“രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു” ; മോഹൻലാലിന് കുറിയ്ക്ക് കൊള്ളും മറുപടി കൊടുത്ത് ശ്രീനിവാസൻ

മലയാളസിനിമയിലെ എക്കലത്തെയും സൂപ്പർഹിറ്റ് ജോഡികളാണ് മോഹൻലാലും, ശ്രീനിവാസനും. പ്രേക്ഷകർക്കിടയിൽ ഒരുകാലത്ത് ഇത്രയേറേ സ്വീകാര്യത ലഭിച്ച മറ്റൊരു ജോഡികളിലെന്ന് തന്നെ വിശേഷിപ്പിക്കാം. നാടോടിക്കാറ്റ്, മിഥുനം, ചന്ദ്രലേഖ, തുടങ്ങി  ഇന്നും മനസിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങൾ. സിനിമയ്ക്ക് അകത്തും, പുറത്തും ആത്മസുഹൃത്തുക്കളായിരുന്ന ഇരുവരും ഇടയ്ക്ക് വ്യക്തിപരമായ ചില കാരണങ്ങളാൽ പിണങ്ങി കഴിയുകയായിരുന്നു. ഈയിടെ നടന്ന മഴവില്‍ മനോരമ നടത്തിയ അമ്മയുടെ ഷോയില്‍ വച്ച് മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒരുമിക്കുകയായിരുന്നു. ഇരുവരുടെയും കൂടിച്ചേരലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ‘മഴവില്‍ മനോര എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്’ ഷോയിലെ ഷോയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച നിമിഷം. ‘അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍’ എന്ന അംഗീകാരം നൽകിയാണ് ശ്രീനിവാസനെ ആദരിച്ചത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നായിരുന്നു ശ്രീനിവാസന് പുരസ്‌കാരം സമ്മാനിച്ചത്. മലയാളിസിനിമ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടിലെ മൂന്ന് പേരും ഒരുമിച്ചെത്തിയ മനോഹര നിമിഷമായിരുന്നു അത്. ശ്രീനിവാസന്റെ രചനയും, സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും, മോഹന്‍ലാലിന്റെ അഭിനയവും സമ്മാനിച്ച മറക്കാത്ത ഓര്‍മ്മകളിലൂടെ ഒരു നിമിഷം ഏതൊരു മലയാളിയും അപ്പോള്‍ കടന്ന് പോയിട്ടുണ്ടാകും.

എല്ലാവരും സ്നേഹത്തോടെ എഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു സദസ് ശ്രീനിവാസനെ സ്വീകരിച്ചത്. വേദിയിലേയ്ക്ക് കയറി വന്ന ശ്രീനിവാസനെ മോഹന്‍ലാല്‍ സ്വീകരിച്ചത് സ്‌നേഹ ചുംബനം നല്‍കിയാണ്. പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റി വച്ച് എത്തിയതിന് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് നർമ്മം കലർത്തികൊണ്ട് രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസന്‍ മറുപടിയും നൽകി. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലിനേയും, ശ്രീനിവാസനേയും ഒരുവേദിയില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും ഒരുപോലെയായിരുന്നു “ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്ക് കേള്‍ക്കാനാകും”. ‘പവിഴമല്ലി വീണ്ടും പുത്തുലയും’ മലയാളിയ്ക്ക് ദാസനേയും, വിജയനേയും സമ്മാനിച്ച സംവിധായകൻ സത്യന്‍ അന്തിക്കാടിൻറെ വാക്കുകളായിരുന്നു ഇങ്ങനെ.

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വന്‍ കലാപരിപാടികളായിരുന്നു ഷോയില്‍ അരങ്ങേറിയത്. മഞ്ജു വാര്യര്‍, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ അശോകന്‍ എന്നിവർ പാട്ടുകളുമായെത്തി. മനോജ് കെ ജയന്‍, ജഗദീഷ്, അശോകന്‍, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നും പാട്ടുകള്‍ പാടി. താരങ്ങളുടെ സ്‌കിറ്റുകളും ഡാന്‍സുകളുമൊക്കെയായി ഗംഭീര ആഘോഷരാവായിരുന്നു.

ഒരു കാലഘട്ടത്തില്‍ മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കോംമ്പോയിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ വിജയമായിരുന്നു. നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാള്‍ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേല്‍പ്പ്, ടി.പി ബാല?ഗോപാലന്‍ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാള്‍ വരും, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവ അവയില്‍ ചുരുക്കം മാത്രം. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ അനശ്വര കലാകാരനാണ് സത്യൻ അന്തിക്കാട്. 2010ല്‍ പുറത്തിറങ്ങിയ ‘ഒരു നാള്‍ വരും’ എന്ന സിനിമയിലാണ് മോഹന്‍ലാലും, ശ്രീനിവാസനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Articles You May Like

x