ഒടുവിൽ മാളൂട്ടിയുടെ ആ ആഗ്രഹം സഫലമായി, ഇതിനെങ്ങനെ മറുപടി പറയുമെന്ന് മോഹൻലാൽ; കണ്ണുനിറഞ്ഞ് അമ്മ ഷഹാന

ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മഴവിൽ മനോരമയും താരസംഘടന അമ്മയും  ചേർന്നു നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023 ന്റെ റിഹേഴ്സൽ ക്യാംപിൽ വച്ചാണ് ഹെസ്സ തന്റെ പ്രിയതാരത്തെ കണ്ടത്.

കിലുക്കം സിനിമയിലെ രേവതിയുടെ ഡയലോഗ് ആണ് തന്റേതായ രീതിയിൽ ഹെസ്സ പറഞ്ഞു ഫലിപ്പിച്ചത്. ഹെസ്സയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന മോഹൻലാലിനെ വിഡിയോയില്‍ കാണാം. മാളൂട്ടി കാണാതെ പഠിച്ച ഡയലോഗ് മുഴുവൻ പറഞ്ഞു തീരുന്നതുവരെ മോഹൻലാൽ അരികിൽ തന്നെ ഉണ്ടായിരുന്നു. ഡയലോഗുകൾ എല്ലാം കേട്ടശേഷം ഇതിന് തനിക്ക് മറുപടി പറയാൻ പറ്റില്ലെന്നായിരുന്നു ചിരിച്ചുകൊണ്ട് മോഹൻലാൽ ഹെസ്സയോട് പറഞ്ഞത്.

ഹെസ്സയുടെ വലിയൊരു ആഗ്രഹം സഫലമായതിന്റ സന്തോഷത്തിലായിരുന്നു അമ്മയായ ഷഹാന. എന്റെ അമ്മ സൂപ്പറാ എന്ന റിയാലിറ്റി ഷോയിൽ മാളൂട്ടിയുടെ അമ്മ ഷഹാന നാസറും മത്സരാർഥിയായിരുന്നു.

Articles You May Like

x