ഇന്ന് മോളുടെ പിറന്നാളാണ്, അവളിന്ന് ചാരമായി അവിടെ കിടക്കുന്നു, ഞങ്ങൾക്കിനി ആരാണ് ആശ്രയമായുള്ളത്; ആൻസൻ്റെ ബൈക്ക് അഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ, കണ്ണീര് തോരാതെ കുടുംബം

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ. പിറന്നാൾ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം നമിതയുടെ ചേതനയറ്റ ശരീരം എത്തിയത്. നമിത തങ്ങളുടെ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഈ കുടുംബത്തിന് സാധിച്ചിട്ടില്ല.

‘ഇന്ന് മോളുടെ പിറന്നാളാണ്, അവളിന്ന് ചാരമായി ദേ അവിടെക്കിടക്കുകയാണ്. ഞങ്ങൾക്കിനി ആരാണ് ആശ്രയമായുള്ളത്? എന്ത് ചെയ്യണം എന്നറിയാൻ പാടില്ല. ഇനി ഒരുകുട്ടിയോടും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവന് എന്ത് ശിക്ഷകൊടുക്കാൻ പറ്റുമോ അത്രയും വലിയ ശിക്ഷകൊടുക്കണം. കുറച്ചുനാളുകൊണ്ടുപോയി ജയിലിൽ ഇട്ടിട്ട് പുറത്തിറക്കി വിട്ടാൽ പറ്റില്ല. അവന്റെ കൈകൊണ്ട് ഇനിയൊരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാത്ത രീതിയിൽ ശിക്ഷകൊടുക്കണം’, അമ്മ ഗിരിജ പറഞ്ഞു.

‘പരീക്ഷ കഴിഞ്ഞാൽ വീട്ടിലേക്ക് വരുന്ന സമയം അറിയിക്കാൻ മകൾ വിളിക്കുമായിരുന്നു. എന്നാൽ, ആക്‌സിഡന്റ് നടന്ന ദിവസം നാലുമണിയും നാലരയും കഴിഞ്ഞിട്ടും മകൾ വിളിച്ചില്ല. പിന്നീട് ഏറെക്കഴിഞ്ഞ് കോളേജ് പ്രിൻസിപ്പാളാണ് വിളിച്ച് അപകടമുണ്ടായ വിവരം പറഞ്ഞത്. പെട്ടെന്ന് വരണം എന്നദ്ദേഹം പറഞ്ഞു. ആദ്യമൊന്ന് പകച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നതിന് മുമ്പ് പ്രിൻസിപ്പാൾ ഫോൺ കട്ടാക്കിയിരുന്നു. അപകടമെന്ന് പറഞ്ഞപ്പോൾ, ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് കരുതിയില്ല. ഉടൻ തന്നെ ബന്ധുവിനെ വിളിച്ച് ആശുപത്രയിലേക്ക് പോകണമെന്ന് പറഞ്ഞു’, അപകടം നടന്ന ദിവസത്തെ അച്ഛൻ രഘു ഓർത്തെടുത്തു.

ബി കോമിനു ശേഷം സിഎ പഠിക്കാൻ ആഗ്രഹിച്ചിരുന്നു നമിത. കുടുംബത്തിന് അവൾ താങ്ങായി മാറും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും. അതേസമയം പ്രതിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൺ റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്.

ആൻസെന്റെ ലൈസൻസും ആർ സിയും റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാർ ഇല്ലെന്നും മോട്ടോർ വാഹന വകുപ്പിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗത തന്നെയാണ് നമിതയുടെ ജീവനെടുത്തത് എന്ന് ഇതോടെ വ്യക്തമാവുകയാണ്.

 

Articles You May Like

x