സിനിമയാണ് അച്ഛൻ്റെ മരുന്ന്, ഫിസിയോ തെറാപ്പി ചെയ്യണമെന്ന് പറഞ്ഞാലൊന്നും അച്ഛൻ ചെയ്യില്ല, ബെെപ്പാസ് സർജറിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു ഷൂട്ടിംഗ്; ശ്രീനിവാസൻ്റെ തിരിച്ചുവരവിനെ കുറിച്ച് വിനീത്

മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന മക്കളായ വിനീതിനും ധ്യാനിനും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനായി. അഭിനയം, പിന്നണി ​ഗാനം, സംവിധാനം തുടങ്ങി പല മേഖലകളിൽ ശ്രദ്ധിക്കപ്പെടാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. മറുവശത്ത് ധ്യാൻ അഭിനയ രം​ഗത്ത് സജീവമാണ്. ലൗവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം ധ്യാൻ സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമകളേക്കാളും അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ ശ്രദ്ധ പിടിച്ച് പറ്റിയത്.

ഏറെനാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരിച്ച് വരുന്ന സിനിമയാണ് കുറുക്കൻ. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു ഇക്കഴിഞ്ഞ നാളുകളിൽ ശ്രീനിവാസൻ. മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസൻ കുറക്കൻ എന്ന സിനിമയിൽ അഭിനയിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറുക്കനിലൂടെ പഴയ ശ്രീനിവാസനെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

കുറുക്കൻ എന്ന സിനിമയെക്കുറിച്ചും അച്ഛന്റെ തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസനിപ്പോൾ. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും സിനിമയാണ് അച്ഛന്റെ ഏറ്റവും വലിയ മരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഉള്ളിന്റെയുള്ളിൽ അച്ഛന് സിനിമ ചെയ്യണം എന്ന് ആ​ഗ്രഹമുണ്ട്. അസുഖം വന്ന് വീട്ടിലിരിക്കാൻ ആ​ഗ്രഹിക്കുന്ന ആളല്ല അച്ഛൻ. ജോലി ചെയ്ത് കൊണ്ടിരിക്കാൻ ഇഷ്ടമുള്ള ആളാണ്. ഫിസിയോ തെറാപ്പി ചെയ്യണമെന്ന് പറഞ്ഞാലൊന്നും അച്ഛൻ ചെയ്യില്ല. പക്ഷെ സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചെയ്യും. അങ്ങനെയേ അച്ഛനെ തിരിച്ച് കൊണ്ട് വരാൻ പറ്റൂ. കുറുക്കൻ എന്ന സിനിമയിൽ അഭിനയിക്കേണ്ടത് കൊണ്ടാണ് ചികിത്സയ്ക്ക് നിൽക്കുന്നത്. സിനിമയാണ് അച്ഛന്റെ മെഡിസിനെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. അച്ഛൻ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് ഈ സിനിമ വരുന്നത്. ആ സമയം അച്ഛന് വളരെ പ്രധാനമായിരുന്നു. ബെെപ്പാസ് സർജറിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ഒരു ഘട്ടത്തിൽ ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴേക്കും തീരെ വയ്യാതായി. അങ്ങനെ ഷൂട്ടിം​ഗ് നവംബറിലേക്ക് മാറ്റാൻ ആലോചിച്ചു. സഹതാരങ്ങളെല്ലാം സമ്മതിച്ചു. അച്ഛനെപ്പോഴാണോ ശരിയാകുന്നത് അപ്പോൾ ചെയ്യാം എന്ന് എല്ലാവരും പറഞ്ഞെന്നും വിനീത് ഓർത്തു.

ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് സിനിമ നടന്നത്. ലൊക്കേഷനുകൾ തെരഞ്ഞെടുത്തത് പോലും വീടിന്റെ അടുത്തുള്ള സ്ഥലങ്ങൾ നോക്കിയാണെന്നും വിനീത് ചൂണ്ടിക്കാട്ടി. നടൻ ഷൈൻ ടോം ചാക്കോയും കുറുക്കനിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. നടനോടൊപ്പമുള്ള അനുഭവങ്ങളും വിനീത് ശ്രീനിവാസൻ പങ്കുവെച്ചു. ഷൈൻ വന്നാൽ സെറ്റിൽ രസമാണ്. ഷൈൻ അത്ര അ​ഗ്രസീവ് ആയ ആളല്ല.

പുറത്ത് നിന്ന് നോക്കുമ്പോൾ അങ്ങനെ തോന്നുന്നു എന്നേയുള്ളൂ. ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചാപ്പാക്കുരിശ്, ട്രാഫിക് എന്നീ സിനിമകളിൽ ഷൈൻ അസോസിയേറ്റ് ആയിരുന്നു. ഞങ്ങൾ തമ്മിൽ ആ പഴയ സൗഹൃദമുണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
നവാ​ഗതനായ ജയലാൽ ദിവാകരനാണ് കുറുക്കൻ സംവിധാനം ചെയ്തത്. ജൂലെെ 27 ന് സിനിമ റിലീസ് ചെയ്യും. ശ്രീനിവാസനും വിനീത് ശ്രീനിവാസനും പുറമെ സുധീർ കരമന മാളവിക മേനോൻ, അൻസിബ, ​ഗൗരി നന്ദ തുടങ്ങിയവരും കുറുക്കനിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഫൺ ഇൻവെസ്റ്റി​ഗേഷൻ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Articles You May Like

x