പ്രവീൺ റിഷാനയിൽ നിന്ന് നേരിട്ടത് അതിക്രൂരമായ പീഡനം; നിയമപരമായി മുന്നോട്ടുപോകുമെന്ന് സഹയാത്രിക

കഴിഞ്ഞ ദിവസമാണ് ട്രാൻസ്മാനും ബോഡി ബിൽഡറും ആയ പ്രവീൺ ആത്മഹത്യ ചെയ്തത്. പ്രവീണിന്റെ മരണത്തോട് അനുബന്ധിച്ച് റിഷാനക്കെതിരെ ഗുരുതര ആരോപണവുമായി പ്രവീണിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ റിഷാനയിൽ നിന്നും പലതരത്തിലുള്ള മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പ്രവീൺ നേരിട്ടിട്ടുണ്ടെന്ന് ട്രാൻസ്ജെൻഡഴ്സിന്റെ സംഘടനയായ സഹയാത്രിക ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മരണത്തിൽ സഹയാത്രികയും പ്രവീണിന്റെ കുടുംബവും നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇതേ വിഷയത്തിൽ സംഘടന പുറത്ത് ഇറക്കിയ ആദ്യ പ്രസ്താവനയിലെ വിവരങ്ങൾ കമ്മ്യൂണിറ്റിയിലെ മറ്റ് ആളുകൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം എന്ന കാരണം കൊണ്ട് എഡിറ്റ് ചെയ്ത് വീണ്ടും റീപോസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ രണ്ടിന് ഐഷു കസേര കൊണ്ട് പ്രവീണിന്റെ തലയ്ക്ക് അടിക്കുകയുണ്ടായതിനെ തുടർന്ന് തലയ്ക്ക് രണ്ട് സ്റ്റിച്ചും കൂടാതെ കൈയ്ക്ക് സാരമായ പരിക്കും പ്രവീണിന് സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറിനോട് പ്രവീൺ പറഞ്ഞത് അപകടം സംഭവിച്ചതാണ് എന്നായിരുന്നു. പിന്നീട് ഏപ്രിൽ പത്തിന് റിശാന പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിക്കുന്ന സാഹചര്യവും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീൺ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തി ആവശ്യമായ ചികിത്സ നേടി.

പ്രവീൺ ഏപ്രിൽ പത്തിനും ഏപ്രിൽ രണ്ടിനും തനിക്ക് സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദമായി പറയുകയും അവ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപ്പെട്ടപ്പോൾ പ്രവീൺ റിശാനക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിക്കുകയായിരുന്നു. ശേഷം ഏപ്രിൽ 20ന് രാത്രി പ്രവീണിന് റിഷാനയിൽ നിന്ന് പലതരത്തിലുള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വരികയുണ്ടായി. കത്തികൊണ്ട് മുറിപ്പെടുത്തൽ, ബന്ധനസ്ഥനാക്കൽ, ശ്വാസംമുട്ടിക്കാൻ ശ്രമിക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ്‌മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്ത് അത് സോഷ്യൽ മീഡിയയിൽ പങ്കിടുമെന്ന ഭീഷണി എന്നിങ്ങനെ പലതും അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നു എന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരണത്തിൽ സഹയാത്രികയും പ്രവീണിന്റെ കുടുംബവും നിയമപരമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Articles You May Like

x