറ്റിയ ആളാണെന്ന് നേരത്തെ തന്നെ തോന്നിയിരുന്നു. മാലാ പാർവ്വതിയുടെ മുഖച്ഛായ ഉള്ള ആളെ അന്വേഷിച്ച് നടന്നപ്പോഴാണ് അർച്ചനയെ കിട്ടിയത്. മൂന്ന് പേരായിരുന്നു അന്ന് ഓഡിഷനിലുണ്ടായിരുന്നത്. ഒരാൾ ശിവദയായിരുന്നു. മൂന്ന് പേരേയും മുണ്ടും ബ്ലൗസുമണിയിച്ച് എം ടി സാറിൻ്റെ മുന്നിൽ കൊണ്ടുനിർത്തി. അദ്ദേഹമാണ് അർച്ചന മതിയെന്ന് പറഞ്ഞതെന്നും താരം പറഞ്ഞു. അർച്ചനയ്ക്ക് ഒരു തരത്തിലും മലയാളം ശൈലി വഴങ്ങുന്നില്ലായിരുന്നു. ശ്രീദേവി എന്നൊരു ഗായികയാണ് ഡബ്ബ് ചെയ്തത്. അവർ പാട്ടുപാടാൻ അവസരം ചോദിച്ച് വന്നതായിരുന്നു. ശബ്ദം ഇഷ്ടമായപ്പോൾ ഡബ്ബ് ചെയ്യാൻ പറയുകയായിരുന്നു. തൻ്റെ നായികമാരിൽ ഇഷ്ടക്കൂടുതൽ കുഞ്ഞിമാളുവിനോടാണ്. അത് എംടി സാർ എഴുതിയ കഥാപാത്രമായത് കൊണ്ടു മാത്രമല്ല. ഞാൻ ജീവിച്ച പ്രദേശത്തു നിന്നുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് കുഞ്ഞിമാളുമാരെ താൻ കണ്ടിട്ടുണ്ടെന്നും ലാൽജോസ് പറഞ്ഞു.

Articles You May Like

x