കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി, രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല, നാടിനെയാകെ നടുക്കത്തിലാക്കി കാശിനാഥനെ കണ്ടെത്തിയത് സമീപത്തെ വെള്ളം നിറഞ്ഞ കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ വീടിനു സമീപത്തെ വെള്ളം നിറഞ്ഞ കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം
പരിപ്രന്തരാവുകയും വ്യാപകമായി തെരച്ചിൽ നടത്തുകയും ചെയ്തു.

രാത്രി ഒൻപതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ നിലയിൽ കാശിനാഥനെ കണ്ടെത്തുന്നത്. കുഴിയ്ക്ക് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടർന്നുള്ള തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കല്ലുവെട്ടിയെടുത്തുണ്ടായ കുഴിയിൽ പത്തടിയിലേറെ വെള്ളമുണ്ടായിരുന്നു. മണാശേരി യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് കാശിനാഥൻ. അച്ഛൻ സുനിൽകുമാർ ഓട്ടോത്തൊഴിലാളിയാണ്. സിന്ധുവാണ് അമ്മ. ഒരു സഹോദരിയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുണ്ടായ ദുരന്തം നാടിനെയാകെ നടുക്കത്തിലാക്കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

 

Articles You May Like

x