തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും തള്ളി താഴെ ഇട്ടിട്ടുണ്ട്, അതിന്റെ നേട്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുമുണ്ട്, പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല: നോവായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇന്നലെയാണ് വിടവാങ്ങിയത്. അഭിനയ ജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു. കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

നിറമുള്ള സിനിമാ ലോകത്തു നിന്നും മാറി തന്റെ വ്യക്തി ജീവിതത്തിനും സൗഹൃദങ്ങൾക്കും അത്രത്തോളം നിറപ്പകിട്ട് ഇല്ലായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും ചില ഘട്ടങ്ങളിൽ തന്നെ തള്ളി താഴെ ഇട്ടിട്ടുണ്ടെന്ന് കലാഭവൻ ഹനീഫ് ഒരിക്കൽ ഓർത്തു.

‘തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും ചില ഘട്ടങ്ങളിൽ നമ്മളെ തള്ളി താഴെ ഇട്ടിട്ടുണ്ട്. അതിന്റെ നേട്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുമുണ്ട്. പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്നുവരെ ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. എന്റെ മനസ്സ് അതിന് അനുവദിക്കുകയുമില്ല. ഒരു ക്യാരക്ടർ ചെയ്യാൻ വേണ്ടി സംവിധായകൻ നമ്മളെ വിളിക്കാൻ പറഞ്ഞാൽ എങ്ങനെ എന്നെ ഒഴിവാക്കാം എന്നാണ് അവർ ആലോചിക്കുന്നത്. പല പടത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളെ വിളിച്ചിട്ട് കിട്ടുന്നില്ല, പറഞ്ഞ സമയത്ത് നമുക്ക് ഡേറ്റില്ല, നമ്മൾ ഒരുപാട് കാശ് ചോദിക്കുന്നു, ഇങ്ങനെയുള്ള പലതും പറഞ്ഞാണ് നമ്മളെ ഒഴിവാക്കുക. ഇനി ഇതിനു വിപരീതമായി നമ്മൾ അവിടെ എത്തി ആ വേഷം ചെയ്യുന്നു എന്ന് കരുതുക. അപ്പോഴും പ്രശ്നമാണ്. നമ്മളെ ദ്രോഹിക്കാവുന്നതിന്റെ മാക്സിമം അവർ ദ്രോഹിക്കും. അതായിരുന്നു അവസ്ഥ.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയ നടന്റെ വിയോഗം. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും ശ്രദ്ധേയനായി. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. “കോമഡിയും മിമിക്സും പിന്നെ ഞാനും” അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷങ്ങളിൽ എത്തിയ ജലധാര ബമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.

Articles You May Like

x