ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും… ഒരുപാട് പേർ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞിരുന്നു, പക്ഷേ ഞാൻ സമ്മതിച്ചില്ല…; മകളെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടത്. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. തന്റെ ഇളട മകളുടെ അസുഖം അദ്ദേഹത്തെ ഏറെ ദുഖിപ്പിച്ചിരുന്നു. സിദ്ദീഖിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണ് മകളുടെ രോഗാവസ്ഥ. മുമ്പ് അപൂർവം ചില അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. സെറിബ്രൽ പാൾസി ബാധിതയാണ് സിദ്ദീഖിന്റെ മകൾ. ഈയടുത്ത് ചാലക്കുടിയിലുള്ള ഒരു ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്കു ശേഷം വലിയ മാറ്റങ്ങൾ മകളിലുണ്ടായതിന്റെ സന്തോഷം സിദ്ദീഖ് തുറന്നു പറയുന്ന വിഡിയോ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം പങ്കു വച്ചിരിക്കുകയാണ് സാൻവിവോ ക്ലിനിക് അധികൃതർ.

വൈകല്യമുള്ള കുട്ടി ‘പ്രശ്നമാണ്’ എന്നു പറഞ്ഞവർക്കു മുമ്പിൽ, “ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ, അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും,” എന്നു പറയുന്ന വാത്സല്യനിധിയായ അച്ഛനെയാണ് വിഡിയോയിൽ പ്രേക്ഷകർക്ക് കാണാനാകുക.

സിദ്ദീഖിന്റെ വാക്കുകൾ ഇങ്ങനെ:

‘‘എന്റെ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് വൈകല്യം ഉണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. ആ കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാം. ഞാൻ സമ്മതിച്ചില്ല. ഞാൻ പറഞ്ഞു, അവൾക്കു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ! അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്.

ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവളെയും കൊണ്ടുപോയി. വിദേശത്തു പോയിട്ടില്ലെന്നു മാത്രം. ബോംബെയിലെ ആശുപത്രിയിൽ പോയി സ്റ്റെം സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തു. ജനിച്ചതു മുതൽ ഒരുപാടു വേദന എന്റെ മകൾ സഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവൾ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇതിങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾ സമാധാനിക്കും.

ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിച്ചു പോകും, നമുക്കു ശേഷം ഇവർക്ക് എന്താകും? അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. ആ ടെൻഷൻ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിൽ ആലോചിച്ചു കിടക്കും. എന്താകും? എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള മാതാപിതാക്കൾ നേരിടുന്നത്. പക്ഷേ, ഒരു കാര്യം മനസിലാക്കണം, ദൈവം ചില കുട്ടികളെ സൃഷ്ടിക്കും. ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ! അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ! എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു നോക്കും. ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് നമ്മൾ! അവർ ജീവിച്ചിരിക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണെങ്കിൽ അവരെ നോക്കാൻ ദൈവമുണ്ടാകും. അല്ലെങ്കിൽ ആയിരം പേരുണ്ടാകും,’’–സിദ്ദീഖ് പറഞ്ഞു.

Articles You May Like

x