ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല; ആഗ്രഹിച്ച് എടുത്ത ഒരു കോടിയുടെ വണ്ടി തല്ലി പൊളിച്ചു അതും ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്

പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില ജനങ്ങളില്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പെട്രോളിന് ഇന്നലെ 109. 63 രൂപയും ഡീസലിന് 103.52 രൂപയുമാണ് കേരളത്തില്‍ വില. 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നതായിരുന്നു 2014ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. അന്ന് 70 രൂപയ്ക്ക് കിട്ടിയിരുന്ന പെട്രോളാണ് ഇപ്പോള്‍ 109 രൂപയ്ക്ക് മേല്‍ വില്‍ക്കുന്നത്. ഡീസല്‍ വില 100 കടന്നത് 57ല്‍ നിന്നാണ്. 10 മാസത്തിനിടെ ലിറ്ററിന് 20 രൂപ വീതമാണ് കൂട്ടിയത്. ജിഎസ്ടി ബാധകമായ പാചകവാതകത്തിന്റെ വില കൂടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ആഗോളവിപണിയാണ് എണ്ണവില നിയന്ത്രിക്കുന്നതെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും വാദങ്ങളുണ്ട്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയും സെസ്സും നിരന്തരം വര്‍ധിപ്പിക്കുന്നത് പല മേഖലകളിലും മാന്ദ്യം സൃഷ്ടിക്കുകയാണ്. ചരക്കുകടത്തുകൂലിയിലെ വര്‍ധന കാരണം എല്ലാ നിത്യോപയോഗ സാധനത്തിനും വില ഉയര്‍ന്നുകൊണ്ടിരിക്കയാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ചയും വ്യവസായ മാന്ദ്യവും കാരണം തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം നടത്തി. സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ്ജ് പ്രതികരിക്കുകയുണ്ടായി. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്നും രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വില വര്‍ധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവര്‍ധിപ്പിക്കുന്നതില്‍ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാല്‍ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയെ ഉള്‍പ്പെടെ നടന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒരു കോടിയോളം വില വരുന്ന ഇദ്ദേഹത്തിന്റെ വാഹനമായ റേഞ്ച് റോവര്‍ ഡിഫന്ററിന്റെ പുറകിലെ ചില്ല് തകര്‍ക്കുകയുമുണ്ടായി. ജോജു മദ്യപിച്ചിരുന്നെന്നും സമരം മനപൂര്‍വം അലങ്കോലപ്പെടുത്താനാണ് നടന്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു. സംഭവത്തിന് പിന്നാലെ നടനെ സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ട്പോയി.

അതേയമയം താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്നാണല്ലോ അവര്‍ ആരോപിക്കുന്നത്, ഇപ്പോള്‍ ആശുപത്രിയിലേയ്ക്ക് പോകുകയാണെന്നും ചെയ്ത കാര്യത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ഒരു പാര്‍ട്ടിക്കും എതിരില്ലെന്നും കയ്യില്‍ പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്നും ജോജു വ്യക്തമാക്കിരുന്നു. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്

Articles You May Like

x