‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്, അതുകൊണ്ട് ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം’; മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എട്ടാമത്തെ പുരസ്‌കാരമാണ് നടൻ മമ്മൂട്ടി സ്വന്തമാക്കിയത്. യുവതാരങ്ങളോട് ഏറ്റുമുട്ടി വീണ്ടും മികച്ച നടനായെങ്കിലും താരം അതിന്റെ സന്തോഷം എവിടെയും പങ്കുവെച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി എവിടെയും പ്രതികരിക്കാത്തത് എന്ന നിരാശയിലാണ് ആരാധകർ. ഇപ്പോഴിതാ ടി സിദ്ദിഖ് എംഎൽഎ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക,’ എന്നാണ് ടി സിദ്ദിഖ് കുറിച്ചത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ മമ്മൂട്ടി കോ‌ട്ടയം തിരുനക്കര മൈതാനത്ത് എത്തിയിരുന്നു.

നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2009ൽ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിനാണ് ഇതിന് മുമ്പ് അവാർഡ് കിട്ടിയത്.

മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദനം അറിയിച്ചെത്തിയിരുന്നു. ‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും,’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. നൻപകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്നലെ മമ്മൂട്ടിയെ വീട്ടിൽ പോയി കണ്ടിരുന്നു.

Articles You May Like

x