ഏഴു മാസത്തിനുള്ളില്‍ മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികൾക്ക്, ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടി ടി സിന്ധു മോണിക്ക

എല്ലാ കുഞ്ഞുങ്ങളുടെയും ജന്മാവകാശമാണ് മുലപ്പാല്‍. ഈ അമൂല്യ പോഷകാഹാരത്തിൽ കുഞ്ഞിനു വേണ്ട എല്ലാ രോഗപ്രതിരോധ ശക്തിയും അടങ്ങിയിട്ടുണ്ട്. ശിശുവിൻ്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും മുലയൂട്ടല്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് മുലപ്പാൽ നൽകേണ്ടത് നിർബന്ധമാണ്. എന്നാല്‍ പലപ്പോഴും പല കുഞ്ഞുങ്ങള്‍ക്കും അമ്മയുടെ പാല്‍ നുണയാനുള്ള ഭാഗ്യമുണ്ടാകാറില്ല. അതിന് പല കാരണങ്ങളുണ്ടാകാം.

എന്നാല്‍ അത്തരം കുഞ്ഞുങ്ങളുടെ ‘അമ്മ’യായി മാറുകയാണ് തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ ടി.സിന്ധു മോണിക്ക. ഏഴു മാസത്തിനുള്ളില്‍ അവര്‍ മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്കാണ്. 2021 ജൂലായ്ക്കും 2022 ഏപ്രിലിനും ഇടയില്‍ 42000 ml മുലപ്പാലാണ് സിന്ധു തമിഴ്നാട് സര്‍ക്കാരിന്റെ എന്‍ഐസിയു ലേക്ക് നല്‍കിയത്. ഇതോടെ സിന്ധു ഏഷ്യന്‍, ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോഡ്സിലും ഇടം നേടി.

ഒന്നര വയസുള്ള ഒരു പെണ്‍കുഞ്ഞിൻ്റെ അമ്മ കൂടിയാണ് സിന്ധു. വെണ്‍പ എന്നാണ് മകളുടെ പേര്. മകളെ മുലയൂട്ടിക്കഴിഞ്ഞാല്‍ മുലപ്പാല്‍ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. ‘മകള്‍ക്ക് രണ്ടര മാസം ആയപ്പോഴാണ് ഇത്തരത്തില്‍ മുലപ്പാല്‍ നല്‍കാം എന്നത് ഞാന്‍ അറിഞ്ഞത്. ഇതോടെ എന്‍ജിഒ ആയ അമൃതത്തെ സമീപിക്കുകയായിരുന്നു. അവിടേയുള്ള രൂപ സെല്‍വനായകി എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. എങ്ങനെ പാല്‍ എടുക്കണമെന്നും എവിടെ സൂക്ഷിക്കണം എന്നതെല്ലാം പഠിച്ചെടുത്തു. മകള്‍ക്ക് നൂറു ദിവസം പൂര്‍ത്തിയായത് മുതല്‍ മുലപ്പാല്‍ കൊടുക്കാന്‍ തുടങ്ങി. ഇപ്പോഴും അത് തുടരുന്നു.’ സിന്ധു മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

‘ബ്രെസ്റ്റ് മില്‍ക്ക് പമ്പ് ഉപയോഗിച്ച് പാല് ശേഖരിക്കും. അതിനുശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കും. അമൃതം എന്‍ജിഒയിലെ അംഗങ്ങള്‍ ഓരോ മാസാവസാനവും വീട്ടിലെത്തി പാല്‍ കൊണ്ടുപോകും. എന്നിട്ട് കോയമ്പത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെ എന്‍ഐസിയു ഡിപാര്‍ട്മെന്റില്‍ എത്തിക്കും.’ സിന്ധു പറയുന്നു.

പ്രസവവും പാല് കൊടുക്കലുമായെല്ലാം ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും ഞങ്ങളുടെ നാട്ടിലുമുണ്ട്. ഞാന്‍ പാല് പിഴിഞ്ഞെടുത്ത് മറ്റു കുട്ടികള്‍ക്ക് കൊടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. സ്വന്തം കുഞ്ഞിന് കൊടുക്കാന്‍ ഇനി പാലുണ്ടാകില്ല എന്ന് പറഞ്ഞവര്‍ വരേയുണ്ട്. പക്ഷേ അതൊന്നും ഞാന്‍ കണക്കിലെടുത്തില്ല. ഭര്‍ത്താവ് മഹേശ്വരനും അച്ഛന്‍ തിരുനവക്കരസുവും അമ്മ ഗുരുമണിയുമെല്ലാം എനിക്ക് പിന്തുണ തന്നു. ഭര്‍ത്താവിൻ്റെ മാതാപിതാക്കളായ തങ്കസാമിയും തങ്കക്കനിയും എൻ്റെ കൂടെ നിന്നു. അതുകൊണ്ട് മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ എനിക്ക് വേഗത്തില്‍ തള്ളാന്‍ കഴിഞ്ഞു. സിന്ധു കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഭര്‍ത്താവ് മഹേശ്വരന്‍. തന്നെ എല്ലാ കാര്യത്തിലും സഹായിച്ചത് ഭര്‍ത്താവാണെന്നും അദ്ദേഹമാണ് തന്റെ നട്ടെല്ലെന്നും സിന്ധു പറയുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ സിന്ധു വളര്‍ന്നതും പഠിച്ചതുമെല്ലാം കോയമ്പത്തൂരിലാണ്.

Articles You May Like

x