ചിരിയുടെ മുഖം മാഞ്ഞു , നടന്‍ കോട്ടയം പ്രദീപ് വിടവാങ്ങി ; മലയാള സിനിമക്ക് തീരാ നഷ്ട്ടം

ടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാടക രംഗത്തു നിന്നു സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക ഹൃദയങ്ങളിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. നാടകാചാര്യൻ എൻ.എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്‌. നാല് പതിറ്റാണ്ടുകളോളം നാടക വേദികളിൽ സ്ഥിരം സാന്നിധ്യവുമായിരുന്നു. കോട്ടയത്ത് എൽ ഐ സി ഓഫീസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സേവനത്തിൽ നിന്നു വിരമിച്ച ശേഷം അഭിനയ രംഗത്തു കൂടുതൽ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.”ഫിഷുണ്ട്‌… മട്ടനുണ്ട്‌… ചിക്കനുണ്ട്‌… കഴിച്ചോളൂ… കഴിച്ചോളൂ… “എന്ന ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടനാണ് അദ്ദേഹം.കോട്ടയം പ്രദീപ്.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1989 മുതൽ എൽ ഐ സി ജീവനക്കാരനായി.അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴായിരുന്നു അഭിനയിക്കാൻ അവസരം ലഭിച്ചത്. മകന് പകരം അച്ഛനെ സിനിമയിലേക്ക് എടുക്കുകയായിരുന്നു. ഐ. വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം.വിണ്ണെതാണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രദീപ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ നായിക തൃഷയുടെ അമ്മാവനായിട്ടായിരുന്നു കോട്ടയം പ്രദീപ് വേഷമിട്ടത്.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഹാസ്യ കഥാപത്രങ്ങളായിരുന്നു പ്രദീപ് ചെയ്തിരുന്നത്.
പിന്നീട് ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, ഗോധ,കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം,അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, ആനന്ദം,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏകദേശം 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നവിജയ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം തെരിയിലും അദ്ദേഹം അഭിനയിച്ചു.

വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ നാല് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.മായ ആണ് ഭാര്യ , മക്കൾ വിഷ്ണു, വൃന്ദ.കോട്ടയം പ്രദീപ് എന്ന പേരു കേൾക്കുമ്പോൾ തന്നെ ജന മനസുകളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാൽ മതി ആ അഭിനയ പ്രതിഭ എത്രമാത്രം ജന മനസുകളിൽ ഇടം നേടിയിട്ടുണ്ടെന്നറിയാൻ .ഇനിയും അഭിനയത്തിന്റെ ഉയരങ്ങൾ താണ്ടാനിരുന്ന അദ്ദേഹം ജന മനസുകളിൽ എക്കാലവും ചിരിയുടെ മായാത്ത മുഖമായി നിൽക്കുമെന്നുറപ്പാണ്.

Articles You May Like

x