കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവതിയെ കൊന്ന് ആതിരപ്പിള്ളി വനത്തിൽ തള്ളി; സുഹൃത്തായ പ്രതി ഇൻസ്റ്റാഗ്രാമിലെ റീൽസ് താരം

തൃശ്ശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിൻ്റെ ഭാര്യ ആതിര(26)യെയാണ് തുമ്പൂർമുഴി വനത്തിൽ കൊലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഒരുമിച്ച് ജോലിചെയ്തിരുന്ന ആതിരയും അഖിലും സൗഹൃദത്തിലായിരുന്നുവെന്നും ആതിരയിൽനിന്ന് അഖിൽ നേരത്തെ വാങ്ങിയ സ്വർണാഭരണങ്ങളും പണവും തിരികെ ചോദിച്ചതാണ് ദാരുണ കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം.

പ്രതിയായ അഖിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ‘അഖിയേട്ടൻ’ എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി റീൽസ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്. ഇടുക്കി സ്വദേശിയായ അഖിൽ, ഭാര്യയ്‌ക്കൊപ്പം അങ്കമാലിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് വിവരം.

ഭർത്താവും രണ്ടുകുട്ടികളുമുള്ള ആതിര കുടുംബശ്രീ ഉൾപ്പെടെയുള്ള നാട്ടിലെ കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. ആതിരയും അഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച മുതൽ ആതിരയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ ഇവരെല്ലാം ആശങ്കയിലായിരുന്നു. ഇതിനിടെയാണ് ആതിര കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്തയറിഞ്ഞത്.

ഏപ്രിൽ 29-ാം തീയതിയാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടിൽനിന്ന് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവിലെ ഭർത്താവ് സനൽ തന്നെയാണ് ആതിരയെ കാലടി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടിൽ തിരിച്ചെത്താതായതോടെ ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി. തുടർന്ന് കാലടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആതിരയും അഖിലും തമ്മിലുള്ള സൗഹൃദം കണ്ടെത്തിയത്.

ആതിരയുടെ മൊബൈൽഫോൺ വിളികളുടെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് അന്വേഷണം അഖിലിലേക്ക് എത്തിയത്. ഞായറാഴ്ച അഖിലിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ശനിയാഴ്ച ആതിരയെ കണ്ടിട്ടില്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. അന്നേ ദിവസം ഇയാളെ വിട്ടയച്ചെങ്കിലും പോലീസ് അഖിലിനെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെ ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. ആതിരയെ അഖിൽ കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തുടർന്ന് വീണ്ടും ചോദ്യം ചെയ്തതോടെ ആതിരയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയതാണെന്ന് അഖിൽ വെളിപ്പെടുത്തുകയായിരുന്നു.

Articles You May Like

x