പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിൽ തലച്ചോറിന് പരിക്കേറ്റ ഷഫീഖിനെ ഓർമ്മയില്ലേ?ഏഴു കൊല്ലം മുമ്പായിരുന്നു സംഭവം നടന്നത്

റു വയസിനിടെ ഒരു ആയുസിന്റെ മുഴുവന്‍ ദുരിതങ്ങളും ഏറ്റുവാങ്ങിയ കുട്ടിയായിരുന്നു ഷഫീഖ്. കുമളില്‍ പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി തലച്ചോറിനും കൈക്കും ഗുരുതരമായ പരിക്കേറ്റ് കിടന്ന ഷഫീഖിനെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. ഒരു നാട് മുഴുവനും ഈ കുഞ്ഞിന് വേണ്ടി പ്രര്‍ത്ഥനയിലായിരുന്നു. ഇപ്പോഴിതാ മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ് ഷഫീഖിനെ കണ്ട സന്തോഷം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ സഹിതമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഷഫീഖിന്റെ ചികിത്സയും മറ്റും പൂര്‍ണ്ണമായും ഏറ്റെടുത്ത് ഇന്നും അവനെ പൊന്നുപോലെ നോക്കുന്നത് തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജാണെന്നും തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമെന്തെന്നാല്‍ അന്നു തൊട്ട് ഷഫീഖിന്റെ എല്ലാ കാര്യങ്ങളും നോക്കി പരിചരിക്കുന്നത് രാഗിണിയായിരുന്നുവെന്നും ഫിറോസ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശഫീഖിനെ ഓര്‍മ്മയില്ലേ നിങ്ങള്‍ക്ക്.? ഇന്നലെ വൈകാരികമായൊരു കൂടിക്കാഴ്ച്ചക്ക് അവസരമുണ്ടായി.പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി തലച്ചോറിനും കൈക്കും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ഷഫീഖിനെ ഓര്‍മ്മയില്ലേ നിങ്ങള്‍ക്ക്. ഏഴു കൊല്ലം മുമ്പായിരുന്നു സംഭവം. അവന്റെ ചികിത്സയും മറ്റും പൂര്‍ണ്ണമായും ഏറ്റെടുത്ത് ഇന്നും അവനെ പൊന്നുപോലെ നോക്കുന്നത് തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജാണ്. അവനിപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനായിട്ടില്ല. ഫിസിയോ തെറാപ്പിയും വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഇടക്കിടക്കുള്ള ചികിത്സയുമുണ്ട്.

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമെന്തെന്നാല്‍ അന്നു തൊട്ട് ഷഫീഖിന്റെ എല്ലാ കാര്യങ്ങളും നോക്കി പരിചരിക്കുന്നത് രാഗിണിയെന്ന സഹോദരിയാണ്. ഷഫീഖിന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു അവനുവേണ്ട സ്‌നേഹവും കരുതലും നല്‍കി ഒരുദിവസം പോലും വിട്ടൊഴിയാതെ സ്വന്തം കുഞ്ഞിനെപ്പോലെ അവനെ ലാളിക്കുന്ന രാഗിണിയെ പ്രശംസിക്കാന്‍ വാക്കുകള്‍ പോലും അപര്യാപ്തമാണ്. അവരുടെ ഈ കാവല്‍ സ്‌നേഹത്തിന് വിലയിടാന്‍ കഴിയില്ല.

ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മൂസഹാജിയും മകന്‍ മിജാസും കുടുംബവും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് അവനെ സ്‌നേഹിക്കുന്നത്. അതുകൊണ്ട് തന്നെ വെറും ഷഫീഖ് എന്ന് വിളിക്കുന്നത് അവനിഷ്ടമില്ല. പകരം ‘അല്‍-അസ്ഹര്‍ ഷഫീഖ്’ എന്ന് വിളിക്കണമെന്ന് അവന്‍ വാശിയോടെ ആവശ്യപ്പെടും. ഒരുപാട് സമ്മാനങ്ങളുമായാണ് ഷഫീഖിനെ കാണാന്‍ ചെന്നത്. സന്തോഷത്തോടെ അവന്‍ സംസാരിക്കുകയും ചെയ്തു. അവ്യക്തമായ അവന്റെ വാക്കുകള്‍ കൃത്യമാക്കിത്തന്നത് ഓരോ അനക്കത്തിന്റെയും ഉദ്ദേശ്യം വ്യക്തമായറിയുന്ന രാഗിണി തന്നെയാണ്.ഷഫീഖ് പൂര്‍ണ ആരോഗ്യവാനായി ഉയരങ്ങളിലെത്തും. കാരണം, അവനെ പൊതിഞ്ഞു നില്‍ക്കുന്ന സ്‌നേഹങ്ങള്‍ അത്രത്തോളം സത്യവും തെളിഞ്ഞതുമാണ്.

Articles You May Like

x