എന്നെ കെട്ടാൻ ആരെങ്കിലും വരുമോ അമ്മാ!, അതിന് നിനക്കെന്താ പെണ്ണേ കുറവ്? കണ്ണുനീർ ഒളിപ്പിച്ചു മെറ്റിയമ്മ അന്ന് പറഞ്ഞു വൈറൽ ദമ്പതികളുടെ ഹൃദയം തൊടുന്ന കഥ

ശരീരത്തിൽ ചെറിയൊരു പാടോ, മുറിവോ വന്നു കഴിഞ്ഞാൽ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, മറ്റുള്ളവർ എന്തു പറയുമെന്ന ധാരണയിൽ ലോകത്തെ തന്നെ വില കൂടിയ കോസ്‌മറ്റിക്സ് സാധനങ്ങളുടേയും, പ്ലാസ്റ്റിക് സർജറിയുടെയും നൂതന സംവിധാനങ്ങളെക്കുറിച്ച് തേടി പോകുന്നവരാണ് നമ്മളിൽ പലരും, എന്നാൽ അത്തരം ക്ളീഷേ പ്രവൃത്തികളെയും, ധാരണകളെയും പാടെ തിരുത്തികുറിക്കുകയാണ് ‘അമൃത പൈ’ എന്ന ഇരുപത്ത മൂന്ന് വയസുകാരി പെൺകുട്ടി. ഉറച്ച ആത്മവിശ്വാസം കൊണ്ടും, പതറാത്ത പോരാട്ട വീര്യം കൊണ്ടും തല ഉയർത്തി അവൾ പറയും ”താൻ ഒറ്റയ്ക്കല്ല.”

കാലം മുന്നോട്ട് കടന്നു പോകുമ്പോൾ ഇന്നലകളിലെ പൊള്ളുന്ന അനുഭവങ്ങളെക്കുറിച്ച് വരാന്തയിൽ ഇരുന്ന് അമൃത പതിയെ ഓർത്തു പോകും. ഇടയ്‌ക്കൊക്കെ ആ കണ്ണുകൾ നിറയുന്നതും, ആശ്വാസത്തിൻ്റെ നെടുവീർപ്പ് ഇടുന്നതും അരികിലിരിക്കുന്ന ഏതൊരാൾക്കും കാണാനും, കേൾക്കാനും കഴിയും. അമൃത അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. പരീക്ഷ നടക്കുന്ന സമയം. പതിവ് പോലെ അവൾ സ്കൂൾ വിട്ട്  അമ്മ ജോലി ചെയ്യുന്ന തയ്യൽ കടയിലേയ്ക്കാണ് അവൾ പോയതാണ്. ‘മോൾ വീട്ടിൽ പോയിരുന്ന് പഠിച്ചോളൂ’ എന്ന അമ്മയുടെ മറുപടിയ്ക്ക് പിന്നാലെ അവൾ വീട്ടിലേയ്ക്ക് പോയി.

പഴയ രീതിയിലുള്ള ഒരു കൂട്ടുകുടുംബമായിരുന്നു അമൃതയുടേത്. അംഗ സംഖ്യ കൂടുതൽ ഉണ്ടെന്നാല്ലാതെ വീട്ടിൽ സൗകര്യം വളരെ കുറവായിരുന്നു. സ്ഥിരമായിരുന്ന് പഠിക്കുന്ന ആ കുഞ്ഞു ഒറ്റ മുറിയിലേയ്ക്ക് അവൾ പോയി.  പുസ്തങ്ങൾ നിവർത്തിവെച്ച് പഠിക്കുന്നതിനിടയിൽ പരസ്പരം അടുപ്പിച്ചിട്ട രണ്ട് കട്ടിലുകൾക്കിടയിലേയ്ക്ക് അവളുടെ പുസ്തകം പോയി. മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നിട്ടും കട്ടിലിന് അടി വശത്തായി കുടുങ്ങി കിടക്കുന്ന പുസ്‌തകം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നുമറിയാത്ത ആ പ്രായത്തിൽ അടുക്കളയിൽ പോയി മണ്ണെണ്ണ വിളക്കുമായി അവൾ വന്ന് പുസ്തകം എടുത്ത് പോവുന്നതിനിടയിൽ തലകറക്കം വരുന്നതും, ഇറയത്ത് വീഴുന്നതും ഒരുമിച്ചായിരുന്നു. പിന്നീട് സംഭവിച്ചതെന്നും അവൾക്കറിയില്ല. അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന അമൃതയുടെ ഷോളിലേയ്ക്കാണ് ആദ്യം മണ്ണെണ്ണ വിളക്കിലെ തീ ആളി പടർന്ന് കയറിയത്. തൊണ്ടപൊട്ടുമാറ് ഉറക്കത്തിൽ അവൾ അലറി കരഞ്ഞു. അപ്പോഴേക്കും മുഖത്തിൻ്റെ പല ഭാഗങ്ങളായിലേയ്ക്കും തീ നാളങ്ങൾ ആളി പടർന്നിരുന്നു.

കരച്ചിലിൻ്റെ ശക്തികൊണ്ടാവണം അയൽവാസികളും, അച്ഛൻ്റെ സഹോദരിമാരും വന്ന് അവളെ രക്ഷപ്പെടുത്തിയപ്പോഴേക്കും പകുതിയിൽ അധികവും പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. തീപൊള്ളൽ എൽക്കുന്ന സമയത്ത് അമൃത ധരിച്ചിരുന്നത് കല്ലുകൾ പതിപ്പിച്ച ഷോൾ ആയിരുന്നു. കല്ലുകൾ തീയോടൊപ്പം അവളുടെ ശരീരത്തിലേയ്ക്ക് പറ്റി പിടിച്ചത് അടർത്തി മാറ്റുമ്പോൾ, ശരീരത്തിലെ പച്ച ഇറച്ചി അതിനോടൊപ്പം ഇളകി പോകുന്നത് കണ്ട് അമ്മേയെന്ന് നിസഹായതയോടെ അലറി വിളിക്കുവാനെ ആ പത്തു വയസുകാരി പെൺകുട്ടിയ്ക്ക് കഴിയുമായിരുന്നുള്ളു. നീണ്ട ആശുപത്രി വാസവും, വർഷങ്ങളോളമുള്ള പ്ലാസ്റ്റിക് സർജറിയും അവളെ വല്ലാതെ തളർത്തി. നാൽപത് ശതമാനത്തിലധികം പൊള്ളലേറ്റ താൻ പഴയ അവസ്ഥയിലേയ്ക്ക് എത്തില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷ അവൾ കൈവിടാതെ മുറുകെ പിടിച്ചു കൊണ്ടേയിരുന്നു.

എല്ലാം പതിയെ മറവിയ്ക്ക് വിട്ട് കൊടുത്ത് സ്കൂളിലേയ്ക്ക് പോകാൻ തുടങ്ങി. അവിടെയും അവളെ കാത്ത് നിന്നത് അവഗണനയുടെയും, ഭീതിയുടെയും ദിനങ്ങളായിരുന്നു. കുട്ടികൾക്ക് അവളൊരു കാഴ്ച വസ്തുവായി മാറുകയായിരുന്നു, വികൃതമായി പോയ തൻ്റെ ശരീരത്തെ നോക്കി അവർ ഭയപ്പെടാൻ തുടങ്ങി. എന്തു പറ്റി ? ഇനി ഇത് ശരിയാകുമോ ? തുടങ്ങിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ ആ പിഞ്ചു മനസ് പതറുന്നത് കണ്ടിട്ടാവണം. സ്കൂളിൽ ഇനി മുതൽ ഒരു പിരീഡ് ഇരുന്നാൽ മതിയെന്നും, ബാക്കി പാഠഭാഗങ്ങൾ അധ്യാപകർ വീട്ടിൽ വന്ന് പഠിപ്പിക്കാമെന്നും, നോട്ട്സ് എല്ലാം കൂട്ടുകാർ എഴുതി താരമെന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത്. അങ്ങനെ വീണ്ടും വീട്ടിൽ ഒറ്റപെടലിൻ്റെ നാളുകളായി. കൈകളുടെ  ചലനങ്ങളും വല്ലാതെ ബുദ്ധിമുട്ടിയ തനിയ്ക്ക് ഫിസിയോ തൊറാപ്പിസ്റ്റ് അതിനൊരു പരിഹാരം നിർദേശിച്ചത് ഷട്ടിൽ കളിക്കാനായിരുന്നു. അങ്ങനെ പതിയെ ഷട്ടിലിലും, മറ്റ് സ്‌പോർട്സ് ഇനങ്ങളിലും അവൾ പങ്കാളിയായി. സംസ്ഥാന തലത്തിൽ വരെ വാശിയോടെ പൊരുതി എത്തി. തന്നെ വേദനിപ്പിച്ച അതെ വിധി ഇങ്ങനെയാണ് തന്നെ സമാധാനിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി.

തോറ്റുകൊടുക്കാൻ മനസില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അവിടം മുതൽ അമൃതയുടെ ജീവിതത്തിൽ. ഹൈസ്‌കൂൾ കാലഘട്ടത്തിലാണ് അമൃതയുടെ ജീവിതത്തിൽ വലിയ ട്വിസ്റ്റ് സംഭവിക്കുന്നത്. അമൃത പത്താം ക്ലാസിൽ പഠിക്കുമ്പോൾ അതെ സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ അവളുടെ ജീവിത പങ്കാളി അഖിലും ഉണ്ടായിരുന്നു. എന്നാൽ ഇരുവരും പരസ്‌പരം പഠനകാലത്ത് കണ്ടിരുന്നതേയില്ല. അപ്രതീക്ഷിതമായി ഫേസ്ബുക്കിലൂടെ ഇരുവരും സുഹൃത്തുക്കളാവുകയും, ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ചെയ്തു. ഒരു പ്രണയ ദിനത്തിൽ അഖിൽ തന്നെയാണ് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത്. അതിന് മുന്നേ തന്നെ പരസ്പരം പറയാതെ തങ്ങൾക്കിടയിലൂടെ പ്രണയം കടന്നു പോയെന്ന് ഒരു ചെറു ചിരിയോടെ അമൃത പറയുന്നു.

കുഞ്ഞു നാൾ മുതലേ മാതാപിതാക്കൾ മരിച്ചുപോയ അഖിലിന് വിവാഹ കാര്യത്തിൽ അഭിപ്രായം തേടേണ്ടിയിരുന്നത് തൻ്റെ ചേട്ടനോട് മാത്രമായിരുന്നു. ചേട്ടൻ അഖിലിൻ്റെ ഇഷ്ടത്തിനൊപ്പം നിന്നപ്പോൾ തങ്ങളുടെ മകളുടെ കുറവുകൾ മനസിലാക്കി അവളെ ഒരിക്കലും കരയിപ്പിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കാമെന്ന് അമൃതയുടെ അച്ഛനും, അമ്മയും പറഞ്ഞപ്പോൾ താൻ സ്നേഹിച്ചത് അവളുടെ ശരീരത്തെയല്ല, അവളുടെ മനസിനെയാണെന്ന അഖിലിൻ്റെ ഒരൊറ്റ മറുപടിയിൽ രണ്ടാമതൊന്ന് മറ്റാർക്കും ചിന്തിക്കേണ്ടി വന്നില്ല. ആളുകളോടും, ആരവങ്ങളോടും കൂടെ അഖിലിൻ്റെ പെണ്ണായി അമൃത മാറിയപ്പോൾ അമ്മ അന്ന് പറഞ്ഞ വാക്കുകൾ അമൃത ഒന്നുകൂടെ ഓർത്തെടുത്തു “നിനക്കൊരു ചെക്കനുണ്ടെങ്കിൽ എവിടെയായാലും വിധി അവനെ നിനക്ക് കൊണ്ടു തരും”.  

ഈ കഴിഞ്ഞ നവംബറിൽ അമൃത അങ്ങനെ അഖിലിന് സ്വന്തമായി. പരാതി , പരിഭവങ്ങളില്ലാതെ സന്തോഷ പൂർവ്വം ഇരുവരും ജീവിക്കുമ്പോൾ സ്പോർട് സ് സർട്ടിഫിക്കറ്റുകളും, നേട്ടങ്ങളും വെച്ച്  സ്പോർസ് കോട്ടയിൽ ഒരു ജോലി കിട്ടണമെന്നതാണ് അമൃതയുടെ ആഗ്രഹം, നിലവിൽ ഒരു സ്പോർട്സ് ഷോപ്പിൽ ജോലി ചെയ്യുകയാണ് അമൃത. അഖിൽ ഒരു സ്വകാര്യ ബാങ്കിൽ ലീഗൽ ഡിപ്പാർട്മെന്റിൽ ജോലിയ്ക്ക് ശ്രമിക്കുന്നു. ഹാപ്പിയാണ് ഞങ്ങൾ അമൃത തൻ്റെ വാക്കുകൾ ചുരുക്കി.

Articles You May Like

x