ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, മമ്മൂട്ടിയെ കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; ഏറെ നാളത്തെ കത്രീനാമ്മയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി

ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94-ാംകാരിയുടെ ആ​ഗ്രഹം സാധിച്ചുകൊടുത്ത് മമ്മൂട്ടി. ‘ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു കത്രീനാമ്മയുടെ ആഗ്രഹം.

കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി, താനിപ്പോഴുള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി താരത്തെ കണ്ട കത്രീനാമ്മയ്ക്ക് ഓണക്കോടിയും പണവും സഹായങ്ങളും താരം നല്‍കി. താന്‍ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയതായും കത്രീനാമ്മ ജോബി ചുവന്നമണ്ണ് പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്.

”ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു. കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു” എന്നാണ് സന്തോഷത്തോടെ കത്രീനാമ്മ പറയുന്നത്.

“ഈ അമ്മയിൽ ഞാൻ കണ്ട നന്മ പ്രായത്തെ തോൽപ്പിക്കുന്ന അവരിലെ അഭിമാനകരമായ അദ്ധ്വാന ശീലമാണ്. സിനിമയിലൂടെ മാത്രം കണ്ടിരുന്ന മമ്മൂക്കയെ മാനസ പുത്രനായി കണ്ടു ഉപാധികളില്ലാതെ സ്നേഹിക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കയും ചെയ്യുന്ന അമ്മച്ചിക്ക് ഒരേയൊരാഗ്രഹം എന്നെങ്കിലും ഒരിക്കൽ മമ്മൂക്കയെ നേരിൽ കാണണമെന്നതാണ്. അത് സഫലമായി. അമ്മച്ചിക്ക് കാണാൻ കഴിയണെ എന്ന് ഞാനും കൊതിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവിടെ മമ്മുക്കയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കൂന്നത്. അമ്മമാർ കാണപ്പെട്ട ദൈവം തന്നെ. ആ അമ്മയ്ക്ക് മമ്മുക്ക മകനാണ്,” കത്രീനാമ്മയുടെ സന്തോഷം കണ്ട ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയതിങ്ങനെ.

അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ബസൂക്ക’ എന്നീ ചിത്രങ്ങള്‍ അടുത്തിടെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.

Articles You May Like

x