‘ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്, മുന്നോട്ട് പോകാനാകില്ല’; ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു

ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേർപിരിയുന്നു. രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇവർ വിവാഹമോചിതരാകുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വേർപിരിയലിനെ കുറിച്ച് പ്രവീണ്‍ നാഥ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ വ്യക്തമാക്കി.

പ്രവീണ്‍ നാഥും റിഷാന ഐഷുവും ഏറെ ജനശ്രദ്ധ നേടിയ വ്യക്തികളാണ്. സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും പ്രണയവും ജീവിതവും വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇവർ വിവാഹിതരായത്. പാലക്കാട് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു.

‘ചില വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് പരസ്പരം മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു. ആയതിനാല്‍ ഇനി ഇതിനെ ചൊല്ലി ഞങ്ങള്‍ക്ക് ട്രോമ നല്‍കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. അവള്‍ അവളുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എൻ്റെ ജീവിതവും മുന്‍പോട്ട് കൊണ്ടുപോകുന്നു. സ്‌നേഹിച്ച്, സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’-പ്രവീണ്‍ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ ബോഡി ബില്‍ഡറാണ്. മിസ്റ്റര്‍ കേരളയുമായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മിസ് മലബാര്‍ പട്ടം സ്വന്തമാക്കിയ റിഷാന 2018-ലെ മിസ് കാലിക്കറ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

Articles You May Like

x