11 വർഷം കുഞ്ഞില്ലാതെ ഞങ്ങൾ അനുഭവിച്ചത്, ഒരുപാടാളുകളുടെ നിരന്തരമുള്ള ചോദ്യങ്ങൾ ഉണ്ടാക്കിയ സമ്മർദ്ദം; ഒമ്പത് മാസത്തെ കാത്തിരിപ്പിൻ്റെ വൈകാരിക നിമിഷങ്ങൾ വീഡിയോയാക്കി രാം ചാരൻ

ഭാര്യ ഉപാസനയുടെ 34 ാം ജന്മദിനത്തിൽ ഭാര്യയ്ക്കും ഒരു മാസം പ്രായമുള്ള മകൾക്കും ജന്മദിനാശംസകൾ നേർന്ന് തെന്നിന്ത്യൻ താരം രാം ചരൺ. വിവാഹം കഴിഞ്ഞ് പതിനൊന്നു വർഷത്തിനു ശേഷമാണ് രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞു ജനിക്കുന്നത്. ഉപാസനയുടെ ഗർഭകാലം മുതൽ കുഞ്ഞു ജനിച്ച് പേരിടുന്നതുവരെയുള്ള വികാരനിർഭരമായ നിമിഷങ്ങൾ ഉൾപ്പെടുന്ന വിഡിയോയാണ് ജന്മദിനാശംസക്കുറിപ്പിനൊപ്പം രാം ചരൺ പങ്കുവച്ചത്.

എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാൻ വൈകുന്നതെന്ന ആളുകളുടെ ചോദ്യത്തിനുത്തരമാണ് തന്റെ മകൾ ക്ലിൻ കാര എന്ന് രാം ചരൺ പറയുന്നു. എല്ലാത്തിനും ഉചിതമായ സമയമുണ്ടെന്നും ഈ പതിനൊന്ന് വർഷത്തിനിടെ, ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് തന്റെ ഭാര്യ ഉപാസന തെളിയിച്ചെന്നും രാം ചരൺ പറയുന്നു. രാം ചരൺ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശ്രുതി ഹാസൻ ഉൾപ്പടെ നിരവധി സുഹൃത്തുക്കളാണ് ഉപാസനയ്ക്കും കുഞ്ഞിനും ആശംസയുമായി എത്തുന്നത്.

രാം ചരണും ഉപാസനയും മാതാപിതാക്കളായ നിമിഷങ്ങളും അവരുടെ കുടുംബാംഗങ്ങളുടെ വൈകാരികപ്രതികരണങ്ങളും ഉൾപ്പെടുന്ന മനോഹരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഉപാസന ഗർഭിണിയായ വിവരം കുടുംബാംഗങ്ങളെ അറിയിക്കുന്ന നിമിഷത്തിലാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് രാം ചരണിന്റെയും ഉപാസനയുടെയും ഒൻപതു മാസത്തെ കാത്തിരിപ്പിന്റെ വൈകാരിക നിമിഷങ്ങളിലേക്കാണ് വിഡിയോ ആരാധകരെ കൊണ്ടുപോകുന്നത്. ഒൻപത് മാസം ഒരു ഇളം കാറ്റായിരുന്നുവെന്നും ഇപ്പോഴാണ് യഥാർഥ ഗെയിം ആരംഭിച്ചതെന്നും ഉപാസന പറയുന്നു. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം കുഞ്ഞുണ്ടായതിനെപ്പറ്റിയും രാം ചരൺ വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. ‘‘ഒരുപാട് ആളുകൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് സമ്മർദ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. നിങ്ങൾ എന്തിനാണ് ഇനിയും കാത്തിരിക്കുന്നത് എന്നായിരുന്നു ചോദ്യം എന്നാൽ എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നാണ് എന്റെ ഉത്തരം.’’– രാം ചരൺ പറയുന്നു. ‘‘ഈ പതിനൊന്നു വർഷം കൊണ്ട് ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് ഉപാസന എനിക്കു കാട്ടിത്തന്നു’’ രാം ചരൺ ഉപാസനയെ അഭിനന്ദിച്ചുകൊണ്ട് പറയുന്നു.

വിഡിയോയിൽ ഉപാസനയും തന്റെ ഹൃദയം തുറക്കുന്നുണ്ട്. ‘‘അമ്മയായതോടെ ഞാൻ പൂർണത നേടി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സമ്മർദ്ദവുമില്ലാതെ കഠിനാധ്വാനത്തിലൂടെ അവൾ സ്വന്തം യശസ്സുയർത്തണം എന്നാണ് എന്റെ ആഗ്രഹം’’ നവജാതശിശുവിന്റെ പേരിടൽ ചടങ്ങിൽ മകളെക്കുറിച്ചുള്ള സ്വപ്നം ഉപാസന പങ്കുവച്ചത് ഇങ്ങനെയാണ്.

‘‘പ്രിയപ്പെട്ട ഉപ്‌സിക്ക് ജന്മദിനാശംസകൾ. ഒപ്പം ഏറ്റവും പ്രിയപ്പെട്ട കാരയ്ക്ക് ഒരു മാസം പൂർത്തിയാക്കിയതിന് ആശംസകൾ നേരുന്നു. നീയാണ് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം രാം ചരൺ കുറിച്ചു. ‘‘ഉപാസനയ്ക്ക് ജന്മദിനാശംസകൾ, മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും സ്നേഹവും.’’ ശ്രുതി ഹാസൻ കുറിച്ചു.

ജൂൺ 20 നാണ് ക്ലിൻ കാര ജനിച്ചത്. രാം ചരണിന്റെ മാതാപിതാക്കളായ ചിരംജീവിയും സുരേഖയും ഉപാസനയുടെ മാതാപിതാക്കളായ അനിൽ കാമിനേനിയും ശോഭനയും ചേർന്നാണ് കുഞ്ഞിന് ക്ലിൻ കാര എന്ന പേരിട്ടത്. ‘‘ക്ലിൻ‌ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്. ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’’ ചിരംജീവി ട്വിറ്ററിൽ കുറിച്ചു. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന. 2012 ജൂൺ 14നായിരുന്നു ഉപാസനയുടെയും രാംചരണിന്റെയും വിവാഹം. അപ്പോളോ ആശുപത്രി വൈസ് ചെയർപഴ്‌സൻ കൂടിയാണ് ഉപാസന.

Articles You May Like

x