മദ്യലഹരിയിൽ കുഴഞ്ഞു വീണതെന്ന്‌ കരുതി നാട്ടുകാരും പോലീസും തിരിഞ്ഞു നോക്കിയില്ല; റോഡരികിൽ ഹൃദ്രോഗിയായ യുവാവിന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

എറണാകുളത്ത് റോഡരികിൽ അവശ നിലയിൽ വീണ ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം. മരട് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. നെട്ടൂർ പുതിയാമഠം റോഡ് അടിമത്തറയിൽ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് സ്റ്റേഷന്റെ മതിലിന് പുറത്ത് അവശനിലയിൽ സുരേഷ് വീണു. ആരും തന്നെ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. മദ്യപിച്ച് ബോധം നഷ്ടമായതാവാമെന്ന ദാരണയിൽ പോലീസും നാട്ടുകാരും ഒരുപോലെ അവഗണിച്ചു.

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിക്കുന്ന സ്ഥലത്ത് പോയതിന് ശേഷം സുരേഷ് ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. മരട് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഇയാൾ മദ്യപിച്ചു കിടക്കുകയായിരിക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ഏറെ നേരത്തിന് ശേഷം മരട് സ്റ്റേഷനിലെ പോലീസെത്തി ഇയാളെ പരിശോധിക്കുമ്പോൾ മല-മൂത്രവിസർജ്ജനത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. പിന്നാലെ ജീപ്പിൽ കയറ്റി മരടിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Articles You May Like

x